Site iconSite icon Janayugom Online

ഡല്‍ഹിയും മാറുമോ? പേര് മാറ്റണമെന്ന് കേന്ദ്രത്തിന് കത്തയച്ച് വിഎച്ച്പി

രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ പേരും മാറ്റണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. പുനര്‍നാമകരണം ആവശ്യപ്പെട്ട് അയച്ച കത്തില്‍ പുതിയ പേരും നിര്‍ദേശിച്ചു. ഡൽഹിയെ അതിന്റെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിക്കുന്നതിനായി ‘ഇന്ദ്രപ്രസ്ഥ’ എന്ന്  പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്കാണ് വിഎച്ച്പി സംസ്ഥാന ഘടകം കത്ത് അയച്ചത്.

ഇത് കൂടാതെ സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് അയച്ച കത്തിൽ  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദ്രപ്രസ്ഥ അന്താരാഷ്ട്ര വിമാനത്താവളം എന്നും ഡൽഹി റെയിൽവേ സ്റ്റേഷനുകളെ ഇന്ദ്രപ്രസ്ഥ റെയിൽവേ സ്റ്റേഷൻ എന്നും ഷാജഹാനാബാദ് വികസന ബോർഡിനെ ഇന്ദ്രപ്രസ്ഥ വികസന ബോർഡ് എന്നും പുനർനാമകരണം ചെയ്യണമെന്നും വിഎച്ച്പിയുടെ ഡൽഹി ഘടകം ആവശ്യപ്പെട്ടു . “ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണം, അങ്ങനെ തലസ്ഥാനത്തിന്റെ പേര് അതിന്റെ പുരാതന ചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെടുത്താൻ കഴിയും,” വിഎച്ച്പി ഡൽഹി പ്രാന്ത് സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത കത്തിൽ പറഞ്ഞു. ഡല്‍ഹി എന്ന് പറയുമ്പോള്‍ 2000 വര്‍ഷത്തെ പഴക്കം മാത്രമേ കാണാന്‍ കഴിയൂ എന്നും ഇന്ദ്രപ്രസ്ഥ എന്ന് പറയുമ്പോള്‍ 5000 വര്‍ഷത്തെ പഴക്കം മഹത്തായ ചരിത്രം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ വിക്രമാദിത്യ മഹാരാജാവിന്റെ പേരില്‍ സ്മാരകവും സ്കൂളും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഇവിടെ നടന്ന ‘ഇന്ദ്രപ്രസ്ഥ പുനർജാഗ്രൻ സങ്കൽപ് സഭ’ എന്ന പരിപാടിയിൽ പണ്ഡിതരും ചരിത്രകാരന്മാരും പൊതുജന പ്രതിനിധികളും നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചതെന്ന് ഗുപ്ത കത്തിൽ പറഞ്ഞു. പാണ്ഡവ കാലഘട്ടത്തിലെ ഹേമചന്ദ്ര വിക്രമാദിത്യന്റെയും ഇന്ദ്രപ്രസ്ഥത്തിന്റെയും ചരിത്രം ഡൽഹിയുടെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

 

Exit mobile version