Site iconSite icon Janayugom Online

ഇന്ത്യ @ 2023

indiaindia

കോവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും സജീവമായ വർഷങ്ങളിലൊന്നായിരുന്നു 2023. വിപുലമായ ബഹിരാകാശ നേട്ടങ്ങളില്‍ രാജ്യം അഭിമാനം കൊണ്ടു, എന്നാല്‍ വര്‍ഗീയ കലാപങ്ങള്‍, വിദ്വേഷപ്രസംഗങ്ങള്‍, വിവരചോര്‍ച്ച തുടങ്ങിയവയിലൂടെ അന്താരാഷ്ട്ര സമൂഹത്തിനും ഇന്ത്യന്‍ ജനതയുടെ നാനാത്വത്തിനും മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ചോദ്യം ചെയ്യുന്ന ദിവസങ്ങളാണ് കടന്നുപോയത്.…

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച

പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 13ന് രാജ്യം ഒരിക്കല്‍ കൂടി നടുങ്ങി. ബിജെപി എംപിയുടെ ശുപാര്‍ശയോടെ സന്ദര്‍ശക ഗാലറിയിലെത്തിയ സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി എന്നിവര്‍ ലോക്‌സഭാ നടപടികള്‍ക്കിടെ സഭയിലേക്ക് ചാടുകയും മുദ്രാവാക്യം വിളികളോടെ സഭയില്‍ പുക ബോംബ് പ്രയോഗിക്കുകയും ചെയ്തു. ഇതേസമയം ഇവരുടെ കൂട്ടാളികളായ അമോൽ ഷിൻഡെയും നീലവും പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തും മുദ്രാവാക്യം മുഴക്കി കളര്‍
സ്‌പ്രേ പ്രയോഗിച്ചു. സംഭവത്തിന്റെ സൂത്രധാരനായ ലളിത് ഝാ അടക്കം കേസില്‍ ആറ് പേര്‍ അറസ്റ്റിലായി. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും ഏകാധിപത്യ
പ്രവണതയ്ക്കുമെതിരെയുള്ള പ്രതിഷേധമാണ് നടത്തിയതെന്ന് ഇവര്‍ വിളിച്ച് പറഞ്ഞിരുന്നു. 

ബിജെപിക്കെതിരെ ഇന്ത്യ

ഫാസിസത്തിനെതിരെ പൊരുതാന്‍ ഇന്ത്യ മുന്നണി രൂപീകരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുകയാണ് ‘ഇന്ത്യ’ യുടെ പ്രധാന ലക്ഷ്യം. ജൂണ്‍ 23ന് ബിഹാറിലെ പട്നയിലാണ് സഖ്യത്തിന്റെ ആദ്യയോഗം ചേര്‍ന്നത്. സഖ്യ രൂപീകരണം സംബന്ധിച്ച ആശയം യോഗത്തില്‍ മുന്നോട്ട് വച്ചു. 16 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. ജൂലൈ 17,18 തീയതികളിലാണ് രണ്ടാമത്തെയും നിര്‍ണായകവുമായ യോഗം കര്‍ണാടകയിലെ ബംഗളൂരുവില്‍ ചേര്‍ന്നത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്(INDIA) എന്ന് സഖ്യത്തിന് പേരിട്ടു. 28 പാർട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലായി മുംബൈയിലാണ് മൂന്നാമത്തെ യോഗം ചേര്‍ന്നത്. പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളാണ് വിവിധ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്തത്. സീറ്റ് വിഭജനം, സംയുക്ത റാലി എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത് ‍ഡ‍ിസംബര്‍ 19ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന അഞ്ചാമത്തെ യോഗത്തിലാണ്. 

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ചോദ്യം ചെയ്ത പ്രതിപക്ഷ എംപിമാരെ കൂട്ടസസ്പെന്‍ഷന്‍ ചെയ്തതിനെതിരെ ഡിസംബര്‍ 22ന് സഖ്യത്തിന്റെ നേതൃത്വത്തില്‍ ദേശവ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഇതാണ് ഇന്ത്യ സഖ്യത്തിന്റെ ആദ്യ സംയുക്ത നീക്കം. സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയതിനെതിരെ ഗിരീഷ് ഭരദ്വാജ് എന്നയാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതിപക്ഷസഖ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരില്‍ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. 

ഭാരതമാക്കാന്‍ കേന്ദ്രം

പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന് പേരിട്ടതോടെ ഭരണഘടനയിൽ നിന്ന് ഇന്ത്യ തുടച്ച് നീക്കി ഭാരതമാക്കാനുള്ള നീക്കവുമായി കേന്ദ്രം രംഗത്ത്. ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് നീക്കി ഭാരതമെന്നാക്കണമെന്ന് ബിജെപി എംപി നരേഷ് ബൻസാല്‍ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ജി20 ഉച്ചകോടിയിലും ഇന്ത്യക്ക് പകരം ഭാരത് ഇടംപിടിച്ചു. പിന്നീട് പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് മാറ്റാന്‍ എന്‍സിഇആര്‍ടി സമിതി ശുപാര്‍ശ ചെയ്തു. കൂടാതെ കേന്ദ്ര റെയില്‍ മന്ത്രാലയവും രാജ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേര് വെട്ടി. കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിക്കാനായി മന്ത്രാലയം പുറത്തിറക്കിയ ശുപാര്‍ശ ഫയലുകളില്‍ രാജ്യത്തിന്റെ പേരിന്റെ സ്ഥാനത്ത് ‘ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് കേന്ദ്ര മന്ത്രിസഭയുടെ മുന്നിലെത്തുന്ന ആദ്യ ഔദ്യോഗിക ഫയലായി ഇത് മാറുകയും ചെയ്തു. 

മിഷോങ് ചുഴലിക്കാറ്റ്

ഡിസംബറില്‍ മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത കാറ്റിലും മഴയിലും ചെന്നൈ ദുരിതക്കയത്തിലായി. പ്രളയത്തില്‍ 17പേര്‍ മരണപ്പെട്ടു. ലക്ഷക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി 61,000ത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇതേ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിക്കെതിരെ നഗരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള ഇന്ത്യയിലെ ആദ്യത്തെ നഗര പ്രളയ ലഘൂകരണ പദ്ധതിക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കി.

