മീൻ പിടിക്കാൻ പോയ യുവാവിനെ വടകര കോട്ടപ്പള്ളി കനാലിൽ കാണാതായി. ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് ആണ് കനാലിൽ വീണത്. കരയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ കനാലിലെ ആഴമേറിയ ഭാഗത്താണ് വീണതെന്നാണ് നാട്ടുകാർ പറയുന്നത്. കോട്ടപ്പള്ളി കന്നി നട സൈഡ് കള്‍വര്‍ട്ടിനടുത്താണ് യുവാവിനെ കാണാതായത്. വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു.
പിടിച്ച മത്സ്യം കരയിൽ കണ്ടതിനെ തുടർന്നാണ് മീന്‍ പിടിക്കാന്‍ വന്നതാണെന്ന് മനസ്സിലായത്. യുവാവിനായി നാട്ടുകാരും പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലത്തെത്തി. വടകര നാദാപുരം ഫയർ യുണിറ്റുകൾ സ്ഥലത്തെത്തി. ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തിരിച്ചടിയാവുന്നുണ്ട്. അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു രണ്ടു മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്കൂബസംഘം എത്താൻ വീണ്ടും വൈകിയെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

