Site icon Janayugom Online

ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കുന്നു; നെഞ്ചുനീറി ഇന്ത്യ

ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ലെന്ന പ്രഖ്യാപനവുമായി തങ്ങളുടെ ജീവനും ആത്മാവുമായ മെഡലുകള്‍ പരിപാവനമായ ഗംഗയിലൊഴുക്കാനായി ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. ഇപ്പോള്‍ ആ മെഡലുകള്‍ക്ക് വിലയില്ലാതായെന്ന് അവര്‍ പറഞ്ഞു. സാക്ഷി മാലിക്ക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവരാണ് ഹരിദ്വാറിലെത്തിയത്. താരങ്ങള്‍ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന കാഴ്ച രാജ്യത്തിന്റെ തന്നെ നൊമ്പരമായി. ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

കേന്ദ്ര സര്‍ക്കാരിന്റെ നിഷേധ നിലപാടിനെതിരെയാണ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ഗുസ്തി താരങ്ങള്‍ ഇങ്ങനെയൊരു നിലപാടെടുത്തത്. വന്‍ ജനാവലിയാണ് സംഭവമറിഞ്ഞ് ഹരിദ്വാറിലെ ഗംഗാതീരത്ത് എത്തുന്നത്. ആളുകള്‍ നരേന്ദ്രമോഡിക്കെതിരെയും ബ്രിജ് ഭൂഷണെതിരെയും മുദ്രാവാക്യം മുഴക്കുന്നുണ്ട്.

അതിനിടെ ഗുസ്തി താരങ്ങള്‍ സമരം നടത്തിയിരുന്ന പന്തല്‍ ഡല്‍ഹി പൊലീസ് പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ സമരം ഇന്ത്യാ ഗേറ്റിനരികിലേക്ക് മാറ്റുമെന്നും ബ്രിജ് ഭൂഷനെതിരെ മരണം വരെ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു. ബ്രിജ് ഭൂഷണ്‍ തന്റെ നേതൃത്വത്തില്‍ റാലി നടത്തുന്ന ജൂണ്‍ ഒന്നിന് രാജ്യത്തെ കര്‍ഷകരും തൊഴിലാളി സംഘടനകളും സംയുക്തമായി ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധം നടത്തും. ഭൂഷണിന്റെ കോലം കത്തിക്കല്‍ ഉള്‍പ്പെടെയാണ് സമരപരിപാടി.

Eng­lish Sam­mury: Wrestlers medals won for the coun­try be flowed in the ganga

Exit mobile version