ചന്ദ്രയാൻ 3

ചന്ദ്രന്റെ രഹസ്യങ്ങൾ‌ അറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യയുടെ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ഇന്ത്യയുടെ അഭിമാനം വാനോളം ഉയർ‌ത്തി. അതിസങ്കീർണമെന്ന് വിശേഷിപ്പിക്കാവുന്ന ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയതോടെ ലോകത്തിന്റെ ശ്രദ്ധയും ഇന്ത്യ നേടിയെടുത്തു.
ജൂലൈ 14 നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണമുണ്ടായത്. വിക്ഷേപിച്ച് 33 ദിവസത്തിന് ശേഷമാണ് ലാൻഡർ തനിയെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. 40 ദിവസം നീണ്ട യാത്രയ്ക്കൊടുവില്‍ സോഫ്റ്റ് ലാൻഡിങ് യാഥാര്‍ത്ഥ്യമായി. ഇതോടെ ചന്ദ്രന്റെ ​ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തേതും സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തേതുമായ രാജ്യമായി ഇന്ത്യ മാറി. ഐഎസ്ആര്‍ഒ ഏറെ നേട്ടങ്ങള്‍ കൊയ്ത വര്‍ഷമാണ് 2023. രണ്ടാംതലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം വിജയകരമായി. ജിഎസ്‌എല്‍വി മാര്‍ക്-2 റോക്കറ്റ് എന്‍വിഎസ്-01 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു.
ഐഎസ്ആര്‍ഒയുടെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായ പിഎസ്എല്‍വി സി56 വിക്ഷേപണം വിജയിച്ചു. സിംഗപ്പൂരില്‍ നിന്നുമുള്ള ഏഴ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒയുടെ വിശ്വസ്തനായ വിക്ഷേപണവാഹനം ഭ്രമണപഥത്തിലെത്തിച്ചു. 

ആദിത്യ എൽ1

ചാന്ദ്രദൗത്യത്തിന് പദ്ധതിക്ക് പിന്നാലെ സൗര്യ പദ്ധതിയുമായി ഐഎസ്ആർഒ ആദിത്യ എൽ1 വിക്ഷേപിച്ചതും ഈ വർഷമാണ്. സൂര്യനെ നിരീക്ഷിക്കാൻ സമർപ്പിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ദൗത്യമാണ് ആദിത്യ. സെപ്റ്റംബർ രണ്ടിനാണ് വിക്ഷേപിച്ചത്. ആസ്ട്രോസാറ്റിന് ശേഷമുള്ള ഇസ്രോയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണിത്. ആദിത്യ 1 എന്ന് പേരിട്ടിരിക്കുന്ന അത് പിന്നീട് ആദിത്യ എൽ1 മിഷൻ എന്ന പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു.
മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാന് മുന്നോടിയായുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉൾപ്പെടുന്ന ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ ‑1 (ടിവി ഡി-1)പരീക്ഷണം വിജയിച്ചു. റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ച് കടലിൽ വീഴ്ത്തിയ ക്രൂ മൊഡ്യൂൾ മാതൃക നാവികസേനയുടെ സഹായത്തോടെ ഐഎസ്ആർഒ വീണ്ടെടുത്തു. 

നൂഹ് കലാപം; ട്രെയിന്‍ വെടിവയ്പ്

ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത നൂഹ് ഗ്രാമത്തില്‍ ഹിന്ദു മുസ്ലിം കലാപം. ബജ്‌രംഗ്‌ദള്‍, വിശ്വ ഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ബ്രിജ് മണ്ഡല്‍ ജല ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഗോരക്ഷാ കേസുകളില്‍ പ്രതിയായ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകൻ മോനു മനേസറും കൂട്ടാളികളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോയാണ് പ്രകോപനകാരണമായത്. ജൂലൈ 31 ന് ആരംഭിച്ച സംഘര്‍ഷം ഓഗസ്റ്റ് എട്ടുവരെ നീണ്ടുനിന്നു. നൂഹ് കലാപത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 88പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജയ്‌പൂര്‍-മുംബൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ മേലുദ്യോഗസ്ഥനടക്കം നാലുപേരെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വെടിവച്ചുകൊന്നു. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിങ്ങാണ് ആര്‍പിഎഫ് എഎസ്ഐ ടീക്കാറാം മീണ, ഒരു പാന്‍ട്രി ജീവനക്കാരന്‍, രണ്ട് യാത്രക്കാര്‍ എന്നിവരെ വെടിവച്ചത്. ജൂലൈ 31 ന് രാത്രിയിലായിരുന്നു സംഭവം. വെടിവയ്പ്പിന് ശേഷം മോഡിയെയും ആദിത്യനാഥിനെയും പ്രകീര്‍ത്തിച്ചുകൊണ്ട് ചേതന്‍ സിങ് യാത്രക്കാരോട് സംസാരിക്കുകയും ചെയ്തു.

സൗമ്യ വിശ്വനാഥൻ കൊലപാതകം: പ്രതികള്‍ക്ക് ശിക്ഷ 

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും അഞ്ചു ലക്ഷം പിഴയും വിധിച്ചു. ഡല്‍ഹി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്രകുമാര്‍ പാണ്ഡേയാണ് നവംബര്‍ 25 ന് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിങ്, അജയ് കുമാര്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
2008 സെപ്റ്റംബർ 30നാണ് കവർച്ചക്കെത്തിയ സംഘം 25 കാരിയായ സൗമ്യ വിശ്വനാഥനെ വെടിവച്ച് കൊലപ്പെടുത്തിയത്. 

