തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സംസ്ഥാനങ്ങളിൽ പ്രഖ്യാപിക്കുന്ന വനിതാ ക്ഷേമപദ്ധതികൾ വാഗ്ദാനങ്ങളിൽ ഒതുങ്ങുന്നു. ഹരിയാനയിൽ 5.22 ലക്ഷം സ്ത്രീകൾക്ക് ‘ലാഡോ ലക്ഷ്മി യോജന’ പ്രകാരം 2100 രൂപയുടെ ആദ്യ പ്രതിമാസ ഗഡു മുഖ്യമന്ത്രി നയബ് സിങ് സൈനി കൈമാറിയെങ്കിലും, ഇത് സംസ്ഥാനത്തെ 95 ലക്ഷം വരുന്ന സ്ത്രീകളിൽ ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് ലഭിച്ചതെന്ന് വിമർശനം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുവാൻ പോകുന്ന ബിഹാറിലും നിതീഷ്‌കുമാർ സർക്കാർ നിരവധി വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന് മുമ്പ് വനിതകൾക്കായി പണ കൈമാറ്റം, സബ്സിഡികൾ, സൗജന്യ ബസ് യാത്രകൾ തുടങ്ങിയ നിരവധി ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്യാറുണ്ട്. എന്നാൽ അധികാരത്തിൽ വന്നതിന് ശേഷം യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുക, ബഡ്ജറ്റുകൾ വെട്ടിക്കുറയ്ക്കുക, അല്ലെങ്കിൽ വിഹിതം നൽകാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ പോലും ഇവ പൂർണ്ണമായി പാലിക്കപ്പെടുന്നില്ല.
നവംബർ 6നും 11നും വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ, വോട്ടർമാരിൽ വലിയൊരു വിഭാഗമായ സ്ത്രീകളെ ആകർഷിക്കാൻ എൻഡിഎയും മഹാസഖ്യവും വനിതാ കേന്ദ്രീകൃത പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി വനിതകളെ ‘ലക്ഷ്പതി ദീദിമാരായി’ ശാക്തീകരിക്കാൻ 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുമെന്ന് എൻഡിഎ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, മഹാസഖ്യം ‘മൈ ബഹൻ മാൻ യോജന’ പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപയും ‘ജീവക ദീദിമാർക്ക്’ ഉയർന്ന ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന് മുൻപ് കൃത്യമായ സാമ്പത്തിക വിശകലനം നടത്താതെയാണ് ഈ പദ്ധതികൾ പ്രഖ്യാപിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകനായ ജ്യോതി മിശ്ര അഭിപ്രായപ്പെട്ടു. പദ്ധതി നടപ്പാക്കുമ്പോൾ, ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്താൻ പല കാരണങ്ങളാൽ നിരവധിപേരെ ഒഴിവാക്കുകയോ അല്ലെങ്കിൽ പിന്നീട് പദ്ധതിയുടെ ബജറ്റ് വെട്ടിക്കുറക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

