കാട്ടാന ശല്യം പതിവായ അതിരപ്പിള്ളിയില്‍ പൊലീസ് സ്റ്റേഷനിലും കാട്ടാനയെത്തി. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സ്റ്റേഷനിലെത്തിയ കാട്ടാനയെ ജീപ്പിന്റെ സൈറൺ ഉപയോഗിച്ചാണ് പൊലീസ് തുരത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 10നാണ് കാട്ടാന സ്റ്റേഷന് മുന്നിലെത്തിയത്. വളപ്പിലെ തെങ്ങിൽ നിന്ന് പട്ട വലിച്ചു തിന്ന ശേഷവും സ്റ്റേഷന്റെ മുന്നിൽ തന്നെ ആന നിന്നതോടെ പൊലീസ് സൈറൺ മുഴക്കുകയായിരുന്നു. വനമേഖലയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യം പതിവാണ്.
അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ കാട്ടുകൊമ്പൻ കബാലിയുടെ ശല്യം പതിവാണ്. റോഡിലേക്ക് മരങ്ങൾമറിച്ചിട്ടും റോഡിൽ നിന്ന് തീറ്റയെടുത്തും ചിലസമയങ്ങളിൽ വാഹനങ്ങൾക്ക് നേരെ ചീറിയടുത്തുമാണ് കബാലി യാത്രക്കാരെ ഭീതിയിലാക്കുന്നത്. അടുത്തിടെ രോഗിയുമായി പോയ ആംബുലൻസ് കബാലി തടഞ്ഞിരുന്നു. റോഡിന് കുറുകെ പന കുത്തി മറച്ചിട്ട് തിന്നുകയായിരുന്ന കൊമ്പനെ, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചാണ് തുരത്തിയത്.