Site iconSite icon Janayugom Online

ഖത്തറില്‍ ബ്രസീലിയന്‍ പെരുമഴ; ദക്ഷിണ കൊറിയയെ കടന്ന് ക്വാര്‍ട്ടറില്‍

ബ്രസീല്‍                     4

ദക്ഷിണ കൊറിയ 1

പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ നെയ്മര്‍ ഖത്തറിലെ പുല്‍മൈതാനത്തെ ഇളക്കിമറിച്ചു. ബ്രസീല്‍ ആരാധകരെ ആവേശത്തിന്റെ വാനിലേക്ക് ഉയര്‍ത്തി ഗോളുകളുടെ പെരുമഴ തീര്‍ത്തു നെയ്മറും താരങ്ങളും. ആദ്യ പകുതിക്കുമുമ്പേ നാടകീയമായ നാല് ഗോള്‍ നീക്കം. ഒന്നുപോലും തിരിച്ചടിക്കാനാവാതെ ദക്ഷിണ കൊറിയയെ തളച്ചിടുകയായിരുന്നു ആദ്യ പകുതി. ലോകകപ്പിലെ പ്രീക്വാര്‍ട്ടറിലെ വമ്പന്‍ മുന്നേറ്റമായി ബ്രസീലിന്റേത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ദക്ഷിണ കൊറിയ ആദ്യ ഗോള്‍ തിരിച്ചടിച്ചു.

ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, പക്വേറ്റ എന്നിവരാണ് ദക്ഷിണ കൊറിയയുടെ വലകുലുക്കിയത്. തുടക്കം മുതല്‍ കാനറികളുടെ താണ്ഡവമായിരുന്നു കളിക്കളത്തില്‍. പിടിച്ചുനില്‍ക്കാനുള്ള ദക്ഷിണകൊറിയയുടെ ശ്രമങ്ങളെല്ലാം നെയ്മറുടെ നേതൃത്വത്തിലുള്ള ബ്രസീലിയന്‍ മുന്നേറ്റ നിര തകര്‍ത്തു. ഏഴാം മിനിറ്റില്‍ വിനീഷ്യസിന്റെ കാല്‍പ്പെരുമാറ്റത്തോടെ കൊറിയയുടെ നെഞ്ചിടറി.

വലതുഭാഗത്തുനിന്ന് റാഫീഞ്ഞയുടെ കിടിലന്‍ പാസ് ചെന്നെത്തിയത് കൂട്ടപ്പൊരിച്ചലുകള്‍ക്കിടയിലായിരുന്നെങ്കിലും വിനീഷ്യസിന്റെ കാലുകളിലെ കാന്തികശക്തി പന്തിനെ അച്ചടക്കത്തോടെ കൊണ്ടുപോയി ഗോള്‍വലയത്തിലാക്കുകയായിരുന്നു. അവിടന്ന് മൂന്ന് മിനിറ്റ് പിറക്കുംമുമ്പേ ദക്ഷിണകൊറിയയുടെ പിഴവില്‍ പെനാല്‍റ്റി വിധിച്ചു. ഖത്തറിലെ തന്റെ ആദ്യ ഗോളിനുമുമ്പ് ലോകം ആരാധിക്കുന്ന നെയ്മറിന്റെ ചുണ്ടുകള്‍ പന്തില്‍ മുത്തമിട്ടു. പിന്നെ മിന്നും വേഗത്തിലായിരുന്നു ഗോള്‍ ഗോള്‍ ഗോള്‍ എന്ന് ഗ്യാലറി അലറിവിളിച്ചത്.

കളിക്കളം സാമ്പനൃത്തച്ചുവടിനാല്‍ ആനന്ദമാടി. കാണികളും ഇളകിമറിഞ്ഞു. തെല്ലും കൂസലില്ലാതെ ദക്ഷിണകൊറിയ സര്‍വശക്തിയുമെടുത്ത് ബ്രസീലിയന്‍ പടയോട് പൊരുതിനിന്നു. 16-ാം മിനിറ്റില്‍ ബ്രസീലിയന്‍ ഗോള്‍ കീപ്പറെ വിറപ്പിച്ച് വാം ഹീ ചാന്റെ ശക്തമായ ഷോട്ട് എത്തി. പിറകെ ഗോള്‍വല ലക്ഷ്യമിട്ട് ദക്ഷിണ കൊറിയയുടെ മുന്നേറ്റനിരയാകെ ബ്രസീലിന്റെ മുറ്റത്ത് കരുത്തുകാട്ടി. നിരാശമാത്രം ബാക്കിയായെങ്കിലും അവര്‍ കളത്തില്‍ നിറഞ്ഞുനിന്നു.

കൊറിയന്‍ നിരയെ പ്രതിരോധത്തിലാക്കി പിന്നെയും ഒരു ഗോള്‍. റിച്ചാര്‍ലിസന്‍ തൊടുത്തുവിട്ടത്. മുപ്പത്തിയാറാം മിനിറ്റിലാണ് പക്വേറ്റയുടെ വക നാലാം ഗോളും കൊറിയന്‍ പോസ്റ്റില്‍ പതിച്ചു. ആദ്യ പകുതി പര്യവസാനിക്കുമ്പോഴും കൊറിയന്‍ പടയ്ക്ക് തിരിച്ചടിക്കാനായില്ല.  രണ്ടാം പകുതിയില്‍ ദക്ഷിണ കൊറിയയുടെ മുന്നേറ്റം കാണാനായി. ബ്രസീല്‍ ഗോള്‍കീപ്പറുടെ കരുത്ത് തുണയായി മാറുന്നതും രണ്ടാം പകുതിയുടെ തുടക്കത്തിലെ കാഴ്ചയായി.

 

രണ്ടാം പകുതിയില്‍ ദക്ഷിണ കൊറിയയുടെ മുന്നേറ്റം കാണാനായി. നിമിഷങ്ങള്‍ക്കുള്ളില്‍ ദക്ഷിണ കൊറിയ ബ്രസീലിയന്‍ ആരാധകരെ അമ്പരപ്പിച്ച് ആദ്യ ഗോള്‍ തിരിച്ചടിച്ചു.

 

Eng­lish Sam­mu­jry: world-cup 2022 brazil vs south korea first half 4 goals

 

Exit mobile version