Site iconSite icon Janayugom Online

പരക്കെ പൊട്ടിത്തെറി; ഉടുമ്പന്‍ചോലയിൽ ലീഗ് യുഡിഎഫുമായി ഇടഞ്ഞു, കോണ്‍ഗ്രസ്സിന് വെല്ലുവിളിയുയര്‍ത്തി ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥികള്‍

സീറ്റ് ചര്‍ച്ചയില്‍ ധാരണയാകാതെ വന്നതോടെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ മുന്നണി ബന്ധം ഉപേക്ഷിച്ചതായി ലീഗ് നേതാക്കള്‍.
ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തേയ്ക്ക് എത്തുമെന്ന് സൂചന. ദിവസങ്ങൾ നീണ്ട ചര്‍ച്ചയിലും തങ്ങളുടെ ആവശ്യത്തിന് കോണ്‍ഗ്രസ്സ് വഴങ്ങാതെ വന്നതോടെയാണ് മുന്നണിക്ക് വൻ വെല്ലുവിളി ഉയർത്തി കടുത്ത നിലപാടുമായി ലീഗ് മുമ്പോട്ട് പോകുന്നത്.
ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ മുസ്ലീം ലീഗ് കഴിഞ്ഞ തവണ മത്സരിച്ചത് നെടുങ്കണ്ടം പഞ്ചായത്തിലെ 16, 6 വാര്‍ഡുകളിലാണ്. കഴിഞ്ഞ തവണ ഇത് വനിതാ വാര്‍ഡുകളായിരുന്നു. എന്നാല്‍ ഇത്തവണ രണ്ട് വാര്‍ഡും ജനറലായി മാറി. ഇതോടെ രണ്ട് വാര്‍ഡും വിട്ടു നല്‍കില്ലെന്ന നിലപാടെടുത്തു കോണ്‍ഗ്രസ്. പിന്നീട് നടന്ന ചര്‍ച്ചകളില്‍ ഒരു വനിതാ വാര്‍ഡും ഒരു ജനറല്‍ വാര്‍ഡും എന്ന നിലയിലേയ്ക്ക് ധാരണയില്‍ എത്തി. ഇതോടൊപ്പം, രാജാക്കാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡും ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജാക്കാട്ടില്‍ ആവശ്യപ്പെട്ട വാര്‍ഡ് നല്‍കിയില്ലെന്ന് മാത്രമല്ല. കഴിഞ്ഞ തവണയുണ്ടായിരുന്ന രണ്ട് വാര്‍ഡുകളും കോണ്‍ഗ്രസ്സ് വിട്ടു നല്‍കാന്‍ തയ്യാറായില്ല. ഇതോടെ നിരവധി ചര്‍‍ച്ച നടത്തിയിട്ടും മുന്നണി മര്യാദകള്‍ പാലിക്കാതെ കോണ്‍ഗ്രസ്സ് നിലപാട് സ്വീകരിച്ചതോടെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ യു ഡി എഫുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാടിലേയ്ക്ക് ലീഗ് നേതൃത്വം എത്തുകയായിരുന്നു. 

കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡുകളില്‍ ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥികളേയും മത്സരിപ്പിക്കാനാണ് ലീഗ് തീരുമാനം. ഇതോടെ യുഡിഎഫിനുള്ളിലും ഇത് വിവാദമായി മാറി. കേരളാ കോണ്‍ഗ്രസ്സിനെ പരിഗണിക്കുകയും ലീഗിനെ പാടേ അവഗണിക്കുകയും ചെയ്യുന്ന നിലപാട് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മുന്നണി ബന്ധം വേണ്ടെന്ന നിലപാടെടുത്ത് ഒറ്റക്ക് മത്സരിക്കുകയെന്ന തീരുമാനവുമായി ലീഗ് മുമ്പോട്ട് പോകുന്നത്. ഉടുമ്പന്‍ചോലയില്‍ മാത്രമല്ല. ജില്ലയിലെ ദേവികുളമടക്കമുള്ള പല നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് — ലീഗ് പോര് തുടരുന്ന സ്ഥിതിയുണ്ട്. 

Exit mobile version