ഭാരതീയ ന്യായ സംഹിത

ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവ ഇല്ലാതാവുകയും ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ നിയമങ്ങളാവുകയും ചെയ്തു. ശൈത്യകാല സമ്മേളനത്തില്‍ 146 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തശേഷം പാർലമെന്റിന്റെ ഇരുസഭകളിലും ഈ ബില്ലുകൾ കേന്ദ്രസര്‍ക്കാര്‍ പാസാക്കുകയായിരുന്നു.
ഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി, 175 വകുപ്പുകൾക്ക് മാറ്റം വരുത്തിയാണ് ഒമ്പത് പുതിയ വകുപ്പുകൾ ചേർത്ത് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ സിആര്‍പിസിയുടെ ഒമ്പത് വകുപ്പുകൾ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളിൽ മാറ്റം വരുത്തി. ഒമ്പതെണ്ണം പുതിയതായി ചേർത്തു. തെളിവ് നിയമത്തിലെ അഞ്ച് വകുപ്പുകൾ റദ്ദാക്കുകയും 23 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഒരു വകുപ്പ് അധികമായി ചേർത്താണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചത്.
വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റ സുരക്ഷാ നിയമം ഉള്‍പ്പെടെ വര്‍ഷകാല സമ്മേളനത്തില്‍ നാല് ബില്ലുകള്‍ പാസാക്കി. ഡാറ്റ സംരക്ഷണം, പങ്കുവയ്ക്കല്‍, ശേഖരണം എന്നിവയ്ക്കുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വ്യക്തികളുടെ സമ്മതമില്ലാതെ സര്‍ക്കാര്‍-സ്വകാര്യ സംഘടനകള്‍ വ്യക്തിഗത വിവരം ഉപയോഗിക്കാൻ പാടില്ലെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തെയും നിയമനത്തെയുമെല്ലാം തീരുമാനിക്കുന്നതില്‍ കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്ന സര്‍വീസ് ബില്‍ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയിരുന്നു. 

ടീസ്ത സെതല്‍വാദിന് ജാമ്യം 

ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണം നേരിട്ട സാമൂഹിക പ്രവര്‍ത്തക ടീസ്ത സെ തല്‍വാദിന് ജൂലൈ 19 ന് സുപ്രീം കോടതി സ്ഥിരജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, ഹെെക്കോടതി നിരീക്ഷണങ്ങൾ വൈകല്യങ്ങള്‍ നിറഞ്ഞതും വിചിത്രവും പരസ്പരവിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ല

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തള്ളി. ഒക്ടോബര്‍ 17 ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെടെ രണ്ടു പേര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത വേണമെന്ന ആവശ്യത്തോട് യോജിച്ചപ്പോള്‍ മൂന്ന് ജഡ്ജിമാര്‍ വിയോജിച്ചു. ഇതോടെ 3–2 എന്ന ഭിന്നവിധിയില്‍ ഹര്‍ജികള്‍ തള്ളി. 

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു

രാജ്യത്തെ 81.5 കോടി ഇന്ത്യക്കാരുടെ കോവിഡ് പരിശോധനാ വിവരങ്ങള്‍ ചോര്‍ന്നു. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കൈവശമുണ്ടായിരുന്ന വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്പനയ്ക്കായി പരസ്യപ്പെടുത്തിയതായി കണ്ടെത്തി. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ചോര്‍ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ബിഹാറില്‍ സംവരണം ഉയര്‍ത്തി

ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗം(ഒബിസി), അതി പിന്നാക്ക വിഭാഗം (ഇബിസി) എന്നിവര്‍ക്കുള്ള സംവരണം ഉയര്‍ത്തുന്നത് സംബന്ധിച്ച ബില്‍ നവംബര്‍ ഒമ്പതിന് നിയമസഭ പാസാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ സംവരണം 65 ശതമാനമായി ഉയര്‍ന്നു. 50 ശതമാനം സംവരണം എന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കേയാണ് തീരുമാനം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഒപ്പുവച്ചാല്‍ ബില്‍ നിയമമാകും. 

ആളിക്കത്തി മണിപ്പൂര്‍

ബിജെപിയുടെ വിഭജനരാഷ്ട്രീയത്തിന്റെ ഇരയായി മണിപ്പൂര്‍. ഇനിയും അവസാനിക്കാത്ത ഗോത്ര സംഘര്‍ഷം നീളുന്നു. മെയ്തി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന മണിപ്പൂര്‍ ഹൈക്കോടതി വിധിക്കെതിരെ ചുരാചന്ദ്പുര്‍ ജില്ലയില്‍ കുക്കി സംഘടനകള്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. ഇതുവരെ ഇരുവിഭാഗങ്ങളിലുമായി 200 ലധികം പേര്‍ കൊല്ലപ്പെട്ടു.
മേയ് മൂന്ന് മുതല്‍ വിച്ഛേദിച്ച ഇന്റര്‍നെറ്റ് സെപ്റ്റംബറില്‍ പുനസ്ഥാപിച്ചെങ്കിലും കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വീണ്ടും ഇന്റര്‍നെറ്റ് വീണ്ടും വിച്ഛേദിച്ചു. ഒക്ടോബര്‍ ഒമ്പതിന് ഒരാളെ ചുട്ട്കൊന്നതോടെ പ്രതിഷേധം ആളിക്കത്തി.
കുക്കി-സോ വിഭാഗത്തിലെ രണ്ട് സ്ത്രീകളെ ഒരു സംഘം അക്രമികള്‍ നഗ്നരാക്കി റോഡില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ രാജ്യം തലകുനിച്ചു. മേയ് നാലിന് ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കങ്ക്പോകപി ജില്ലയിലായിരുന്നു സംഭവം. എന്നാല്‍ കുറേ നാളുകള്‍ക്ക് ശേഷമാണ് ഇതിന്റെ വീഡിയോ പുറത്തുവന്നത്. തുടര്‍ന്ന് മണിപ്പൂരിലെ ഏഴ് മെയ്തി തീവ്രവാദ സംഘടനകളെയും നാല് അനുബന്ധ സംഘടനകളെയും യുഎപിഎ നിയമത്തിന് കീഴില്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. ഇപ്പോഴും സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സൈന്യം സംസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 

ഏകീകൃത വ്യക്തി നിയമം

ഇന്ത്യയുടെ 22-ാം നിയമ കമ്മിഷന്‍ വിവിധ പൊതുസ്ഥാപനങ്ങളോടും മത സംഘടനകളോടും ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചോദിച്ചറിഞ്ഞതോടെ ഇത് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു. കൂടാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സിവില്‍ കോഡ് രൂപീകരിക്കാന്‍ സംഘടിക്കപ്പെട്ട സമിതിയുടെ നേതൃത്വത്തില്‍ ഇതേ സംബന്ധിച്ച് പൊതുചര്‍ച്ച നടക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം വകുപ്പിലെ നാലാം അനുച്ഛേദത്തിലാണ് ഏകീകൃത സിവില്‍കോഡിനെപ്പറ്റി പറയുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ത്തപ്പോള്‍ ശക്തമായ പിന്തുണയുമായി ആംആദ്മി പാര്‍ട്ടി രംഗത്ത് വന്നു. നിലവില്‍ ഗോവയില്‍ മാത്രമാണ് ഏകീകൃത സിവില്‍ കോഡ് പിന്തുടരുന്നത്. 

