നിയമരംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (സിജെഐ) എൻ വി രമണ. ജുഡീഷ്യറിയില്‍ 50 ശതമാനത്തിലധികം സ്ത്രീകളുടെ പ്രാതിനിധ്യം വേണമെന്ന ആവശ്യം താൻ ഏറ്റെടുക്കുമെന്നും എൻ വി രമണ പറഞ്ഞു. സുപ്രീം കോടതി ജസ്റ്റിസായി നിയമിച്ച ഹിമ കോലിയെ അനുമോദിക്കുന്ന ചടങ്ങിലാണ് എൻ വി രമണയുടെ പ്രതികരണം. കീഴ്‌ക്കോടതിയിൽ 30 ശതമാനം മാത്രമാണ് വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യമെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ മികച്ച വനിതാ ജഡ്ജിമാരുണ്ട്, എന്നാൽ മറ്റ് ചില സംസ്ഥാനങ്ങളിൽ പ്രാതിനിധ്യം വളരെ കുറവാണ്. ഹൈക്കോടതികളിൽ, വനിതാ ജഡ്ജിമാർ വെറും 11.5 ശതമാനമാണ്, അതേസമയം സുപ്രീം കോടതിയിൽ 33 വനിതാ ജഡ്ജിമാരിൽ നാല് സിറ്റിങ് വനിതാ ജഡ്ജിമാരുണ്ട് ‚എൻ വി രമണ പറഞ്ഞു.
രാജ്യത്തെ വനിതാ അഭിഭാഷകരുടെ എണ്ണവും മെച്ചമല്ല. രജിസ്റ്റർ ചെയ്ത 1.7 ദശലക്ഷം അഭിഭാഷകരിൽ 15 ശതമാനം മാത്രമാണ് സ്ത്രീകൾ. നീതിന്യായ രംഗത്തേക്ക് സ്ത്രീകൾ കടന്നെത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്, സ്കൂൾ കഴിഞ്ഞ് നിയമപഠനം തിരഞ്ഞെടുക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് രാജ്യത്തുടനീളമുള്ള ലോ കോളജുകളിൽ പ്രവേശനത്തിന് പെൺകുട്ടികൾക്ക് സംവരണം എന്ന ഏകീകൃത നയത്തിന് താൻ ശുപാർശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സഹപ്രവർത്തകരിൽ നിന്നും മറ്റും സ്ത്രീകൾ നേരിടുന്ന പക്ഷപാതപരമായ പെരുമാറ്റമാണ് മറ്റൊരു പ്രശ്‌നമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ പക്ഷപാതം വനിതാ അഭിഭാഷകരെ മാത്രമല്ല, ബെഞ്ചിലുള്ളവരെയും ബാധിക്കും. മാതൃഭാഷയിൽ സംസാരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സ്ത്രീകളോട് അഭ്യർത്ഥിച്ചു. സുപ്രീം കോടതി ജസ്റ്റിസ് ഇന്ദിര ബാനർജി, ഡൽഹി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് രേഖ പള്ളി, ജസ്റ്റിസ് പ്രതിഭാ സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ENGLISH SUMMARY:Women under-represented in law: Chief Justice NV Ramana
You may also like this video