ജനവാസ കേന്ദ്രങ്ങൾ വിട്ടൊഴിയാതെ കാട്ടാനകൾ നാശം വിതയ്ക്കുന്നു, ജനങ്ങൾ കടുത്ത ഭീതിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട്, ചെമ്പൻകൊല്ലി തീക്കടിക്കുന്നിലും പോത്തുകൽ പഞ്ചായത്തിലെ ഉപ്പട ഗ്രാമത്തിലുമാണ് കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി വ്യാപക നാശം വിതയ്ക്കുകയും ജനങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുന്നതും. പാറേങ്ങൽ റിയാസ്, തേറമ്പൻ ബാവ, ശരീഫ് പുത്തലത്ത് എന്നിവരുടെ കൃഷിയിടങ്ങളിലും വീട്ടുവളപ്പിലുമാണ് ഒറ്റയാൻ വെള്ളിയാഴ്ച പുലർച്ചെ വ്യാപക നാശം വിതച്ചത്. വാഴ, തെങ്ങ്, കമുക്, പ്ലാവ് തുടങ്ങിയ വിളകളും കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച കമ്പി വേലിയും കാട്ടാന തകർത്തു.
മേഖലയിൽ കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്ല്യംമൂലം കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. കാഞ്ഞിരപ്പുഴ വനാതിർത്തിയിൽ അടിയന്തിരമായി ഫെൻസിംഗ് സ്ഥാപിച്ച് കർഷകരെയും കൃഷയും സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഉപ്പട ഗ്രാമത്തിൽ കഴിഞ്ഞ എാതാനും ദിവസങ്ങളായി ചാലിയാർ പുഴ കടന്നെത്തുന്ന കാട്ടാന ജനങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കൃഷിയിടങ്ങളിൽ വ്യാപക നാശമാണ് കാട്ടാന വരുത്തുന്നത്. ഇതിന് പുറമെ പൊന്നരിപ്പും മീൻപിടുത്തവുമായി ചാലിയാറിന്റെ തുരുത്തിൽ തമ്പടിച്ചിരിക്കുന്ന ആദിവാസികൾക്കും ആന ഭീഷണിയായി മാറിയിരിക്കുകയാണ്.