അശോകസ്തംഭവും ഇന്ത്യയും പുറത്ത്

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) ലോഗോയില്‍ നിന്ന് ദേശീയ ചിഹ്നമായ അശോകസ്തംഭവും ഇന്ത്യയെന്ന പേരും ഒഴിവാക്കി. പകരം ഹിന്ദു വിശ്വാസ പ്രകാരമുള്ള ധന്വന്തരിയും ഭാരതവും ഇടം പിടിച്ചു. നിലവിലുള്ള വെബ്സൈറ്റില്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ എന്നതിന് പകരം നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ഓഫ് ഭാരത് എന്നാക്കി പുനര്‍നാമകരണം ചെയ്യുകയും ഉണ്ടായി. ലോഗോയുടെ നടുവിലായി ബഹുവര്‍ണത്തിലാണ് ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. 

സില്‍ക്യാര തുരങ്കം അപകടം 

ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 41 തൊഴിലാളികള്‍ കുടുങ്ങി. ബ്രഹ്മഖൽ യമുനോത്രി ദേശീയ പാതയിലെ സിൽക്യാരയിൽ നിന്ന് ദണ്ഡൽഗാവിനെ ബന്ധിപ്പിക്കുന്ന തുരങ്കമാണ് തകർന്നത്. തുടക്ക സ്ഥാനത്ത് മണ്ണിടിച്ചിലുണ്ടായതാണ് അപകടത്തിന് കാരണമായത്. നാലര കിലോമീറ്റര്‍ തുരങ്കത്തിന്റെ 150 മീറ്റര്‍ നീളമുള്ള ഭാഗമാണ് തകര്‍ന്നത്. പിന്നീട് 17 ദിവസത്തെ പരിശ്രമത്തിനൊടുവില്‍ 41 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നവംബര്‍ 12നാണ് അപകടത്തെ തുടര്‍ന്ന് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. അന്ന് തൊട്ട് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം 28നാണ് പൂര്‍ത്തിയായത് .

യുഎസ് മതസ്വാതന്ത്ര്യ കമ്മിഷന്‍ വീണ്ടും ഇന്ത്യക്കെതിരെ 

ഇന്ത്യ- യുഎസ് ബന്ധം തകര്‍ച്ചയിലേക്ക്. ഇന്ത്യൻ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നതിനാല്‍ പ്ര­ത്യേക ആശങ്കയുള്ള രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന് യുഎസ് കമ്മിഷൻ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം യുഎസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. വിദേശ രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളെയും പത്ര പ്രവര്‍ത്തകരെയും അഭിഭാഷകരെയും നിശ ബ്ദരാക്കാന്‍ ഇന്ത്യൻ സര്‍ക്കാര്‍ സമീപകാ ലത്ത് ശ്രമങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

ന്യൂസ് ക്ലിക്ക് വേട്ട

മോഡി വിരുദ്ധ വാര്‍ത്തകളുടെ പേരില്‍ ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക്കിനെതിരെ ഭരണകൂട വേട്ട. വെബ്സൈറ്റ് സ്ഥാപകൻ പ്രബീർ പുർകായസ്തയെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അമിത് ചക്രവർത്തിയെയും ഒക്ടോബര്‍ മൂന്നിന് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. ചൈന അനുകൂല പ്രചരണത്തിനായി കള്ളപ്പണം കൈപ്പറ്റിയെന്നാരോപിച്ചായിരുന്നു നടപടി. പിന്നീട് ന്യൂസ് ക്ലിക്കിന്റെ ബാങ്ക് അക്കൗണ്ടും കേന്ദ്രം മരവിപ്പിച്ചു.
ചാനലുമായി ബന്ധമുള്ള 50ഓളം മാധ്യമ പ്രവർത്തകരെ ഡൽഹി പൊലീസ് ചോദ്യം ചെയ്യുകയും ഇവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പ്രചാരണ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കന്‍ കോടീശ്വരന്‍ നെവില്‍ റോയ് സിംഗാമില്‍ നിന്ന് ന്യൂസ് ക്ലിക്കിന് ധനസഹായം ലഭിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി. 

146 എംപിമാരെ പുറത്താക്കി

ലോക്‌സഭയിലെ സുരക്ഷാവീഴ്ചയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ പ്രതിപക്ഷാംഗങ്ങളായ 146 എംപിമാരെ പുറത്താക്കി.
പാര്‍ലമെന്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച സംഭവിച്ചതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയോ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങോ സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷം മുന്നോട്ടുവച്ചത്. ഇതിനെതിരെയാണ് ഭൂരിപക്ഷത്തിന്റെ അഹന്തയില്‍ പ്രതിപക്ഷത്തെ നിശബ്ദരാക്കി ജനാധിപത്യത്തിന് വെല്ലുവിളിയായി മോഡി ഭരണകൂടം കൂട്ട സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. 

മഹുവ മൊയ്ത്രയും പുറത്ത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. അഡാനിക്കെതിരായ ചോദ്യത്തിന് കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ പാര്‍ലമെന്റ് എസ്റ്റേറ്റ് കമ്മിറ്റി നോട്ടീസ് അയച്ചു. തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയാനുള്ള തീരുമാനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്ത്ര ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കശ്മീരിലെ ഭീകരാക്രമണങ്ങള്‍, തുടര്‍ക്കഥയാകുന്ന നോട്ട് നിരോധനം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകങ്ങള്‍, കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകള്‍, കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടികള്‍ തുടങ്ങി സംഭവബഹുലമായിരുന്നു 2023. പോയവര്‍ഷം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കാം.

ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡനപരാതി 

വനിതാ ഗുസ്തിതാരങ്ങളുടെ കണ്ണീരില്‍ ഒപ്പം ചേര്‍ന്ന് ഇന്ത്യ. ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി മുന്‍നിര വനിതാ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും രംഗത്തെത്തുകയായിരുന്നു. പരിശീലന ക്യാമ്പുകളില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നതായി അവര്‍ പറഞ്ഞു.
ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധം സംഘടിപ്പു. തുടര്‍ന്ന് ബ്രിജ് ഭൂഷണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷസ്ഥാനം നഷ്ടമായി. എന്നാല്‍ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ സഹായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ കായികരംഗം ഉപേക്ഷിച്ചു. തുടര്‍ന്ന് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭരണ സമിതി കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. 

