Site iconSite icon Janayugom Online

തൊഴില്‍ രംഗത്ത് സ്ത്രീശക്തി ചോരുന്നു; അഞ്ച് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ ഉപേക്ഷിച്ചത് രണ്ട് കോടി സ്ത്രീകള്‍

അഞ്ച് വര്‍ഷത്തെ കാലയളവിനുള്ളില്‍ ഇന്ത്യയില്‍ രണ്ട് കോടി സ്ത്രീകള്‍ തൊഴില്‍ ഉപേക്ഷിച്ചുവെന്ന് പഠനം. തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദവും ഇഷ്ടപ്പെട്ട ജോലി ലഭിക്കാത്തതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇക്കാലയളവില്‍ ജോലി ചെയ്യുന്ന പ്രായത്തിലുള്ള (15 വയസിനു മുകളില്‍) 90 കോടിയില്‍ 50 ശതമാനം ഇന്ത്യക്കാരും ജോലി ഉപേക്ഷിച്ചുവെന്നും ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

സെന്റര്‍ ഫോര്‍ ഇക്കണോമിക്കും സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യും സംയുക്തമായി തയാറാക്കിയ ’ ഇന്ത്യയിലെ ചുരുങ്ങുന്ന സ്ത്രീ തൊഴില്‍ ശക്തി’ എന്ന റിപ്പോര്‍ട്ടിലേതാണ് വിവരങ്ങള്‍. 2017 മുതല്‍ 2022 വരെ രാജ്യത്തെ രണ്ട് കോടി സ്ത്രീകള്‍ തൊഴിലുകള്‍ ഉപേക്ഷിച്ചു. ഇതോടെ തൊഴില്‍ ചെയ്യുന്നതും തൊഴില്‍ തേടുന്നതുമായ സ്ത്രീകളുടെ എണ്ണം ഒമ്പത് ശതമാനമായെന്നും സിഇഐഇ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ മൊത്തം തൊഴില്‍ നിരക്ക് 46 ശതമാനത്തില്‍ നിന്നും 40 ശതമാനമായി ചുരുങ്ങുകയും ചെയ്തു.

തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷം ഫെബ്രുവരിയിലെ 8.10 ശതമാനത്തില്‍ മാര്‍ച്ചില്‍ 7.6 ശതമാനമായി ചുരുങ്ങിയതായി അടുത്തിടെ സിഎംഐഇ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഹരിയാനയിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതല്‍, മാര്‍ച്ചില്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 26.7 ശതമാനം ആയിരുന്നു. രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ 25 ശതമാനവും ബിഹാര്‍-14.4 ശതമാനം, ത്രിപുര‑14.1 ശതമാനം, പശ്ചിമ ബംഗാള്‍-5.6 ശതമാനം എന്നിങ്ങനെയായിരുന്നു മാര്‍ച്ചിലെ തൊഴിലില്ലായ്മ നിരക്ക്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് തൊഴിൽ മേഖല ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് എന്നിവ വലിയ അപകടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് സിഎംഐഇ പറയുന്നു. ജനസംഖ്യയുടെ 49 ശതമാനം പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ഉല്പാദനത്തില്‍ സ്ത്രീകളുടെ സംഭാവന 18 ശതമാനമാണ്. ഇത് ആഗോള ശരാശരിയുടെ പകുതി മാത്രമാണ്.

കോവിഡിനു മുമ്പും ശേഷവുമുള്ള അവസ്ഥയെ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2021ല്‍ സ്ത്രീ തൊഴിലാളി നിരക്കിന്റെ പ്രതിമാസ ശരാശരി 6.4 ശതമാനം ആയിരുന്നു. ഇത് 2019നേക്കാള്‍ കുറവാണ്.
2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നഗര മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ പ്രതിമാസ ശരാശരിയില്‍ 22.1 ശതമാനം കുറവ് രേഖപ്പെടുത്തി. 2019,2020 വര്‍ഷങ്ങളെ അപേക്ഷിച്ച് 2021ല്‍ തൊഴില്‍ തേടുന്ന സ്ത്രീകളുടെ എണ്ണത്തിലും വന്‍ ഇടിവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്, ഗോവ, ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ 2019നെ അപേക്ഷിച്ച് 2021ല്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 50 മുതല്‍ 61 ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2017–18 വര്‍ഷത്തിലെ ലേബര്‍ ഫോഴ്സ് സര്‍വേപ്രകാരം തൊഴില്‍ ഇടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ വന്‍ ഇടിവ് വന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. 2011-12 വര്‍ഷത്തില്‍ ജോലി ചെയ്യുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ നിരക്ക് 31 ശതമാനം ആയിരുന്നെങ്കില്‍ പഠനകാലത്ത് ഇത് 22 ശതമാനമായി ചുരുങ്ങി.

തൊഴില്‍സൃഷ്ടിയില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം

തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ എട്ട് മുതല്‍ 8.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കണമെങ്കില്‍ 2030ഓടെ ഇന്ത്യയില്‍ ഒമ്പത് കോടി കാര്‍ഷികേതര തൊഴിലുകള്‍ സൃഷ്ടിക്കണമെന്നാണ് 2020ലെ മാക്കിന്‍സെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിഎംഇഐയുടെ കണക്കുകള്‍ പ്രകാരം നഗര മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 2019 ജനുവരിയില്‍ 12.84 കോടി ആയിരുന്നെങ്കില്‍ 2021 ഡിസംബര്‍ ആകുമ്പോഴേക്കും ഇത് 12.47 കോടിയായി ചുരുങ്ങി. നഗരമേഖലയില്‍ മാത്രം 37 ലക്ഷത്തിന്റെ ഇടിവാണ് ഉണ്ടായത്.

Eng­lish Summary:Women empow­er­ment in the workplace
You may also like this video

Exit mobile version