Site icon Janayugom Online

മതനിരപേക്ഷ പതാകയെ ആഗോളതലത്തില്‍ അപമാനിക്കുമ്പോള്‍

ര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി ആത്മഹൂതി ചെയ്യണമെന്ന അപരിഷ്കൃതകാല വ്യവസ്ഥയ്ക്കെതിരെ പടപൊരുതിയ നവോത്ഥാന പോരാളിയായിരുന്നു രാജാറാം മോഹന്‍ റായ്. ‘സ്വാതന്ത്ര്യത്തിലേക്കു നയിച്ച ആചാര്യന്മാര്‍’ എന്ന ഗ്രന്ഥത്തിലെ ‘നവോത്ഥാന പ്രസ്ഥാനങ്ങള്‍’ എന്ന അധ്യായത്തില്‍ രാജാറാമിന്റെ പ്രസ്താവമായി ഇങ്ങനെ രേഖപ്പെടുത്തുന്നു. എല്ലാ മതങ്ങളിലെയും അനുകരണീയമായ വശങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പുതിയ മതം സ്ഥാപിക്കുവാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. എല്ലാ മതങ്ങള്‍ക്കും പൊതുവായ ആത്മീയവും ധാര്‍മ്മികവുമായ ഒരു വശം ഉണ്ട്. ‘സര്‍വലൗകീക മതം’ എന്ന തന്റെ ചെറു ഗ്രന്ഥത്തില്‍ ഇക്കാര്യം സ്പഷ്ടമാക്കുന്നുമുണ്ട്.
ഒരേയൊരു ദൈവം തന്നെയാണ് എല്ലാ മതങ്ങളുടെയും സര്‍വസാമാന്യവശം എന്ന സിദ്ധാന്തമാണ് രാജാറാം മോഹന്‍ റായ് മുന്നോട്ടുവച്ചത്. റാം മോഹന്റെ ദര്‍ശനത്തിലെ (മതദര്‍ശനത്തിലെ) കാതലായ അംശം ദൈവത്വത്തിന്റെ ഏകതയും മനുഷ്യത്വത്തിന്റെ സാഹോദര്യവുമാണ്.


ഇതുകൂടി വായിക്കൂ:  മഹാകവി അക്കിത്തവും വിമതസ്വരങ്ങളും


ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ഉയര്‍ത്തിയ, ദേവന്ദ്രനാഥ് ടാഗൂര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നില്‍ നിന്നു നയിച്ച ദേശീയ പുരോഗമന നവോത്ഥാന ചിന്തകള്‍ ഇന്ത്യയെ പുതിയ വെളിച്ചത്തിലേക്ക് ആനയിച്ചു. ദൈവത്വത്തിന്റെ ഏകതയും മനുഷ്യത്വത്തിന്റെ സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച മണ്ണിലാണ് ഇന്ന് മതവിദ്വേഷത്തിന്റെയും മതവൈരത്തിന്റെയും അധമ പാഠങ്ങളുടെ വിത്തുകള്‍ വിതയ്ക്കുന്നത്.
ഇന്ന് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്ക് അപമാനിതമായി ശിരസു കുമ്പിട്ടു നില്ക്കേണ്ടിവന്നിരിക്കുന്നു. മതനിരപേക്ഷ പക്ഷം എന്നുമെന്നുമുയര്‍ത്തിപ്പിടിച്ച ഇന്ത്യയുടെ മണ്ണില്‍ നിന്ന് സംഘ്പരിവാര ഫാസിസ്റ്റ് വക്താക്കള്‍ ഇസ്‌ലാം പ്രവാചകനെതിരെ പ്രസ്താവനകള്‍ നടത്തുന്നു. ഖുര്‍ആന്‍ മുന്നോട്ടുവച്ച സമത്വ രാഷ്ട്രീയ സാമൂഹ്യ ജീവിതം സമര്‍ത്ഥിച്ച മുഹമ്മദ് നബിയെ അവഹേളിക്കുകയും ഖുര്‍ആന്‍ നല്കുന്ന മഹനീയ സന്ദേശങ്ങളെ നിന്ദിക്കുകയുമാണ് സംഘ്പരിവാര്‍ ശക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് എല്ലാ കാലത്തെയും സംഘ്പരിവാര മുഖമുദ്രയാണ്. ഇരട്ടമുഖവും ഇരട്ട നാവും സംഘ്പരിവാര അജണ്ടകളുടെ മുഖമുദ്രയാണ്.
നൂപുര്‍ ശര്‍മ്മ, നവീന്‍ ജിന്‍ഡാല്‍ എന്നീ ബിജെപി വക്താക്കള്‍ നടത്തിയ വിദ്വേഷ പ്രസ്താവനകള്‍ അറേബ്യന്‍ രാജ്യങ്ങളെയാകെ പ്രകോപിപ്പിച്ചു. ആ രാഷ്ട്രങ്ങള്‍ അവരുടെ പ്രതിഷേധവും നിഷേധത്വവും വിളിച്ചറിയിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: തിരിച്ചടിയായി മാറുന്ന വിദ്വേഷ രാഷ്ട്രീയം


ഇന്ത്യ എന്നുമെന്നും മതനിരപേക്ഷ പതാക ഉയര്‍ത്തിപ്പിടിച്ച ഉത്തമ രാഷ്ട്രമാണ്. ആ ഉത്തമത്വത്തെ ഇല്ലായ്മ ചെയ്യുകയാണ് വര്‍ഗീയ – ഫാസിസ്റ്റ് ശക്തികളും ഭരണകൂടവും. ഗ്യാന്‍വാപി മസ്ജിദിനെയും താജ്മഹല്‍, കുത്തബ് മിനാര്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളെയും വിവാദ സ്ഥാനത്തെത്തിച്ചിരിക്കുന്നു. വീണ്ടും ആരാധനാ കേന്ദ്രങ്ങളുടെയും മറ്റും പേരിലുള്ള കലാപങ്ങളാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് വ്യക്തം. എന്തുവന്നാലും ഇന്ത്യ മുന്നോട്ട് എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഈശ്വര്‍ അള്ളാ തേരാ നാം എന്ന് ആവര്‍ത്തിച്ച് ആലപിച്ച ഗാന്ധിജിയുടെയും യുഗം അസ്തമിക്കുമ്പോള്‍ ഇന്ത്യ അധിക്ഷേപിക്കപ്പെടുന്ന, ഖുര്‍ആനും ബൈബിളും രാമായണവും മഹാഭാരതവും അവഹേളിക്കപ്പെടുന്ന കാലമാണ്. മഹാ പ്രവാചകനും ആദ്യ സോഷ്യലിസ്റ്റ് ആശയക്കാരനായ സമത്വലോകം സ്വപ്നം കണ്ട യേശുക്രിസ്തുവും മാ നിഷാദ! എന്ന് പാടിയ വാല്‌മീകിയും വേദങ്ങളെ നാലായി പകുത്തെടുത്ത വേദവ്യാസനുമുള്ള ദാര്‍ശനിക ലോകത്ത് മതമൗലികവാദികള്‍ അഴിഞ്ഞാടുമ്പോള്‍ സമഗ്ര ജീവിത ദര്‍ശനത്തെ മുന്‍നിര്‍ത്തി പ്രതിരോധിക്കുകതന്നെ വേണം.

Exit mobile version