Site iconSite icon Janayugom Online

ശൈത്യകാലം കടുക്കുന്നു; ഇന്ത്യയിലേക്ക് പറന്നിറങ്ങി ആയിരക്കണക്കിന് ദേശാടന പക്ഷികള്‍

ശൈത്യകാലം കടുത്തതോടെ ലക്ഷകണക്കിന് ദേശാടന പക്ഷികള്‍ മധ്യപ്രദേശിലെ പന്നയിലുള്ള പവായ്വനമേഖലയിൽ എത്തിച്ചേർന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നും മധ്യേഷ്യയിൽ നിന്നുമാണ് ഈ പക്ഷികൾ പന്നയിലെ വനങ്ങളിലേക്ക് എത്തിയതെന്ന് അഘികൃതര്‍ വ്യക്തമാക്കി. യൂറേഷ്യൻ ഗ്രിഫൺ കഴുകൻ, ഹിമാലയൻ ഗ്രിഫൺ കഴുകൻ, പെയിന്‍ഡ് സ്റ്റോർക്കുകൾ, അപൂര്‍വ ഇനത്തിൽപ്പെട്ട കറുത്ത കൊക്കുകൾ എന്നിവയാണ് പനായിൽ എത്തിയ പ്രധാന ഇനങ്ങൾ. വനവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ പ്രകാരം, യൂറേഷ്യൻ ഗ്രിഫൺ കഴുകന്മാർ കസാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ മേഖലകളിൽ നിന്നാണ് ഇവിടേക്ക് പറന്നെത്തുന്നത്. അതേസമയം, ഹിമാലയൻ ഗ്രിഫൺ കഴുകന്മാരാകട്ടെ ഹിമാലയ പർവ്വതനിരകൾ, തിബറ്റ്, മധ്യ ചൈനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാണ് പന്നയിലെ പവായ് വനങ്ങളിലേക്ക് എത്തുന്നത്.

അടുത്ത മൂന്ന് മാസത്തോളം ഈ പക്ഷികൾ പവായ് വനമേഖലയിൽ തുടരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വംശനാശഭീഷണി നേരിടുന്ന കഴുകൻമാരുടെ വർദ്ധിച്ച സാന്നിധ്യം പരിസ്ഥിതിക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്. മേഖലയിലെ വനംവകുപ്പിന്റെ കൃത്യമായ സംരക്ഷണ പ്രവർത്തനങ്ങളാണ് ഇത്രയധികം പക്ഷികളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമായതെന്ന് സൗത്ത് പന്ന ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ അനുപം ശർമ്മ പറഞ്ഞു.

Exit mobile version