Site iconSite icon Janayugom Online

രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല; പിന്നെ എന്താണ് മോഡിയുടെ നാരീശക്തി? വീണാ ജോർജ്

കഴിഞ്ഞ പത്ത് വർഷത്തെ നരേന്ദ്രമോഡിയുടെ ഭരണത്തിന്‍കീഴിൽ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ലായിരുന്നെന്ന് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി കങ്ങഴയിൽ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകൾ ക്രൂര പീഡനത്തിന് ഇരയായ മണിപ്പൂരിൽ അദ്ദേഹം അവർക്കായി എന്ത് ചെയ്തു? രാജ്യത്ത് ആത്മഹത്യ ചെയ്തതിൽ കൂടുതലും സ്ത്രീകർഷകരാണ്. ആശാവർക്കർമാർ, തൊഴിലുറപ്പുകാർ എന്നിവർക്കായി ഒന്നും ചെയ്യാൻ മോഡിക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും നാരീശക്തി എന്ന് പറയാൻ അദ്ദേഹത്തിന് ലജ്ജയുണ്ടോ എന്നും മന്ത്രി ചോദിച്ചു. രാജ്യത്ത് പത്തുവർഷംകൊണ്ട് തൊഴിലില്ലായ്മയും ദരിദ്രരുടെ എണ്ണവും വർദ്ധിച്ചു. രാജ്യത്ത് ഏറ്റവും മാതൃ-ശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനം കേരളമാണ്.

കേരളത്തോടുള്ള അവഗണന മൂലം ആരോഗ്യ മേഖലയ്ക്ക് അർഹതപ്പെട്ട ഒരു രൂപ പോലും നൽകാൻ കേന്ദ്രം തയ്യാറായില്ല. ഇതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയും. നിലപാട് ഇല്ലാത്തവരെ എന്തിനാണ് ലോക് സഭയിലേക്ക് അയക്കുന്നത്‌? വന്യജീവി സംരക്ഷണ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടു. പത്തനംതിട്ടയുടെ മുൻ എംപി ഇതിനായി ശബ്ദിച്ചില്ല. അദ്ദേഹം നാട്ടിലെ പ്രശ്നങ്ങൾ ഒന്നും 15 വർഷമായിട്ട് പാർലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. നമുക്ക് വേണ്ടി സംസാരിക്കുന്ന ആളാകണം നമ്മുടെ എംപി. മതേതരത്വമുള്ള ഒരു ഭരണം ഉണ്ടാകണമെന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. കിഫ്ബിലൂടെ പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് നാടാകെ ഹൃദയത്തിലേറ്റിയ വികസനമാണെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയാണ്. അതിന്‍പ്രകാരമാണ് സർവ്വേ നടത്തുന്നത്. ചാനലുകൾക്ക് ജനദ്രോഹ നിലപാടുകളാണ്. മാധ്യമങ്ങൾ സർവ്വേയിലൂടെ പരാജയപ്പെടുത്തിയവരെ ജനങ്ങൾ മന്ത്രിമാരും എംഎൽഎമാരുമാക്കിയെന്നും മന്ത്രി പറഞ്ഞു. വനിതാ സംഗമത്തില്‍ കെ.എൻ.ശാരദ അധ്യക്ഷത വഹിച്ചു. കെ.എസ്. റംലാബീഗം സ്വാഗതം പറഞ്ഞു. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സംസാരിച്ചു. ഹേമലത പ്രേംസാഗർ, വത്സലകുമാരി, കുഞ്ഞമ്മ, രഞ്ജിനി ബേബി, ലീലാമ്മ മത്തായി, ജയ സാജു, അഡ്വ.ജോയ്സ്.എം.ജോൺസൺ, പ്രീത ഓമനക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി. പൊൻകുന്നത്ത് നടന്ന സംഗമം സിനിമാ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. സതീ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മിനി സേതുനാഥ് സ്വാഗതം പറഞ്ഞു. അഡ്വ.ഗിരീഷ്.എസ്.നായർ, ടി.എൻ.ഗിരീഷ് കുമാർ, അഡ്വ.സി.ആർ.ശ്രീകുമാർ, മോളി ജോൺ, രമണി ഉമേഷ്, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, പുഷ്പ സുരേന്ദ്രൻ, വി.പി.രാജമ്മ, ലീന കൃഷ്ണകുമാർ, ശ്രീലത സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. നെടുംകുന്നത്ത് മുൻ എം.പി.സുരേഷ് കുറുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. ബിന്ദു രാജേഷ് അധ്യക്ഷത വഹിച്ചു. ലതാ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.ഡോ.എൻ ജയരാജ് സംസാരിച്ചു. ഹേമലത പ്രേംസാഗർ, എസ് ഷൈലജ കുമാരി, ശാന്തമാ രാജപ്പൻ, പ്രിയ ശ്രീരാജ്, ലത റെയ്ച്ചൽ തുടങ്ങിയവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Women are not safe in the coun­try; And what is Mod­i’s fem­i­nine pow­er? Veena George

You may also like this video

Exit mobile version