എറണാകുളം കോതമംഗലത്ത് ഓടുന്ന ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിലായി. മേതല സ്വദേശി ബിജു ആണ് ഊന്നുകൽ പൊലീസിന്റെ പിടിയിലായത്. അടിമാലിയിൽ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ജോലി ആവശ്യത്തിനായി അടിമാലിയിൽ നിന്ന് കോതമംഗലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ബസ് ഇരുമ്പ്പാലത്ത് എത്തിയപ്പോഴാണ് പ്രതിയായ ബിജു ബസിൽ കയറിയത്. യുവതിയുടെ സീറ്റിനടുത്ത് നിൽക്കുകയായിരുന്ന ഇയാൾ, ബസ് നേര്യമംഗലം ഭാഗത്തെത്തിയപ്പോഴാണ് അതിക്രമം നടത്തിയത്.
യുവതി ശക്തമായി പ്രതികരിച്ചതോടെ ഇയാൾ തട്ടിക്കയറുകയായിരുന്നു. ഉടൻതന്നെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ഇടപെട്ട് പ്രതിയെ പിടികൂടി ഊന്നുകൽ പൊലീസിൽ ഏൽപ്പിച്ചു. ബിജു മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വീടുകയറി ആക്രമിച്ചതടക്കം ബിജുവിനെതിരെ മൂവാറ്റുപുഴ, കുറുപ്പുംപടി പൊലീസ് സ്റ്റേഷനുകളിൽ മറ്റ് കേസുകളും നിലവിലുണ്ട്.