പാര്‍ലമെന്റില്‍ ചെങ്കോല്‍

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നടുവില്‍ മേയ് 28ന് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവിനും രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് സിപിഐ അടക്കമുള്ള 21 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിച്ചു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന് തമിഴ്‌നാട്ടിൽ നിന്ന് ലഭിച്ചതെന്ന പേരില്‍ ലോക്‌സഭാ സ്പീക്കറുടെ ചേംബറിൽ അധികാരമുദ്രയായ ചെങ്കോലും സ്ഥാപിച്ചു. ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡ് നിർമ്മിച്ച ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. ലോക്‌സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭാ ചേംബറിൽ 300 അംഗങ്ങൾക്കും ഇരിക്കാൻ കഴിയും. ഇരുസഭകളുടെയും സംയുക്ത സമ്മേളനമാണെങ്കിൽ, ലോക്‌സഭാ ചേംബറിൽ ആകെ 1,280 അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയും. 

നോട്ട് അസാധുവാക്കലിനും പ്രത്യേക പദവി റദ്ദാക്കലിനും സുപ്രീം കോടതി അംഗീകാരം

മോഡി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം സാങ്കേതികമായി സാധുതയുള്ളതാണെന്ന് ജനുവരി രണ്ടിന് സുപ്രീം കോടതി വിധിച്ചു. നോട്ടു നിരോധനം ലക്ഷ്യങ്ങൾ നേടിയെടുത്തോ എന്നത് പ്രസക്തമല്ലെന്ന് കോടതി പ്രസ്താവിച്ചു. സാമ്പത്തിക നയത്തിന്റെ കാര്യങ്ങളിൽ എക്സിക്യൂട്ടീവിന്റെ തീരുമാനം കോടതിക്ക് മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ നിർദേശം പുറപ്പെടുവിച്ചതുകൊണ്ട് മാത്രം തീരുമാനം തെറ്റാണെന്ന് വിലയിരുത്താനാകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഡിസംബര്‍ 11ന് സുപ്രീം കോടതി ശരിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു

ദ കേരള സ്റ്റോറി

മുസ്ലിം വിരുദ്ധ നിലപാടുകളും കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശങ്ങളുമായി ദ കേരള സ്റ്റോറി. വിവാദമായതോടെ സാങ്കല്പിക കഥയാണെന്നും 32,000 സ്ത്രീകൾ ഇസ്ലാമിലേക്ക് മതം മാറി എന്ന് ഉറപ്പാക്കുന്ന ആധികാരിക വിവരമില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് സിനിമയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

2000 രൂപ പിന്‍വലിക്കല്‍

മേയ് 19ന് 2000 രൂപയുടെ കറൻസി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചു. മറ്റ് നോട്ടുകൾ യഥേഷ്ടം ലഭ്യമാണെന്ന് കാട്ടിയാണ് 2000 രൂപ അച്ചടി ആർബിഐ നിർത്തിയത്. ബാങ്കുകളോട് 2000 രൂപയുടെ നോട്ട് വിതരണം നിർത്തിവയ്ക്കാൻ കേന്ദ്ര ബാങ്ക് നിർദേശം നൽകുകയും ചെയ്തു. 2016ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച് പകരം പുതിയ 2000, 500രൂപ നോട്ടുകൾ പുറത്തിറക്കിയത്. ഒക്ടോബര്‍ ഏഴുവരെ 2000 നോട്ടുകള്‍ ബാങ്ക് വഴി തിരിച്ചെടുത്തു. നിലവില്‍ നിയമസാധുതയുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകള്‍ വഴി മാത്രമാണ് 2000 നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയുക. 

‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍’ 

2002 ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പുറത്തുവന്നു.
‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയാണ് രണ്ടു ഭാഗങ്ങളിലായി പുറത്തുവന്നത്. തുടര്‍ന്ന് ഡോക്യുമെന്ററി നീക്കം ചെയ്യാന്‍ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഡോക്യുമെന്ററിയിലേക്കുള്ള എല്ലാ ആക്സസുകളും സര്‍ക്കാര്‍ തടയുകയും ചെയ്തു. സര്‍ക്കാര്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ എക്സ്(മുമ്പ് ട്വിറ്റര്‍) നീക്കം ചെയ്തു. ഗുജറാത്ത് കലാപം സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്ന് ബിബിസി വ്യക്തമാക്കിയത്.
ഒട്ടേറെ തത്സമയ തെളിവുകളും രേഖകളും വിശദീകരണങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഗുജറാത്ത് കലാപം ആസൂത്രിതമെന്ന് തെളിയിക്കുന്ന ബ്രിട്ടന്റെ അന്വേഷണ റിപ്പോർട്ടും പുറത്തുവന്നിരുന്നു. ‘കാരവന്‍’ മാഗസിനാണ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിട്ടത്. കലാപസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ റിപ്പോർട്ടിലുണ്ടായിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്

അഡാനിയുടെ വ്യവസായ സാമ്രാജ്യം കടത്തിന്റെ പിന്‍ബലത്തില്‍ കെട്ടിപ്പൊക്കിയതാണെന്നും കണക്കുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നുമുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ജനുവരി 24 ന് പുറത്തുവിട്ടു. യുഎസ് ആസ്ഥാനമായ ഗവേഷണ സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരിവിപണികളില്‍ അഡാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോര്‍പറേറ്റ് സ്ഥാപനമായ അഡാനി ഗ്രൂപ്പ് ദീര്‍ഘകാലമായി ഓഹരി ക്രമക്കേടുകളും സാമ്പത്തിക തട്ടിപ്പുകളും നടത്തിവരുന്നതായി ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. കോര്‍പറേറ്റ് തട്ടിപ്പുകള്‍ക്ക് പുറമെ അഡാനി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ബിനാമി കമ്പനികളെക്കുറിച്ചും നികുതി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും റിപ്പോര്‍ട്ട് പ്രതിപാദിച്ചിരുന്നു. തുടര്‍ന്ന് അഡാനി ഗ്രൂപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു. മാധ്യമകൂട്ടായ്മയായ ഒസിസിആര്‍പിയും അഡാനി ക്രമക്കേടുകളെക്കുറിച്ച് ദീര്‍ഘമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. 

