പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പൗരന്മാരുടെ ദുരവസ്ഥയിലാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് കോടതി പറഞ്ഞു. പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ദേശീയപാത അതോറിട്ടിയും കരാര്‍ കമ്പനിയും അപ്പീല്‍ നല്‍കിയത്.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധിപറഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ ഗതാഗതം സുഗമാമാക്കാനുള്ള നടപടികൾ തുടരണമെന്നും കോടതി പറഞ്ഞു. ഇതിനോടകം നികുതി പണം നൽകിയിരിക്കുന്ന പൗരന്മാർക്ക് സഞ്ചാരസ്വാതന്ത്യമുണ്ട്. അതിനു കൂടുതൽ പണം നൽകേണ്ടതില്ല. കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡ് എന്നും സുപ്രീം കോടതി പറഞ്ഞു.

