Site icon Janayugom Online

ലോട്ടറി മാഫിയക്കെതിരെ നടപടികൾ കർശനമാക്കണമെന്ന് തൊഴിലാളികൾ

സംസ്ഥാനത്ത് വ്യാപകമാവുന്ന ലോട്ടറി മാഫിയക്കെതിരെ സർക്കാർ നടപടികൾ കർശനമാക്കണമെന്ന് ഏജന്റുമാരും വില്പനക്കാരും. എഴുത്തു ലോട്ടറി, കോട്ടൺ കളി, സെറ്റ് കച്ചവടം, ഓൺലൈൻ വ്യാപാരം തുടങ്ങിയവയിലൂടെ വൻ റാക്കറ്റാണ് ഈ രംഗത്ത് പിടിമുറുക്കിയിട്ടുള്ളത്. കേരള ഭാഗ്യക്കുറിയുടെ വിശ്വാസ്യത തകർക്കാനും ഈ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കാനുമാണ് മാഫിയയുടെ ശ്രമം. ഇതര സംസ്ഥാന ലോട്ടറി മേഖലയിൽ സജീവമായിരുന്ന പലരും ഈ മേഖലയിലും ഇടപെടുന്നുണ്ട്. ലോട്ടറി ടിക്കറ്റിന്റെ അവസാന നാലക്ക നമ്പറുകൾ സെറ്റാക്കിയാണ് വൻകിട വ്യാപാരികളുടെ കച്ചവടം. 12 ടിക്കറ്റുകളുടെ സെറ്റിൽ കൂടുതൽ വില്പന നടത്തരുതെന്ന് നിർദേശമുണ്ടെങ്കിലും 24,36,72 സെറ്റുകൾ വരെ പലയിടത്തും വില്പന ഉണ്ടെന്നാണ് വിവരം. തൊഴിലാളികളും ഏജന്റുമാരും കുറെ നാളുകളായി ഇതേക്കുറിച്ച് നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ലോട്ടറി വകുപ്പ് ഇതേക്കുറിച്ച് അന്വേഷിക്കാൻ നടപടികൾ ആരംഭിച്ചിട്ടുള്ളതെന്ന് ചെറുകിട വ്യാപാരിയായ വിഷ്ണു കുന്നത്തുനാട് പറഞ്ഞു. കൂടുതൽ സെറ്റ് ലോട്ടറികൾ വില്പന നടത്തുന്നവരുടെ കടകളിലേക്ക് സ്ഥിരമായി ലോട്ടറി എടുക്കുന്നവർ പോകുന്നതുമൂലം ചെറുകിട കച്ചവടക്കാർക്ക് വില്പന തീരെ ഇല്ലാത്ത സ്ഥിതിയാണ്. കടമായും വായ്പ വാങ്ങിയും ലോട്ടറി ടിക്കറ്റ് വാങ്ങി കച്ചവടം നടത്തുന്നവർക്ക് ഇതുമൂലം കടുത്ത സാമ്പത്തിക ബാധ്യതയും ഉണ്ടാവുകയാണെന്നും സർക്കാർ കർശന നടപടി ഇക്കാര്യത്തിൽ കൈക്കൊള്ളണമെന്ന് വിഷ്ണു പറഞ്ഞു.

മറ്റു ജില്ലകളിൽ നിന്നും ലോട്ടറി എത്തിച്ച് സെറ്റാക്കി വിൽക്കുന്നവരും വില കുറച്ചു വിൽക്കുന്നവരും ഉണ്ട്. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ വ്യാപകമാണെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. ലോട്ടറി ഇന്റേണൽ വിജിലൻസ് വിഭാഗവും ലോട്ടറി ഓഫീസർമാരുടെ നേതൃത്വത്തിലും നടത്തിവരുന്ന റെയ്ഡിലും പലയിടത്തും കൂടുതൽ സെറ്റ് ലോട്ടറികൾ വില്പന നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാധാരണ ഏജന്റുമാർക്ക് കഴിഞ്ഞ കുറെ നാളായി ലോട്ടറി കച്ചവടം തീരെ കുറവാണ്. ഈ സാഹചര്യത്തിൽ ഇത്തരം സെറ്റ് ലോട്ടറി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പാടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കൂടുതൽ സെറ്റ് ലോട്ടറി എടുത്ത് ബാധ്യത മൂലം ജീവനൊടുക്കിയവരുമുണ്ട്. ലോട്ടറി വകുപ്പിന്റെ നിർദേശത്തിന് വിരുദ്ധമായി 12 ടിക്കറ്റിൽ കൂടുതൽ സെറ്റ് ലോട്ടറി വിൽക്കുന്നവർക്കെതിരെ നടപടി വേണമെന്നും അവരുടെ ഏജൻസി റദ്ദാക്കുവാനുള്ള നടപടി സ്വാഗതാർഹമാണെന്നും ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ( എ ഐടി യു സി ) സംസ്ഥാന ജനറൽ സെക്രട്ടറി വി ബാലൻ പറഞ്ഞു. 

അതെ സമയം ഒരു ഏജന്റിന് ടിക്കറ്റ് നൽകി എന്നതിന്റെ പേരിൽ കുറ്റം ചെയ്യാത്ത ഏജന്റുമാർക്ക് എതിരെ നടപടി എടുക്കുന്ന പ്രവണത ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനധികൃതമായി ഓൺലൈനിൽ ലോട്ടറി വില്പന നടത്തുന്ന റാക്കറ്റുമുണ്ട്. വാട്സ് ആപ്പിലൂടെയും വെബ് സൈറ്റിലൂടെയുമാണ് പണം ഓൺലൈനിൽ വാങ്ങി കച്ചവടം നടത്തുന്ന രീതി. ഇത് നിയമ വിരുദ്ധമാണ്. പാലക്കാട് കേന്ദ്രമായി ഇത്തരം കച്ചവടം വ്യാപകമാണെന്ന ആക്ഷേപം കുറെ നാളുകളായി കേൾക്കുന്നതാണ്. ഇതുപോലെ തന്നെ ടോക്കൺ കളിയും എഴുത്തു ലോട്ടറിയും ഈ മേഖലയിൽ പിടിമുറുക്കിയിട്ടുണ്ട്. മധ്യ കേരളം മുതൽ വടക്കോട്ടാണ് ഇത്തരം കളികൾ നടക്കുന്നത്. ഇവർക്കെതിരെ ലോട്ടറി വകുപ്പ് മാത്രം വിചാരിച്ചാൽ നടപടി എടുക്കാനാവില്ല. പൊലീസും തൊഴിലാളി സംഘടനകളും സജീവമായി ഇടപെടേണ്ടതാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ വരുമാനം നിലച്ച ഈ മേഖലയിലെ സാധാരണ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിന് കർശന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ഏജന്റുമാരുടെയും വില്പനക്കാരുടെയും ആവശ്യം.

ENGLISH SUMMARY:Workers call for tough action against lot­tery mafia
You may also like this video

Exit mobile version