വിൻഗോ ആപ്പ് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു വലിയ എസ്എംഎസ് തട്ടിപ്പ് റാക്കറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സൈബർ കുറ്റകൃത്യ വിരുദ്ധ ഏജൻസിയായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററും ചേർന്നാണ് വിംഗോ ആപ്പിനെതിരെ നടപടി സ്വീകരിച്ചത്. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വലിയ തോതിലുള്ള എസ്എംഎസ് അധിഷ്‍ഠിത സൈബർ കുറ്റകൃത്യങ്ങൾ നടത്താൻ ഉപയോക്താക്കളുടെ ഫോണുകൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കുറഞ്ഞ കാലയളവിനുള്ളിൽ വേഗത്തിലുള്ള വരുമാനവും ഉയർന്ന വരുമാനവും വാഗ്‌ദാനം ചെയ്താണ് വിന്‍ഗോ ആപ്പ് ഉപയോക്താക്കളെ ആകർഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചെറിയ ജോലികൾ പൂർത്തിയാക്കുന്നതിനോ നിക്ഷേപങ്ങൾ നടത്തുന്നതിനോ എന്ന വ്യാജേന പണം നിക്ഷേപിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. അതിനുശേഷം ആപ്പ് ഷട്ട് ഡൗൺ ചെയ്യുകയോ ഉപയോക്തൃ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയോ ചെയ്യും.
നടപടിയുടെ ഭാഗമായി വിന്‍ഗോ ആപ്പുമായി ലിങ്ക് ചെയ്‌തിരിക്കുന്ന കമാൻഡ് ആന്റ് കൺട്രോൾ സെർവറുകൾ ജിയോ-ബ്ലോക്ക് ചെയ്‌തു. കൂടാതെ 1.53 ലക്ഷം സംയോജിത ഉപയോക്താക്കളുള്ള നാല് വിൻഗോ-ലിങ്ക് ചെയ്‌ത ടെലിഗ്രാം ചാനലുകളും ബ്ലോക്ക് ചെയ്‌തു. ഒപ്പം അഞ്ചില്‍ അധികം അനുബന്ധ വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്‌തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