രാഹുലിന് അയോഗ്യത

‘മോഡി’ വിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് വിചാരണ കോടതി രണ്ടു വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ലോക്‌സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കി. ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോഡി നല്‍കിയ മാനനഷ്ടക്കേസിലായിരുന്നു സൂറത്ത് കോടതിയുടെ ഉത്തരവ്. എന്നാല്‍ രാഹുലിനെതിരെയുള്ള വിചാരണ കോ‍ടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിക്കുകയും രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കുകയും ചെയ്തു.

കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ്

കര്‍ണാടകയില്‍ 137 സീറ്റുകള്‍ നേടി കോൺഗ്രസ് അധികാരം പിടിച്ചെടുത്തു.‍ ബിജെപി 65 സീറ്റുകളില്‍ ഒതുങ്ങി. പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാത്ത ജനതാദള്‍ (സെക്കുലര്‍) 19 സീറ്റുകളിലും മറ്റുള്ളവർ മൂന്ന് സീറ്റുകളിലും വിജയിച്ചു. തുടര്‍ന്ന് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി.
നാഗാലാന്‍ഡിലും ത്രിപുരയിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം ഭരണത്തുടര്‍ച്ച നേടി. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിക്കൊപ്പം സഖ്യം ചേര്‍ന്ന് ബിജെപി അധികാരത്തില്‍ പങ്കാളിയായി. ത്രിപുരയില്‍ ബിജെപി 32 സീറ്റുകളിലും സഖ്യകക്ഷിയായ ഐപിഎഫ‌്ടി ഒരു സീറ്റിലും വിജയിച്ചു.
കോണ്‍ഗ്രസിന് അധികാരമുണ്ടായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും ബിജെപി പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തി. തെലങ്കാനയില്‍ ഭരണകക്ഷിയായ ബിആര്‍എസിനെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിച്ചു. രാജസ്ഥാനിൽ 115 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് എന്നാല്‍ ബിജെപി 163 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. മിസോറാമില്‍ 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി എംഎൻഎഫ് അധികാരത്തില്‍ നിന്ന് പുറത്തായി ഇസഡ്‌പിഎം വിജയിച്ചു. 40 ൽ 27 സീറ്റുകളിൽ വിജയിച്ച സോറം പീപ്പിൾസ് മൂവ്‌മെന്റ് (ഇസഡ്പിഎം) ഭൂരിപക്ഷം ഉറപ്പിച്ചു.
ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ എഎപി വിജയം നേടി. ഏകീകരിച്ച ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ ആദ്യ വനിതാ മേയറായി ഷെല്ലി ഒബ്‌റോയി തെരഞ്ഞെടുക്കപ്പെട്ടു. 

ബില്‍ക്കീസ് ബാനു കേസ് പ്രതികള്‍ക്ക് വിടുതല്‍

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളായ 11 പ്രതികളെയും ശിക്ഷാകാലാവധി തീരും മുമ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചു. പ്രതികളെ ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ പൂമാല അണിയിച്ച് സ്വീകരിക്കുകയും ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗുജറാത്ത് കലാപത്തിനിടെയാണ് ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ 11 പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. എന്നിട്ടും മത ഭ്രാന്ത് അടങ്ങാതെ മൂന്നു വയസുള്ള മകളെയടക്കം 14പേരെ കൊലപ്പെടുത്തുകയും ചെയ്തു. 2008ലാണ് മഹാരാഷ്ട്ര കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

മഹാരാഷ്ട്രയിലെ മഹാനാടകങ്ങള്‍

ഇനിയും അവസാനിക്കാതെ ശിവസേന തര്‍ക്കം കോടതിയില്‍ തുടരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. ഇതോടെ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന് സ്വന്തമായി.
ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധുതയില്ലെന്ന് വിലയിരുത്തിയാണ് ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ചത്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കാനായി ഏകനാഥ് ഷിൻഡെയെ കൂട്ടുപിടിച്ച് ബിജെപി ശിവസേനയെ പിളര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പേരിനും ചിഹ്നത്തിനുമായി തര്‍ക്കം രൂക്ഷമാകുകയായിരുന്നു. അതേസമയം വിശ്വാസവോട്ടെടുപ്പിന് ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് പിന്നീട് സുപ്രീം കോടതിയുടെ വിലയിരുത്തലുണ്ടായി.
മഹാരാഷ്ട്രയിൽ പ്രധാന പ്രതിപക്ഷ കക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എൻസിപി)യും പിളർന്നു. അപ്രതീക്ഷിത നീക്കങ്ങളിലൂടെ പ്രതിപക്ഷ നേതാവ് അജിത് പവാർ, ഏകനാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി. എട്ട് എൻസിപി എംഎൽഎമാരും മന്ത്രിമാരായി ബിജെപി സർക്കാരിന്റെ ഭാഗമായി. 

വനിതാ സംവരണ ബില്‍ 

വനിതാ സംവരണ ബില്‍ ലോക്‌സഭയും രാജ്യസഭയും അംഗീകരിച്ചു. ഭരണഘടനയിലെ 128-ാം ഭേദഗതിയായി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സെപ്റ്റംബര്‍ 21 ന് പാസാക്കിയത്. ലോക്‌സഭ, നിയമസഭ, കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹി അസംബ്ലി എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്നതാണ് ബില്‍. രാജ്യസഭ, ലെജിസ്ലേറ്റീവ് കൗണ്‍സിലുകള്‍ എന്നിവയില്‍ വനിതാ സംവരണം ബാധകമല്ല. പട്ടിക ജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്ന സീറ്റുകളില്‍ മൂന്നിലൊന്ന് വനിതകള്‍ക്കായി സംവരണം ചെയ്യണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം ഒബിസി സംവരണമില്ല. ആംഗ്ലോ ഇന്ത്യന്‍ സംവരണവും ഒഴിവാക്കി. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം മാത്രമായിരിക്കും ബില്‍ പ്രാബല്യത്തില്‍ വരിക. 

