Site icon Janayugom Online

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന സ്ത്രീകൾ നേരിടുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍; ആശങ്കയറിയിച്ച് സുപ്രീം കോടതി

രാജ്യത്തെ വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന സ്ത്രീകൾ നേരിടുന്ന അപമാനങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, വിക്രം നാഥ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ത്രീകളുടെ ഗുരതരമായ അവസ്ഥ ചൂണ്ടിക്കാട്ടിയത്. അഭിഭാഷകൻ ഗൗരവ് ബൻസാൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ നേരിടുന്നത് കടുത്ത പീഡനങ്ങളാണെന്ന് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ത്രീകളെ നിര്‍ബന്ധിച്ച് തലമുണ്ഠനം ചെയ്യിപ്പിക്കുന്നതുള്‍പ്പെടെയുള്ള അതിക്രമങ്ങളില്‍ ഇവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. മാതാവായ അന്തേവാസികള്‍കള്‍ക്ക് അവരുടെ കുഞ്ഞുങ്ങളുമായി അടുത്തിടപഴകുന്നതിനുള്ള അവസരങ്ങളും ലഭിക്കുന്നില്ല.

നിരവധി മാനസികാരോഗ്യ കേന്ദ്രങ്ങളിലും അന്തേവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അവസ്ഥയാണുള്ളത്. ഇവര്‍ക്കായി പ്രത്യേക മുറികളോ മറ്റ് സംവിധാനങ്ങളോ ഒരുക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.
മാനസികാരോഗ്യ കേന്ദ്രങ്ങളിളെ സ്ത്രീകളെ കൃത്യമായി പരിചരിക്കുന്നില്ല. ഇവരുടെ വ്യക്തിശുചിത്വം സൂക്ഷിക്കാനോ സാനിറ്ററി നാപ്കിൻ പോലുള്ള മറ്റ് ആവശ്യ സാധനങ്ങളോ നല്‍കുന്നില്ലെന്നും അഭിഭാഷകൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ കാർഡുകൾ നൽകാനുള്ള സംവിധാനവും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാന സർക്കാരുകൾ സാമൂഹിക പരിപാലന മാതൃക സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി.
2016ൽ നിംഹാൻസും 2020ൽ ദേശീയ വനിത കമ്മിഷനും (എൻസിഡബ്ല്യു) നടത്തിയ ചില ഗവേഷണ പഠനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന് ബെഞ്ച് നിർദ്ദേശം നൽകി. അടുത്ത വിചാരണ തീയതിക്ക് ഒരാഴ്ച മുമ്പ് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം നിർദ്ദേശിച്ചു.

Eng­lish Sum­ma­ry: Women liv­ing in men­tal health cen­ters face seri­ous human rights violations

you may also like this video;

Exit mobile version