തിരുവനന്തപുരത്ത് ആര് മേയർ ആകും എന്നതിൽ തർക്കം തുടരുന്നു. നിലവിൽ കൗൺസിലറായ വി വി രാജേഷിന്റെ പേരാണ് കെ സുരേന്ദ്രൻ വിഭാഗം മുന്നോട്ട് വെക്കുന്നത്. എന്നാൽ രാജേഷിനെ വെട്ടാൻ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിഭാഗം നീക്കം ശക്തമാക്കി. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ മറ്റൊരാളെ മേയർ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരിനാണ് മുൻഗണന. കേരളത്തില്‍നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖയ്ക്ക് പൊലീസ് സേനയിലെ ഭരണപരമായ പരിചയം മുതല്‍ക്കൂട്ടാവുമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ. സംസ്ഥാന ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി കരമന അജിത്തിന്റെയും വി ജി ഗിരികുമാറിന്റെയും പേരുകളും ചർച്ചയിലുണ്ട്. മേയറും ഡെപ്യൂട്ടി മേയറും വനിതകളാകുന്നതിൽ ഭൂരിഭാഗത്തിനും എതിർപ്പുണ്ട്. ഡെപ്യൂട്ടി മേയറിൽ ജി എസ് മഞ്ജുവും സിമി ജ്യോതിഷുമാണ് പരിഗണനയിലുള്ളത്.

