ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ഇയാൾ വേറെയും സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചതായി യാത്രക്കാർ പറഞ്ഞു. ആക്രമത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് യാതൊരു മുൻപരിചയവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്‌മെന്റിൽ മദ്യപിച്ച് കയറിയ വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ് ഓടുന്ന ട്രെയിനിൽനിന്ന് പെൺകുട്ടിയെ പുറത്തേക്ക് ചവിട്ടിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലാണ്. പിന്നാലെ പ്രതിയെ റെയിൽവേ പൊലീസ് കൊച്ചുവേളിയിൽനിന്ന് പിടികൂടി.
ഇന്നലെ രാത്രി 8.30 ഓടെയാണ് വർക്കല അകത്തുമുറിയിലാണ് സംഭവം നടന്നത്. ട്രെയിനിലെ ശുചിമുറിയിൽ പോയിവരികയായിരുന്ന പെൺകുട്ടികളെ ഒരു പ്രകോപനവുമില്ലാതെ തള്ളിയിടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന അർച്ചനയെയും ഇയാൾ ചവിട്ടിയിടാൻ ശ്രമിച്ചു. കമ്പാർട്ട്മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് അർച്ചനയെ രക്ഷപ്പെടുത്തിയത്.
ആലുവയിൽനിന്ന് ട്രെയിൻ കയറിയ പെൺകുട്ടികൾക്ക് പ്രതിയെ യാതൊരു മുൻപരിചയവുമില്ല. പെൺകുട്ടി ട്രാക്കിലേക്ക് വീഴുന്നതുകണ്ട് എതിർദിശയിൽവന്ന മെമുവിന്റെ ലോക്കോ പൈലറ്റ് ട്രെയിൻ ഉടൻ നിർത്തുകയായിരുന്നു. കുറ്റിക്കാട്ടിൽ വീണ പെൺകുട്ടിയെ മെമുവിലാണ് വർക്കല സ്റ്റേഷനിലെത്തിച്ചത്. അവിടെനിന്ന് പൊലീസ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിലേക്കുമാറ്റി.

