ഓമനപ്പുഴയിൽ 28 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാംവാർഡ് കുടിയാംശ്ശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിതാവായ ജോസ് മോൻ എന്ന ഫ്രാൻസിസിനെ (54) മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കൊലപാതകം നാട്ടുകാരുടെ സംശയത്തെ തുടർന്നുള്ള ഇടപെടലിലാണ് പുറത്തറിഞ്ഞത്. ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവുമായി പിണങ്ങി കുറച്ചുകാലമായി സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു ഏയ്ഞ്ചൽ.
മകൾ ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു ഫ്രാൻസിസ് ആദ്യം എല്ലാവരെയും അറിയിച്ചത്. എന്നാൽ, മരണത്തിൽ സംശയം തോന്നിയ നാട്ടുകാർ പോസ്റ്റ്മോർട്ടം നടത്തണമെന്ന് നിർബന്ധം പിടിച്ചു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫ്രാൻസിസ് കുറ്റം സമ്മതിച്ചത്. തോർത്ത് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഫ്രാൻസിസ് പൊലീസിനോട് പറഞ്ഞു. ഭർത്താവുമായി വഴക്കിട്ട് ജാസ്മിൻ ഇടയ്ക്കിടെ വീട്ടിൽ വന്നു നിൽക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘർഷത്തിലേക്ക് നീങ്ങുകയും ഇതിൽ പ്രകോപനപരമായി കഴുത്തിൽ തോർത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം. മണ്ണഞ്ചേരി പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

