Site iconSite icon Janayugom Online

ചെറുപ്പക്കാർ നിലകൊള്ളേണ്ടത് നാടിന്റെ വളർച്ചയ്ക്ക്

kannurkannur

ണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ബോംബേറിൽ തല പൊട്ടിച്ചിതറി യുവാവ് മരിക്കാനിടയായ സംഭവം ക്രൂരവും പൈശാചികവുമാണ് എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ചെറുപ്പക്കാർ കയ്യിൽ മാരകായുധങ്ങളും ബോംബുകളുമായി വിവാഹസൽക്കാരങ്ങൾ പോലെയുള്ള ആഘോഷങ്ങൾക്ക് എത്തുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ്. വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ വിവാഹാഘോഷങ്ങളോട് അനുബന്ധിച്ച് ചെറുപ്പക്കാർ നടത്തുന്ന പേക്കൂത്തുകൾ അതിരുവിടുന്ന സംഭവങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ടെങ്കിലും ഒരാൾ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. ഒട്ടേറെ കുടുംബങ്ങളെ കണ്ണീരിലും ദുരിതത്തിലുമാഴ്ത്തുന്ന ഇത്തരത്തിലുള്ള അഴിഞ്ഞാട്ടങ്ങളെയും അക്രമങ്ങളെയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ പാടില്ല. അക്രമിസംഘങ്ങളുടെയും കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെയും രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി വിമർശിക്കുകയോ ന്യായീകരിക്കുകയോ നിശബ്ദത പാലിക്കുകയോ അല്ല ഈ സന്ദർഭത്തിൽ ചെയ്യേണ്ടത്. മറിച്ച് നീതിന്യായ സംവിധാനങ്ങൾ മുഖംനോക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കുകയും അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയുമാണ് വേണ്ടത്.

രണ്ട് സുപ്രധാന സംഗതികളാണ് ഇതുമായി ബന്ധപ്പെട്ട് കേരളം ചർച്ച ചെയ്യേണ്ടത്. കേരളത്തിലെ ഭാവി തലമുറ ഇത്തരത്തിലായാൽ നാടിന്റെ ഗതി എന്താകുമെന്നതാണ് ആദ്യത്തേത്. കേരളത്തിന്റെ എല്ലാ നേട്ടങ്ങളെയും കണ്ടില്ലെന്ന് നടിച്ച് നിരന്തരം വിമർശനം മാത്രം അഴിച്ചുവിടുന്ന ഫാസിസ്റ്റ് ശക്തികൾക്ക് കുറ്റപ്പെടുത്താൻ വീണ്ടും ആയുധം നൽകുന്നു എന്നതാണ് രണ്ടാമത്തെ സംഗതി. ഇക്കാര്യങ്ങൾ ഭരണകൂടവും പൊലീസും മറ്റ് നിയമസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും യുവജന-ബഹുജനസംഘ‍ടനകളും അതീവഗൗരവത്തോടെ കാണുകയും വേണ്ട നടപടികളും പരിഹാരമാർഗങ്ങളും സ്വീകരിക്കുകയും വേണം. കേരളം ആർജ്ജിച്ചെടുത്ത നന്മകളുടെയും വികസനങ്ങളുടെയും നേട്ടങ്ങളെ ഞൊടിയിടയിൽ തട്ടിത്തെറിപ്പിക്കാൻ ഇത്തരത്തിലുള്ള പ്രാകൃതപ്രവർത്തനങ്ങൾക്ക് കഴിയുമെന്നതിൽ തർക്കമില്ല.


ഇതുകൂടി വായിക്കൂ:  അക്രമ രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങള്‍ വിസ്മരിക്കരുത്


