ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് ചാക്കുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തര സമിതി അന്വേഷണം ആരംഭിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുന്നത്. അംഗങ്ങള്‍ ഡൽഹിയിലെ തുഗ്ലക്ക് ക്രസന്റിലുള്ള യശ്വന്ത് വര്‍മ്മയുടെ ബംഗ്ലാവ് സന്ദര്‍ശിച്ചു. ഏകദേശം അരമണിക്കൂറോളം ജഡ്ജിമാര്‍ ബംഗ്ലാവില്‍ പരിശോധന നടത്തി. ഈ മാസം 22നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണത്തിനായി മൂന്നംഗ പാനല്‍ രൂപീകരിച്ചത്.
യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിനെതിരെ ബാര്‍ അസോസിയേഷന്‍ അനിശ്ചിത കാല സമരം ആരംഭിച്ചു.
14ന് ഡല്‍ഹിയിലെ ലുട്ട്യൻസ് പ്രദേശത്തുള്ള യശ്വന്ത് വര്‍മ്മയുടെ ആഡംബര വസതിയിലെ സ്റ്റോറൂമിലുണ്ടായ തീപിടിത്തത്തിനിടയിലാണ് പൊലീസും അഗ്നിശമന സേനയും കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെത്തിയത്.