Site iconSite icon Janayugom Online

ഖത്തറില്‍ വിജയഡോര്‍ തുറന്ന് ഇക്വഡോർ

അൽബൈത്ത് സ്റ്റേഡിയത്തില്‍ ഖത്തർ ലോകകപ്പിലെ വിജയ ഡോര്‍ തുറന്ന് ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോര്‍ ചരിത്രം കുറിച്ചു. എന്നെർ വലെൻഷ്യ ഇക്വഡോറിന്റെയും അവരുടെ ആരാധകരുടെയും മനംനിറയ്ക്കുകയായിരുന്നു. വലെൻഷ്യയുടെ ഇരട്ടഗോളിൽ ആതിഥേയരായ ഖത്തറിനെ 2–0നാണ് ഇക്വഡോർ തോൽപ്പിച്ചത്.

ഇക്വഡോര്‍ താരങ്ങള്‍ അത്ഭുതങ്ങളുടെ കൂടാരം തുറക്കുമെന്ന് ബ്രസീൽ ടീം പരിശീലകൻ ടിറ്റെയുടെ വാക്കുകള്‍ അറംപറ്റുന്നതായി. ആര്‍ത്തിരമ്പി ആവേശഭരിതരായ പതിനായിരങ്ങള്‍ക്ക് മുന്നില്‍ ഇക്വഡോര്‍ കളംനിറഞ്ഞ് കളിച്ചു. ഇക്വഡോറിന്റെ ശരവേഗത്തെ തടയാൻ ഖത്തറിന്റെ പരുക്കന്‍ അടവുകള്‍ക്കൊന്നും സാധിച്ചില്ല. അവിടെ വലെൻഷ്യയും ഗൊൺസാലോ പ്ലാറ്റയും പെർവിസ് എസ്തുപിനാനും എസ്ത്രാഡയും ഇക്വഡോറിനായി മുന്നേറിക്കൊണ്ടേയിരുന്നു.

രണ്ടാംമിനിറ്റിൽ മനോഹരമായ നീക്കത്തിലൂടെ വലെൻഷ്യയുടെ ഹെഡർ ഖത്തർ വലയിൽ എത്തിയെങ്കിലും വാർ പരിശോധനയിൽ ഗോൾ അനുവദിക്കപ്പെട്ടില്ല. കാൽമണിക്കൂർ കഴിഞ്ഞപ്പോൾ ഇക്വഡോർ ലക്ഷ്യം കണ്ടു. വലെൻഷ്യയുടെ മുന്നേറ്റത്തെ ബോക്സിൽ ഖത്തർ ഗോൾ കീപ്പർ സാദ് അൽ ഷീബ് വീഴ്ത്തി. പെനൽറ്റി. അൽ ഷീബിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വലതുമൂലയിലേക്ക് വലെൻഷ്യ പന്ത് തട്ടി. ആ ഗോളിലൂടെയാണ് ഇക്വഡോർ ലോകകപ്പിന്റെ ആവേശം വാനോളമെത്തിച്ചതും തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചതും.

അരമണിക്കൂറിനുള്ളിൽ രണ്ടാംഗോളും പിറന്നു. കയ്സെദൊയിൽനിന്നുള്ള തുടക്കം. ത്രൂബോൾ പ്രതിരോധം തടഞ്ഞു. കയ്സെദൊ വലതുവശത്ത് പ്രെസിയാദോവിനെ കണ്ടു. ബോക്സിനുമുന്നിലേക്ക് പ്രെസിയാദോവിന്റെ ക്രോസ്. എസ്ത്രാഡ പൊങ്ങി ഉയർന്നു. തലയിൽ തട്ടിയില്ല. എന്നാൽ, തൊട്ടരികെ വലെൻഷ്യയുടെ ചാട്ടം ഖത്തർ കണ്ടില്ല. ഹെഡർ ചാട്ടുളിപോലെ വലയിൽ തറച്ചു. ഇക്വഡോർ 2–-0. മറുപടിക്കായുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് കൃത്യതയുണ്ടായില്ല. അൽമോസ് അലിയുടെ ഹെഡർ പുറത്തുപോയി. തുടർച്ചയായ ഏഴാംമത്സരമാണ് ഇക്വഡോർ ഗോൾ വഴങ്ങാതെ അവസാനിപ്പിക്കുന്നത്.

Eng­lish Sum­ma­ry: fifa world cup qatar The 2022 FIFA World Cup is under­way as the host nation, Qatar, faced Ecuador at Al Bayt Sta­di­um in Al Khor, los­ing, 2–0.

 

Exit mobile version