1988 ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിക്കുകയാണ് പഞ്ചാബിപ്പോൾ. വീണ്ടും ശക്തമായ മഴ പെയ്തതോടെ കൂടുതൽ വഷളാകുകയാണ്. സംസ്ഥാനത്തെ 23 ജില്ലകളിലും വെള്ളപ്പൊക്കം നാശം വിതച്ചു. ഇതുവരെ 30 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹിമാചൽ പ്രദേശിലെയും ജമ്മു കശ്മീരിലെയും വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് സത്‌ലജ്, ബിയാസ്, രവി നദികൾ കരകവിഞ്ഞൊഴുകിയതിനാൽ പഞ്ചാബ് വൻ പ്രളയത്തിന് സാക്ഷ്യം വഹിക്കുന്നു.
ഗുർദാസ്പൂർ, പത്താൻകോട്ട്, ഫാസിൽക്ക, കപൂർത്തല, തരൺ തരൺ, ഫിറോസ്പൂർ, ഹോഷിയാർപൂർ, അമൃത്സർ ജില്ലകളിലെ ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ, സർക്കാർ, എയ്ഡഡ്, അംഗീകൃത, സ്വകാര്യ സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, പോളിടെക്നിക് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 7 വരെ അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
പഞ്ചാബ് കാബിനറ്റ് മന്ത്രിമാരും മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും ബിയാസ് നദിക്കരയിലുള്ള ദുർബല പ്രദേശങ്ങൾ വിലയിരുത്താൻ തരൺ തരൺ ജില്ലയിലെ ഗ്രാമങ്ങൾ സന്ദർശിച്ചു.
സന്ദർശന വേളയിൽ, ആം ആദ്മി നേതാക്കൾ അണക്കെട്ടുകളുടെ അവസ്ഥ അവലോകനം ചെയ്യുകയും നദീജലനിരപ്പ് ഉയരുന്നത് ഉയർത്തുന്ന അടിയന്തര വെല്ലുവിളികൾ വിലയിരുത്തുന്നതിനായി പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തു.
കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യാഴാഴ്ച സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. അമൃത്സർ, ഗുരുദാസ്പൂർ, കപൂർത്തല ജില്ലകളിലെ ഗ്രാമങ്ങൾ മന്ത്രി സന്ദർശിക്കുകയും ദുരിതബാധിതരായ കർഷകരുമായി സംവദിക്കുകയും ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ 1.48 ലക്ഷം ഹെക്ടറിലധികം കൃഷി നശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

