കേരളത്തില്‍ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇത് മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു. കുടുംബശ്രീയുടെ 25-ാം വാർഷികത്തിന്റെ ഭാഗമായി സിഡിഎസ് അംഗങ്ങളായ അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനം, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ‘ഉന്നതി’ പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ചടങ്ങിൽ രാഷ്ട്രപതി നിർവഹിച്ചു.
സ്ത്രീകളുടെ ശാക്തീകരണത്തിന് കുടുംബശ്രീ ലോകത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി കുടുംബശ്രീ മാറി. രാജ്യത്തിന്റെ സമഗ്രവികസനത്തിനും ലോകത്ത് അതിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണ്. സ്ത്രീ സാക്ഷരതയിലുൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണ നിരക്ക് തടയുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണ് കേരളം കാഴ്ചവയ്ക്കുന്നത്. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ വികസനത്തിനായി ആരംഭിച്ച ‘ഉന്നതി’ പദ്ധതി യുവാക്കൾക്കിടയിൽ തൊഴിലിനും സ്വയംതൊഴിലിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. ഭവനനിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിൽ സംരംഭങ്ങളിലൂടെ സംസ്ഥാനം പട്ടികജാതി — പട്ടികവർഗക്കാരുടെ ക്ഷേമത്തിന് ഉയർന്ന മുൻഗണന നൽകുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സാങ്കേതിക, എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ ആദ്യ ബാച്ച് പ്രകാശനം ചെയ്യുന്നത് അഭിനന്ദനാർഹമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ ഭാഷകളിലൂടെ വിദ്യാഭ്യാസത്തിലേക്കുള്ള ഈ പുനഃക്രമീകരണം സ്വാഗതാർഹമായ മാറ്റമാണ്. സമീപഭാവിയിൽ പ്രൊഫഷണൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള യഥാര്‍ത്ഥ പുസ്തകങ്ങൾ മലയാളത്തിൽ എഴുതപ്പെടുമെന്ന് ഉറപ്പുണ്ട്. യുനെസ്‌കോയുടെ ആഗോള പഠനശൃംഖലയിലെ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ രണ്ടെണ്ണം തൃശൂരും നിലമ്പൂരുമാണ്. സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തോടു കേരളത്തിനുള്ള വ്യക്തമായ പ്രതിബദ്ധതയ്ക്ക് അനുസൃതമാണിതെന്നും രാഷ്ട്രപതി പറഞ്ഞു.
ഉന്നതി പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് രാഷ്ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരം ജില്ലയിൽനിന്നുള്ള കുട്ടിമാത്തൻ കാണിക്കു നൽകി. സംസ്ഥാന സർക്കാരിന്റെ ഉപഹാരം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്കു സമ്മാനിച്ചു. കുടുംബശ്രീയുടെ ഉപഹാരമായി വയനാട് ബഡ്സ് സ്‌കൂളിലെ മാസ്റ്റർ അജു വരച്ച ചിത്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷും തിരുവനന്തപുരം കോർപറേഷന്റെ ഉപഹാരം മേയർ ആര്യ രാജേന്ദ്രനും സമ്മാനിച്ചു. മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്,ഡിപ്ലോമ പുസ്തകങ്ങളുടെ ആദ്യ പ്രതി എഐസിടിഇ ചെയർമാൻ ഡോ. ടിജി സീതാറാം രാഷ്ട്രപതിക്കു സമ്മാനിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രി കെ രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വി കെ പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
English Summary;Women are educated and empowered; President praises Kerala
You may also like this video