അഡാനി ഗ്രൂപ്പ് അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് കേന്ദ്രം. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ അഡാനിയെ സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ മോഡി ഭയപ്പെടുന്നതിന് പിന്നിൽ എന്തോ ഉണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. അഡാനിയുടെ മേലുള്ള ജെപിസിയെ എന്തിനാണ് മോഡി ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതിനുള്ള പ്രതികരണമായാണ് സര്‍ക്കാര്‍ വിശദീകരണം.
‘നിങ്ങൾ എന്തിനാണ് അഡനിയുടെ കാര്യത്തിലുള്ള ജെപിസിയെ ഭയക്കുന്നത്? നിങ്ങൾക്കല്ലേ പാർലമെന്റിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളത്. എന്നിട്ടും നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ അതിൽ എന്തോ കുഴപ്പമുണ്ട്’, വിജയ് ചൗകിൽ വച്ച് നടന്ന പ്രതിഷേധത്തിൽ ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. ‘അഡാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയെ വേട്ടയാടൽ ആരംഭിച്ചത്. ഭാരത് ജോഡോ യാത്രക്ക് ലഭിച്ച ജനപിന്തുണ കേന്ദ്ര സർക്കാറിനെ ഭയപ്പെടുത്തിയിട്ടുണ്ട്’, ഖാർഗെ പറഞ്ഞു.
അഡാനി-മോഡി ബന്ധത്തെക്കുറിച്ച് ചോദ്യമുന്നയിച്ചതിനാണ് തന്റെ ലോക്സഭാംഗത്വം റദ്ദാക്കിയതെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അഡാനിയുടെ ഷെൽ കമ്പനികൾക്ക് 20,000 കോടി രൂപ നൽകിയത് ആരാണെന്ന് രാഹുല്‍ ചോദിച്ചിരുന്നു. അഡാനിയും മോഡിയും തമ്മിലുള്ള ബന്ധത്തെയും രാഹുല്‍ ചോദ്യം ചെയ്തു. ഇതോടെയാണ് പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്ന നടപടി വേഗത്തിലാക്കിയത്. അഡാനി-മോഡി ബന്ധത്തെ പാര്‍ലമെന്റില്‍ നിരന്തരം ചോദ്യം ചെയ്തത് പ്രതിപക്ഷ‑ഭരണക്ഷി ബഹളത്തിനാണ് ഇടവരുത്തിയത്. അഡാനി-മോഡി ബന്ധം സമ്പന്ധിച്ച സംശയങ്ങളും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 150ബില്യൺ ഡോളറിൽ നിന്ന് അഡാനിയുടെ ആസ്തി 53 ബില്യൺ ഡോളറായി ചുരുങ്ങിയിരുന്നു. ഫോർബ്സിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 35 പേരുടെ പട്ടികയിൽ നിന്ന് അഡാനി പുറത്താക്കപ്പെടുന്നതും ഇതിന് പിന്നാലെയായിരുന്നു. 120 ബില്യൺ ഡോളറിന്റെ ഇടിവാണ് അഡാനി ഓഹരികൾക്ക് ഇതോടെയുണ്ടായത്.
English Sammury: wont publish the details related to adani group accounts says center