ഗുസ്തി താരങ്ങള്‍ തുടരുന്ന സമരം താല്ക്കാലികമായി നിര്‍ത്തവച്ചു. കേന്ദ്ര കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ അന്വേഷണം തുടരുമെന്ന് കേന്ദ്ര കായിക മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ഈമാസം 15നകം കുറ്റപത്രം സമർപ്പിക്കും. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഈമാസം 31നകം പൂര്‍ത്തായാക്കാമെന്നും മന്ത്രി അറിയിച്ചു. ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫെഡറേഷന്റെ തലപ്പത്ത് വനിതകള്‍ വരുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ഇന്ത്യൻ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുമായാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ചര്‍ച്ച നടത്തിയത്. ചര്‍ച്ച ആറ് മണിക്കൂര്‍ നീണ്ടുനിന്നു.
ഗുസ്തി താരങ്ങള്‍ക്കെതിരെ ഫയൽ ചെയ്ത എല്ലാ എഫ്‌ഐആറുകളും പിൻവലിക്കണമെന്ന് സാക്ഷി മാലിക്കും പുനിയയും യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിക്കും. ജൂൺ 15 ന് മുമ്പ് പുതിയ പ്രതിഷേധങ്ങളൊന്നും നടത്തില്ലെന്ന് ഗുസ്തിക്കാർ വാഗ്ദാനം ചെയ്തതായി മന്ത്രി താക്കൂർ പറഞ്ഞു. എന്നാല്‍ ജൂൺ 15 നകം നടപടിയുണ്ടായില്ലെങ്കിൽ തങ്ങൾ പുതിയ പ്രതിഷേധം ആരംഭിക്കുമെന്ന് പുനിയ പറഞ്ഞു. ആറ് തവണ ബിജെപി എംപിയായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണത്തെ തുടർന്ന് ഡൽഹി പൊലീസാണ് കേസെടുത്തിട്ടുള്ളത്.
English Sammury: Wrestlers call off strike; Charge sheet against Bhushan by 15