Site iconSite icon Janayugom Online

ഇന്ത്യ ഉയര്‍ന്ന സമ്പദ്‍വ്യവസ്ഥയാകാന്‍ വലിയ കടമ്പകള്‍ എന്ന് ലോകബാങ്ക്

2047 ഓടെ ഉയര്‍ന്ന വരുമാനമുള്ള സമ്പദ്‍വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്ന മോഡിയുടെ സ്വപ്നം നിലവിലെ സ്ഥിതിയില്‍ അസാധ്യമെന്ന് ലോകബാങ്ക്. അത്തരമൊരു അവസ്ഥയിലേക്ക് എത്തണമെങ്കില്‍ മൊത്തം ദേശീയ വരുമാനം (ജിഎന്‍ഐ) നിലവിലുള്ളതിനെക്കാള്‍ ഏകദേശം എട്ട് മടങ്ങ് വര്‍ധിക്കണമെന്നും വളര്‍ച്ച കൂടുതല്‍ ത്വരിതപ്പെടുത്തുകയും അടുത്ത രണ്ട് ദശകങ്ങളില്‍ ഉയര്‍ന്ന നിലയില്‍ തുടരുകയും വേണമെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി 7.8 ശതമാനം വളര്‍ച്ച നേടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 

അതിനാല്‍ മോഡിയും ബിജെപിയും അവകാശപ്പെടുന്ന ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലുള്ള സംരംഭങ്ങള്‍ നിലനിര്‍ത്തുക മാത്രമല്ല പരിഷ്കാരങ്ങള്‍ അതിവേഗം വിപുലീകരിക്കുകയും വേണം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ശരാശരി വളര്‍ച്ചാനിരക്ക് 7.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇത് നിലനിര്‍ത്തുന്നതിനും അടുത്ത രണ്ട് ദശകങ്ങളില്‍ ശരാശരി 7.8 ശതമാനം വളര്‍ച്ച നേടുന്നതിനും നാല് കാര്യങ്ങളാണ് ശുപാര്‍ശ ചെയ്യുന്നത്. സംസ്ഥാനങ്ങളിലുടനീളം സമഗ്രവളര്‍ച്ച വേഗത്തില്‍ കൈവരിക്കണം, 2035ഓടെ മൊത്തം നിക്ഷേപം ഡിജിപിയുടെ നിലവിലെ 33.5ല്‍ നിന്ന് 40 ശതമാനമായി വര്‍ധിപ്പിക്കണം, തൊഴില്‍ പങ്കാളിത്തം 56.4 ശതമാനത്തില്‍ നിന്ന് 65 ആയി വര്‍ധിപ്പിക്കണം, മൊത്തത്തിലുള്ള ഉല്പാദനക്ഷമതാ വളര്‍ച്ച ത്വരിതപ്പെടുത്തണം.
കൂടുതല്‍ മെച്ചപ്പെട്ട ജോലികള്‍ക്കുള്ള സാഹചര്യം സൃഷ്ടിച്ചും വനിതാ തൊഴില്‍പങ്കാളിത്തം 35.6ല്‍ നിന്ന് 2047-ഓടെ 50 ശതമാനമാക്കി ഉയര്‍ത്തിയും ഇന്ത്യക്ക് ജനസംഖ്യാപരമായ ലാഭവിഹിതം പ്രയോജനപ്പെടുത്താമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ എമിലിയ സ്ക്രോക്കും രംഗീത് ഘോഷും പറഞ്ഞു. 

Exit mobile version