Site icon Janayugom Online

എല്ലാം പഴയപടിയാകുന്നു: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചാല്‍ തടയില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

തലസ്ഥാനമായ കൊളംബൊയിലുള്‍പ്പെടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സമധാനപരമായി തുടരാനനുവദിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. കൊളംബൊയിലെ നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് വിക്രമസിംഗെ ഇക്കാര്യം അറിയിച്ചത്.
സമാധാനപരവും അക്രമരഹിതവുമായ പ്രതിഷേധം തുടരാന്‍ അനുവദിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സ്വത്തിനോ ജീവനോ അപകടമുണ്ടാക്കാതെ നഗരത്തിനുള്ളിൽ അഹിംസാത്മകമായ പ്രതിഷേധങ്ങൾ തുടരാൻ അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും നയതന്ത്രജ്ഞരുമായുള്ള ചര്‍ച്ചയില്‍ വിക്രമസിംഗെ വിശദീകരിച്ചു. സുരക്ഷാ സേനയെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുള്‍പ്പെടയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തരും അഭിഭാഷകരുമടക്കം 11 പേരെയാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. സെെനിക നടപടിക്കിടെ 50 ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
അതിനിടെ, 100 ദിവസത്തിനു ശേഷം പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു. പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ ഓഫിസുകളുടെയും വസതികളുടെയും സുരക്ഷയ്ക്കായി സായുധസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും തുറന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 7,000 മെട്രിക് ടൺ ഇന്ധനം വിതരണം ചെയ്യുമെന്ന് സിലോൺ പെട്രോളിയം കോർപ്പറേഷൻ (സിപിസി) അറിയിച്ചു. അടുത്ത 12 മാസത്തേക്ക് ഇന്ധന ഇറക്കുമതി നിയന്ത്രിക്കുമെന്ന് ഊര്‍ജ മന്ത്രി കാഞ്ചന വിജശേഖര പറഞ്ഞു. 

Eng­lish Sum­ma­ry: will not stop protest­ing against the gov­ern­ment says Sri­lankan President

You may like this video also

Exit mobile version