നിസാര കാരണങ്ങളെച്ചൊല്ലിയാണ് വിവാഹവീടുകളിൽ ചെറുപ്പക്കാർ സംഘടിതമായെത്തി അക്രമങ്ങളും കലഹങ്ങളും അഴിച്ചുവിടുക. വിവാഹങ്ങൾ മുടങ്ങുന്ന തരത്തിലേക്ക് വരെ ഇത്തരത്തിലുള്ള സൗഹൃദക്ക്രൂരത കാരണമായിട്ടുണ്ട്. കണ്ണൂരിൽ തോട്ടടയിൽ വിവാഹവീട്ടിലെ സൽക്കാരത്തിന് പാട്ടുവയ്ക്കുന്നത് സംബന്ധിച്ച് തലേന്ന് രാത്രിയുണ്ടായ തർക്കമാണ് പിറ്റേദിവസം ബോംബേറിലും കൊലപാതകത്തിലും കലാശിച്ചത്. വരന്റെ സുഹൃത്തുക്കളും നാട്ടുകാരും തമ്മിലുണ്ടായ തർക്കം പരിഹരിച്ച് മടങ്ങിപ്പോയ ചെറുപ്പക്കാർ പിറ്റേന്ന് വിവാഹത്തിനെത്തിയത് ബോംബുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ്. മറുപക്ഷത്തിന് നേരെയെറിഞ്ഞ ബോംബ് അക്രമികളുടെ കൂട്ടത്തിലൊരാളുടെ ജീവൻ അപഹരിക്കുകയായിരുന്നു. തല ചിന്നിച്ചിതറി സമീപവീടുകളിൽ അടക്കം ശരീരഭാഗങ്ങൾ തെറിച്ചുവീഴുന്ന തരത്തിലുള്ള ഉഗ്രസ്ഫോടനമാണ് വിവാഹസ്ഥലത്തുണ്ടായത്. വടക്കൻ കേരളത്തിൽ വിവാഹത്തോടനുന്ധിച്ചുള്ള കല്യാണസൊറ എന്ന പേരിലുള്ള പേക്കൂത്തുകൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. വരന്റെയും വധുവിന്റെയും നേർക്കുണ്ടാകുന്ന ക്രൂരമായ തമാശകളെ ഒരു പരിധി വരെ നാട്ടുകാർ അംഗീകരിക്കുമെങ്കിലും അതിരുകടക്കുമ്പോൾ വലിയ കലഹങ്ങൾ തന്നെയുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പേക്കൂത്തിന്റെ അനന്തരഫലമാണ് തോട്ടടയിൽ ഉണ്ടായ ബോംബേറും കൊലയും.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കേരളത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി നിലകൊള്ളേണ്ടതിന് പകരം അക്രമവും ഗുണ്ടായിസവും സ്വർണക്കടത്തും മയക്കുമരുന്ന് ഉപഭോഗവും തൊഴിലാക്കിയാൽ നാടിന്റെ മുന്നോട്ടുള്ള പോക്ക് എന്താകുമെന്ന് സമൂഹം ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്. അടുത്തകാലത്തെ വാർത്തകളിൽ നിന്ന് കേരളത്തിൽ ഉടനീളം ഉണ്ടാകുന്ന അക്രമസംഭവങ്ങൾ അത്ര നല്ല സന്ദേശങ്ങളല്ല മുന്നോട്ടുവയ്ക്കുന്നത്. ഗുണ്ടാപ്രവർത്തനങ്ങളിലേക്ക് എത്തുന്ന ചെറുപ്പക്കാർ ഗ്രാമീണമേഖലകളിൽ പോലും അക്രമമഴിച്ചുവിടുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നു. വയനാട്ടിൽ ഒരു ഗുണ്ടാനേതാവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾ സംഘടിച്ചതും മയക്കുമരുന്ന് പാർട്ടി നടത്തിയതും വാർത്തയായിരുന്നു. സംസ്ഥാനത്ത് സജീവമായ സ്വർണക്കടത്തിന്റെയും കുഴൽപ്പണ മാഫിയയുടെയും പിന്നണിയിൽ ഒട്ടേറെ ചെറുപ്പക്കാർ സജീവമായുണ്ടെന്ന വിവരവും അത്ര രഹസ്യമല്ല. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കാനും അക്രമത്തിന്റെയും അനാശാസ്യപ്രവണതകളുടെയും പാതയിൽ നിന്ന് ചെറുപ്പക്കാർ വഴിമാറി സഞ്ചരിക്കാനുമുള്ള സാഹചര്യമാണ് സംജാതമാകേണ്ടത്.


ഇതുകൂടി വായിക്കൂ:  കുരുതിയുടെ രാഷ്ട്രീയം


കേരളം ആർജ്ജിച്ചെടുത്ത ജനാധിപത്യമതേതര മൂല്യങ്ങളെയും ആരോഗ്യവിദ്യാഭ്യാസസാമൂഹികക്ഷേമ മേഖലയിലെ ഉന്നതിയെയും താറടിച്ചുകാട്ടാനും ഇകഴ്ത്താനും വലിയ ശ്രമമാണ് സംഘപരിവാർശക്തികൾ രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളം രാഷ്ട്രീയാക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും മണ്ണാണെന്ന് മോഡി-ആദിത്യനാഥ്-അമിത്ഷാ ത്രയങ്ങൾ വലിയ പ്രചാരണങ്ങളഴിച്ചുവിടുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും മുഖ്യമന്ത്രി ആദിത്യനാഥ് ഒന്നല്ല പലതവണ കേരളത്തെ അധിക്ഷേപിച്ച് വോട്ടുപിടിക്കാൻ ഹീനമായ തന്ത്രമാണ് പയറ്റുന്നത്. കേരളം ഉണ്ടാക്കിയെടുത്ത നേട്ടങ്ങളെയും ഇന്നാടിന്റെ സമാനതകളില്ലാത്ത വളർച്ചയെയും ഇക്കൂട്ടർ കണ്ണടച്ചിരുട്ടാക്കുകയാണ്. ഇത്തരം കള്ളപ്രചാരണക്കാർക്ക് വളംവച്ചുകൊടുക്കുന്ന നടപടിയാണ് തോട്ടടയിലേതുപോലുള്ള കൊലപാതകങ്ങൾ എന്ന് ചെറുപ്പക്കാർ തിരിച്ചറിയണം. സമാധാനത്തിന്റെയും ശാന്തിയുടെയും അക്രമരാഹിത്യത്തിന്റെയും പാതയിലൂടെയാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തെ പുൽകിയത്. കേരളത്തിന്റെ വളർച്ച നവോത്ഥാന പ്രവർത്തനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ജനാധിപത്യചിന്തയുടെയും പൗരാവകാശ മുന്നേറ്റങ്ങളുടെയും അനന്തരഫലമാണ്. ഇത്തരം മഹത്തായ സന്ദേശങ്ങളെ ലോകത്തിന് പ്രദാനം ചെയ്യുന്ന കേരളത്തെ അധിക്ഷേപിക്കാനിടയുള്ള യാതൊരുതരത്തിലുമുള്ള നടപടികളെയും വച്ചുപൊറുപ്പിക്കാൻ പാടില്ല.

You may also like this video;

Exit mobile version