Site iconSite icon Janayugom Online

സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മേല്‍വിലാസത്തില്‍ പോസ്റ്റര്‍. സേവ് കോണ്‍ഗ്രസ് എന്ന തലക്കെട്ടോടെയുള്ള പോസ്റ്റര്‍ ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ആര്‍എസ്എസിനെ ന്യായീകരിക്കുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍ എന്നാണ് പോസ്റ്ററിലെ ആദ്യവാചകം.

കോണ്‍ഗ്രസിനെ ആര്‍എസ്എസില്‍ ലയിപ്പിക്കുന്നതിനുള്ള നീക്കം ചെറുക്കുക, ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍നിന്ന പാരമ്പര്യം കോണ്‍ഗ്രസിന് അപമാനകരം, ഗാന്ധിഘാതകരെ സംരക്ഷിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന് ശാപം തുടങ്ങിയവയാണ് പോസ്റ്ററില്‍ പ്രധാനമായും എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ പി രാമകൃഷ്ണന്‍ പറഞ്ഞതെല്ലാം എത്രയോ ശരിയാണെന്നും പോസ്റ്ററില്‍ കാണുന്നു. സുധാകരന്റേത് ബോംബ് രാഷ്ട്രീയമാണെന്നും പാര്‍ട്ടിയില്‍ സുധാകരന് സ്്വീകാര്യതയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പി രാമകൃഷ്ണന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് കാലത്ത് സുധാകരന്‍ അണികളോട് ബോംബുമായി രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്യാറുണ്ട്. കൂത്തുപറമ്പ് വെടിവയ്പ്പുണ്ടായ ദിവസം എം വി രാഘവനെ അവിടേക്ക് നിര്‍ബന്ധിപ്പിച്ച് കൊണ്ടുപോയത് സുധാകരനാണെന്നും ഡിസിസി പ്രസിഡന്‍് പദവി രാജിവച്ച് രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ലീഗ് ഉള്‍പ്പെടെ നേതാക്കള്‍ സുധാകരനെതിരെയുള്ള നീക്കം മയപ്പെടുത്തി എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇത് സുധാകരനെ വീണ്ടും പ്രതിരോധത്തിലാക്കും. കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം സുധാകരനെതിരെ കച്ചമുറുക്കിയതിന്റെ സൂചനകൂടിയാണിത്. ലീഗ് നേതൃത്വത്തെ സുധാകരന്‍ നേരിട്ട് വിളിച്ച് സംസാരിക്കുകയും അവരെ ശാന്തരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ മറ്റു യുഡിഎഫ് കക്ഷികള്‍ സുധാകരന്റെ നിലപാടിനെതിരെ രംഗത്തുവരികയും ചെയ്തു.

തനിക്കെതിരെ ഏതെങ്കിലും തരത്തില്‍ സംഘടനാപരമായ നടപടികള്‍ ഉണ്ടാവാതിരിക്കാന്‍ സുധാകരന്‍ ഹൈക്കമാന്‍ഡിനെയും സമീപിച്ചിരുന്നു. സുധാകരന്‍ നല്‍കിയ വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ എഐസിസി, അച്ചടക്കനടപടിയൊന്നും സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സുധാകരനെതിരെ മറുനീക്കവുമായി കോണ്‍ഗ്രസില്‍ ഒരുവിഭാഗം രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരുന്നതാണ്. എന്നാല്‍ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. സുധാകരന്‍ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയത്. സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസംഗവും പ്രസ്താവനകളും ചര്‍ച്ചചെയ്യാനായിരുന്നു യോഗം.

eng­lish sam­mury: youth con­gress poster against k sud­hakaran at kan­nur dcc office

Exit mobile version