മാധ്യമ സ്വാതന്ത്ര്യ സൂചിക; ഇന്ത്യ 161-ാം സ്ഥാനത്തേക്ക് 

ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 180 രാജ്യങ്ങളുടെ പട്ടികയില്‍ 2022ല്‍ 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സാണ് ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക തയ്യാറാക്കുന്നത്.
മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ, രാഷ്ട്രീയപരമായി പക്ഷംപിടിക്കുന്ന മാധ്യമങ്ങൾ, മാധ്യമങ്ങളുടെ ഉടമസ്ഥതാ കേന്ദ്രീകരണം തുടങ്ങിയവയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാവാൻ കാരണമായി പഠനം വ്യക്തമാക്കിയത്.
ആഗോള വിശപ്പ് സൂചികയില്‍ 125 രാജ്യങ്ങളുടെ പട്ടികയില്‍ 111-ാം സ്ഥാനത്താണ് ഇന്ത്യ. 2022ല്‍ 107-ാം സ്ഥാനത്തായിരുന്ന രാജ്യമാണ് ഒരുവര്‍ഷം കൊണ്ട് 111 ലേക്ക് കൂപ്പുകുത്തിയത്. 

മാവോയിസ്റ്റ് ആക്രമണം: 10 സൈനികര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഡ്രൈവറും കൊല്ലപ്പെട്ടു.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി) അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച വാഹനം അരൺപൂര്‍ റോഡില്‍ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്ഫോടനത്തില്‍ തകരുകയായിരുന്നു. 50 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 

കശ്മീര്‍ ഭീകരാക്രമണം തുടര്‍ക്കഥ

ജനുവരി ഒന്നിന് ജമ്മു കശ്മീരിലെ രജൗരിയിലെ ഡാന്‍ഗ്രി ഗ്രാമത്തിലെ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. കാറിലെത്തിയ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ മൂന്ന് വീടുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ഡാന്‍ഗ്രി ഗ്രാമത്തിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് കുട്ടികളും മരിച്ചു. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി ഭീകരാക്രമണങ്ങളുണ്ടായി.
ഡിസംബര്‍ 22ന് കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയുടെ ഉപഘടകമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കള്‍ മരിച്ചതോടെ കശ്മീരില്‍ വന്‍ പ്രതിഷേധമുണ്ടായി. 

ശിക്ഷയില്ലാതെ നരോദാഗാം

2002ലെ ഗുജറാത്ത് കലാപത്തിനിടെ നരോദ ഗാമില്‍ 11 പേരുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കലാപത്തില്‍ 11 മുസ്ലിങ്ങളെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും വീടും സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്ത പ്രതികളെയാണ് ഏപ്രില്‍ 20 ന് അഹമ്മാബാദിലെ പ്രത്യേക കോടതി വെറുതെ വിട്ടത്.
നരേന്ദ്ര മോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന മായ കോഡ്നാനി, ബജ്റംഗ്‍ദള്‍ നേതാവ് ബാബു ബജ്റംഗി, വിഎച്ച്പി നേതാവ് ജയദീപ് പട്ടേല്‍ എന്നിവര്‍ അടക്കമുള്ള 68 പ്രതികളെയാണ് വിട്ടയച്ചത്. 13 വർഷം നീണ്ട വിചാരണയ്ക്കൊടുവില്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
ദിയോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലും കോടതി പ്രതികളെ വെറുതെവിട്ടു. 2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.
മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്. രണ്ടുവര്‍ഷത്തിനുശേഷം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു കോടതി ഉത്തരവ്. 

ബാലാസോര്‍ ദുരന്തം

കൊല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറമാണ്ഡല്‍ എക്സ്പ്രസ് തീവണ്ടി പാളം തെറ്റി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് നിരവധിപേര്‍ മരിച്ചു. ജൂണ്‍ രണ്ടിനാണ് സംഭവം. ഒഡിഷയിലെ ബാലാസോര്‍ ജില്ലയിലെ ബഹനഗര്‍ സ്റ്റേഷനില്‍ പാളം തെറ്റിയ കോറമാണ്ഡല്‍ എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയില്‍ ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പോകുകയായിരുന്ന യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസിലും ഇടിച്ചു. കോറമാണ്ഡല്‍ എക്സ്പ്രസിന്റെ 15 ഓളം ബോഗികളും യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റിയാണ് അപകടമുണ്ടായത്. 

232 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു 

232 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 138 വാതുവയ്പ് ആപ്പുകളും 94 വായ്പാ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചത്.
ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമായിരുന്നു ഐടി മന്ത്രാലയത്തിന്റെ നടപടി. ഈ ആപ്പുകള്‍ക്ക് ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കുന്നതായി കണ്ടെത്തി. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലാണ് നടപടിയെന്ന് കേന്ദ്രം അറിയിച്ചു. നേരത്തെ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെയും ഇന്ത്യ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ജി20 ഉച്ചകോടി

ജി20 അധ്യക്ഷത വഹിച്ച് ഇന്ത്യ. സെപ്റ്റംബര്‍ 9, 10 ദിവസങ്ങളിലാണ് ഉച്ചകോടി നടന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, സൗദി കിരീ‍ടാവകാശി മുഹമ്മദ് ബിൻ സൽമാൻ അടക്കം എത്തിയിരുന്നു.
ഐക്യരാഷ്ട്ര സംഘടന, ഐഎംഎഫ്, ലോക ബാങ്ക്, ലോകാരോഗ്യ സംഘടന എന്നിവയുടെ തലവന്മാരും പങ്കെടുത്തു. ഉച്ചകോടിക്ക് ശേഷം കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിൽ കുടുങ്ങിയതും പിന്നീട്, ഖലിസ്ഥാൻ പ്രശ്നമുന്നയിച്ച് ഇരുരാജ്യങ്ങൾ തമ്മിൽ ബന്ധത്തിൽ വിള്ളലുണ്ടായതും ചർച്ചയായി.
ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വയ്ക്ക് ജി20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഔദ്യോഗികമായി കൈമാറി. ആഫ്രിക്കന്‍ യൂണിയന്റെ സ്ഥിരാംഗത്വത്തോടെ ജി21 ആയി ആഗോള കൂട്ടായ്മയുടെ അംഗസംഖ്യ വര്‍ധിച്ചു. 2022 ഡിസംബർ ഒന്നിന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. 

