Site icon Janayugom Online

സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിച്ചു: മുഖ്യമന്ത്രി

ഓൺലൈൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂർവ്വം കഠിന പരിശ്രമം നടത്തിയതിനാലാണ് ഇത് സാധ്യമായത്. കോവിഡ് മഹാമാരിക്കാലത്ത് സ്കൂളുകള്‍ അടച്ചിടേണ്ട സാഹചര്യം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നായി. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തികൊണ്ട് ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് കേരളം ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിദ്യാലയങ്ങൾ അടച്ചിടുകയും അധ്യയനം മുടങ്ങുകയും ചെയ്യുന്ന സാഹചര്യം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രധാന പ്രതിസന്ധികളിൽ ഒന്നായിരുന്നു. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന നിശ്ചയദാർഢ്യത്തോടെ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് കേരളം ചെയ്തത്. അതിൻ്റെ ഫലമായി ഓൺലൈൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിച്ചു.

അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂർവ്വം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തു. ആ പ്രവർത്തനങ്ങൾക്ക് വിട്ടു വീഴ്ചയില്ലാത്ത നേതൃത്വം നൽകാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികൾ മറികടക്കാനും സർക്കാരിനു സാധിച്ചു. ഡിജിറ്റൽ ഡിവൈഡ് എന്ന പ്രധാന പ്രശ്നത്തെ മറികടക്കുന്നതിനായി വിദ്യാകിരണം പദ്ധതിയ്ക്ക് ജനകീയമായി തുടക്കം കുറിക്കാനായി. എല്ലാ ഘട്ടങ്ങളിലും പൂർണ പിന്തുണയുമായി പൊതുജനങ്ങളും സർക്കാരിനൊപ്പം നിലയുറപ്പിച്ചു.

ആ ഇച്ഛാശക്തിയുടേയും ഐക്യത്തിൻ്റേയും ഫലമായി രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. Annu­al Sta­tus of Edu­ca­tion Report (ASER) 2021 ആ നേട്ടത്തിനു അടിവരയിടുകയാണ്. ഈ സർവേ പ്രകാരം കോവിഡ് കാലത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ 91 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ സാധിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ 24.2 ശതമാനം കുട്ടികൾക്കാണ് ഓൺലൈൻ മാർഗം പഠനം സാധ്യമായത്. മിക്ക സംസ്ഥാനങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് കേരളം.

എങ്കിലും ഇനിയും ഇക്കാര്യത്തിൽ നമ്മൾ മുന്നേറേണ്ടതുണ്ട്. ഡിജിറ്റൽ ഡിവൈഡ് പരിപൂർണ്ണമായി പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ ഊർജ്ജസ്വലതയോടെ നടപ്പാക്കി വരികയാണ്. അധികം വൈകാതെ 100 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകുന്ന കാലം യാഥാർത്ഥ്യമാക്കണം. ആ ലക്ഷ്യത്തിനായി ഇതുവരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് ഒരുമിച്ച് നിൽക്കാം.

ENGLISH SUMMARY:  With the help of tech­nol­o­gy we have been able to take edu­ca­tion for­ward in a bet­ter way

You may also like this video

Exit mobile version