Site icon Janayugom Online

വിദേശ പണമൊഴുക്കില്‍ ഇന്ത്യ മുന്നില്‍; ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്ത്

വിദേശ രാജ്യങ്ങളില്‍ നിന്നും ഏറ്റവുമധികം പണം ലഭിക്കുന്നത് ഇന്ത്യക്കെന്ന് ലോകബാങ്ക്. ഈ വര്‍ഷം ആറര ലക്ഷം കോടി (87 ബില്യണ്‍ ഡോളര്‍) വിദേശ പണമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ചൈന, മെക്സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിലേക്ക് ഏറ്റവുമധികം പണം അയച്ചത് യുഎസില്‍ നിന്നാണ്. ആകെ തുകയുടെ 21 ശതമാനവും അയച്ചത് യുഎസില്‍ നിന്നാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.6 ശതമാനം വളര്‍ച്ചയാണ് വിദേശ പണമൊഴുക്കില്‍ ലോകബാങ്ക് കണക്കുകൂട്ടുന്നത്. 

2022ല്‍ ഇന്ത്യക്ക് ലഭിക്കുന്ന വിദേശ പണം മൂന്ന് ശതമാനം വര്‍ധിച്ച് 89.6 ബില്യണ്‍ ഡോളര്‍ എത്തുമെന്നാണ് പ്രവചനം. കോവിഡിനെ തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ നിന്നും തിരികെ എത്തിയ പ്രവാസികള്‍ വീണ്ടും മടങ്ങുന്നതോടെയാണ് വര്‍ധനവ് ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താഴ്‌ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കൽ 2021‑ൽ 7.3 ശതമാനം വർധിച്ച് 589 ബില്യൺ ഡോളറിലെത്തുമെന്നും ലോക ബാങ്ക് പ്രവചിക്കുന്നു.

കോവിഡിനെ തുടര്‍ന്ന് ആഗോള തലത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോഴും പണമയയ്ക്കലില്‍ 1.7 ശതമാനത്തിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. ഈ വിദേശ പണം കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് വന്‍ മുതല്‍ക്കൂട്ടായെന്ന് ലോക ബാങ്ക് ആഗോള ഡയറക്ടര്‍ മിക്കല്‍ റുട്ട്കോവ്സ്കി പറഞ്ഞു. 2020ല്‍ ഇന്ത്യക്ക് ലഭിച്ച വിദേശ പണം 83 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 

ENGLISH SUMMARY:World Bank report out
You may also like this video

Exit mobile version