ഇഡിയുടെ വിളയാട്ടം

രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വലവിരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളമടക്കം എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങളിലും ഇഡിയും സിബിഐയും ഉള്‍പ്പെടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വട്ടമിട്ടുനടന്നു. മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, തേജസ്വി യാദവ്, ഹേമന്ത് സൊരേന്‍ തുടങ്ങിയവരുടെ അടുത്ത കേന്ദ്രങ്ങള്‍, ഡി കെ ശിവകുമാര്‍, കാര്‍ത്തി ചിദംബരം, എന്‍സിപി-ശിവസേന ഉദ്ധവ് വിഭാഗം നേതാക്കള്‍, ഡിഎംകെ-തൃണമൂല്‍ മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ഇഡി-സിബിഐ റെയ്ഡിനോ ചോദ്യംചെയ്യലിനോ ജയില്‍വാസത്തിനോ വിധേയരായി.
തമിഴ്‌നാട്ടില്‍ മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. റേഷന്‍ വിതരണത്തില്‍ അഴിമതി ആരോപിച്ച് ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബവുമായി ബന്ധമുള്ള അസോസിയേറ്റഡ് ജേണൽസ്, യങ് ഇന്ത്യ സ്ഥാപനങ്ങളുടെ 752 കോടിയുടെ സ്വത്തുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. 

എം എസ് സ്വാമിനാഥൻ 

ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ(98) സെപ്റ്റംബര്‍ 28ന് അന്തരിച്ചു. മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്നാണ് മുഴുവന്‍ പേര്. 1925 ഓഗസ്റ്റ് ഏഴിന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനനം. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തിച്ചതിൽ നിർണായക സംഭാവന നൽകിയ വ്യക്തിയാണ് സ്വാമിനാഥന്‍. 1966 ല്‍ മെക്സിക്കൻ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യൻ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാക്കി മാറ്റിയത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവെന്ന സ്ഥാനത്തിന് അര്‍ഹനാക്കി. പ്രഥമ ലോക ഭക്ഷ്യ പുരസ്കാരമുള്‍പ്പെടെ അമ്പതിലധികം അന്താരാഷ്ട്ര‑ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, രമണ്‍ മാഗ്‌സസെ അവാര്‍ഡ്, ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് പുരസ്കാരം, ടെയ്‌ലര്‍ പ്രൈസ്, ഫോര്‍ ഫ്രീഡംസ് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും തേടിയെത്തി. ലോകത്തെ 84 സര്‍വകലാശാലകള്‍ അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 

ഗദ്ദര്‍

കവി, നാടൻപാട്ട് ഗായകന്‍, സാമൂഹിക അവകാശ പ്രവര്‍ത്തകൻ എന്നീ നിലകളില്‍ ശ്രദ്ധേയനായ വിപ്ലവ കവി ഗദ്ദര്‍ (77) ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് ആറിന് അന്തരിച്ചു.
സാംസ്കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു.

ഡോ. കനക് റെലെ 
വിഖ്യാത നര്‍ത്തകി ഡോ. കനക് റെലെ (86) ഫെബ്രുവരി 22ന് അന്തരിച്ചു. കേരളത്തിന്റെ സ്വന്തം നാട്യരൂപമായ മോഹിനിയാട്ടത്തിന് മറുനാട്ടില്‍ പുതുജീവന്‍ പകര്‍ന്ന കലാകാരിയാണ് കനക് റെലെ. രാജ്യം പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കാവാലം നാരായണപണിക്കരുമായി ചേര്‍ന്ന് സോപാന സംഗീതത്തില്‍ കനക് റെലെ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തിന് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. 

ശാന്തി ഭൂഷണ്‍

പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന ശാന്തി ഭൂഷണ്‍ (97) ജനുവരി 31ന് അന്തരിച്ചു. 1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്നു. 1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ് നാരായണിനുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പൗരാവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ്.
പൊതുതാല്പര്യം മുന്‍നിര്‍ത്തി നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്. 1980ല്‍ പ്രമുഖ എന്‍ജിഒയായ ‘സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു. 

ആതിഖ് അഹമ്മദ് കൊലപാതകം 

ഉമേഷ് പാല്‍ കൊലപാതകക്കേസില്‍ പ്രതിയായ സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷറഫിനെയും വെടിവച്ചുകൊന്നു. ഏപ്രില്‍ 15 ന് പ്രയാഗ്‌രാജില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ സാന്നിധ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കൊലപാതകം.
വൈദ്യപരിശോധനയ്ക്കായി പ്രയാഗ്‌രാജ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. വ്യാജ ഐഡി കാര്‍ഡ് ധരിച്ച് മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയായിരുന്നു വെടിയുതിര്‍ത്തത്. ആതിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദിനെയും കൂട്ടാളി ഗുലാമിനെയും ഉത്തര്‍പ്രദേശ് പൊലീസ് ഏറ്റുമുട്ടലില്‍ വെടിവച്ച് കൊന്നിരുന്നു. 

അമൃത്പാൽ സിങ് അറസ്റ്റില്‍ 

ഖലിസ്ഥാൻ വിഘടനവാദിയും വാരിസ് പഞ്ചാബ് ദേയുടെ തലവനുമായ അമൃത്പാൽ സിങ് അറസ്റ്റിലായി. പഞ്ചാബിലുണ്ടായ സംഘർഷം അമൃത്പാലിന്റെ ആഹ്വാനപ്രകാരമായിരുന്നു. അനുയായിയായ ലവ്പ്രീത് സിങ്ങിനെ അജ്‌നാല പൊലീസ് പിടികൂടിയപ്പോൾ അമൃത്പാലിന്റെ സംഘം ആയുധങ്ങളുമായി പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. 

മുഗള്‍ ഗാര്‍ഡന്‍സ് ഇപ്പോള്‍ അമൃത് ഉദ്യാന്‍ 

രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് കേന്ദ്രസര്‍ക്കാര്‍ മാറ്റി. അമൃത് ഉദ്യാന്‍ എന്നാണ് പുതിയ പേര്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുനര്‍നാമകരണം നടത്തിയത്. മുഗള്‍ ഭരണ കാലത്ത് നിര്‍മ്മിച്ച ഉദ്യാനം രാഷ്ട്രപതി ഭവന് ചുറ്റുമായി 15 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുകയാണ്.

Exit mobile version