എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ്സ്(എം) എന്നും മുന്നണി മാറുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും എല്‍ഡിഎഫില്‍ പൂര്‍ണ തൃപ്തനാണെന്നും കേരള കോണ്‍ഗ്രസ്സ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുക തന്നെ ചെയ്യും. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച ഈ വാര്‍ത്ത സത്യവിരുദ്ധമാണ്. ഇതിന് പിന്നില്‍ കൃത്യമായ അജണ്ട ഉണ്ട്. തീര്‍ച്ചയായും അത് പരിശോധിക്കും. കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ സംബന്ധിച്ച് ഈ വാര്‍ത്ത പൂര്‍ണമായും വ്യാജമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായാല്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്സ്(എം) എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഇത് വാസ്തവ വിരുദ്ധമാണെന്ന് ജോസ് കെ മാണി തന്നെ പ്രതികരിച്ചിരിക്കുകയാണ്.