വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർത്ഥ്യമാകുമെന്നും സർക്കാർ തലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരിപഠനത്തിനായി ധാരാളം വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർത്ഥികൾ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇൻഫർമേഷൻ — പബ്ലിക് റിലേഷൻസ് വകുപ്പാണ് ‘നാം മുന്നോട്ട്’ പരിപാടി നിർമ്മിക്കുന്നത്.
കേരളത്തിൽനിന്നു നാലു ശതമാനത്തോളം വിദ്യാർത്ഥികൾ ഓരോ വർഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാൾ കൂടുതലാണ്. ഈ പ്രവണതയെ കാലത്തിന്റെ പ്രത്യേകതയായിവേണം കാണാൻ — മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പഠനത്തോടൊപ്പം ജോലി, പഠനത്തിന്റെ ഭാഗമായിത്തന്നെ തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങൾ ഏറെ ഗൗരവമായാണു സർക്കാർ കാണുന്നത്. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വന്തമായി വൻതോതിൽ സ്ഥലമുണ്ട്. ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കോഴ്സുകളുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞാൽ കുട്ടികൾക്ക് നേരിട്ട് അതുമായി ബന്ധപ്പെടാനാകും. അതിനുള്ള നീക്കം നടക്കുകയാണ്. ചില സ്ഥാപനങ്ങൾ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ചില മാനേജ്മെന്റുകൾ ഇതുമായി ബന്ധപ്പെട്ടു സർക്കാരിനെ ബന്ധപ്പെട്ടിട്ടുമുണ്ട്. വലിയ മാറ്റത്തിന്റെ നാളുകളാണു കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉടൻ വരാനിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രില്‍ 16 മുതലാണ് ‘നാം മുന്നോട്ട്’ പരിപാടി സംപ്രേഷണം ആരംഭിക്കുന്നത്. ജോൺ ബ്രിട്ടാസ് എംപിയാണ് അവതാരകൻ. മുൻ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ, കേരള സർവകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. എസ് ആർ ജയശ്രീ, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, ഫെഡറൽ ബാങ്ക് ബോർഡ് ചെയർമാൻ സി ബാലഗോപാൽ, ഉണ്ണിമായ പ്രസാദ് എന്നിവർ പുതിയ എപ്പിസോഡിൽ പാനലിസ്റ്റുകളായി പങ്കെടുക്കുന്നുണ്ട്.
English Summary;Work along with studies soon in Kerala: Chief Minister
You may also like this video