Site iconSite icon Janayugom Online

ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് മരിച്ചു; മൂന്നുപേർ അറസ്റ്റിൽ

യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. കോഴിക്കോട് ചെലവൂർ പാലക്കോട്ടുവയൽ അമ്പലക്കണ്ടി കിഴക്കയിൽ എം കെ സൂരജ്(20) ആണ് മരിച്ചത്. സംഭവത്തിൽ സൂരജിന്റെ നാട്ടുകാരായ മനോജ് കുമാർ (49), മക്കളായ അജയ് മനോജ് (20), വിജയ് മനോജ് (19) എന്നിവരെ ചേവായൂർ പൊലീസ് അറസ്റ്റുചെയ്തു. ഇവരെകൂടാതെ കണ്ടാലറിയാവുന്ന 15ഓളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ ഏഴുപേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പാലക്കോട്ടുവയൽ തിരുത്തിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് സൂരജിനെ സംഘംചേർന്ന് ക്രൂരമായി മർദിച്ചത്. കഴുത്തിനും വാരിയെല്ലിനുമുൾപ്പെടെ ഗുരുതര പരിക്കേറ്റ സൂരജിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ചാത്തമംഗലം എസ്എൻഇഎസ് കോളജിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സീനിയർ- ജൂനിയർ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സൂരജിന്റെ സുഹൃത്ത് അശ്വന്തും അറസ്റ്റിലായ വിജയ് മനോജും കോളജിലെ വിദ്യാർത്ഥികളാണ്. നേരത്തെ ഇവർ തമ്മിൽ നിസാര കാര്യത്തിന് തർക്കമുണ്ടായിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രി തിരുത്തിക്കാവിലെ ഉത്സവത്തിനെത്തിയ അശ്വന്തിനെ വിജയിയും സുഹൃത്തുക്കളും തടഞ്ഞു. ഇതേതുടർന്നുണ്ടായ തർക്കത്തിൽ അശ്വന്തിനായി സൂരജ് ഇടപെടുകയും തർക്കം താൽക്കാലികമായി ഒഴിവാക്കുകയും ചെയ്തു. എന്നാൽ, സൂരജിന്റെ ഇടപെടൽ മറുവിഭാഗത്തിന് ഇഷ്ടമായില്ല. 

പിന്നീട് രാത്രി വിജയിയുടെ അച്ഛനും സഹോദരനും വിഷയത്തിൽ ഇടപെട്ടു. വീണ്ടും സംഘർഷമുണ്ടായി. സൗഹൃദം നടിച്ചാണ് മനോജ് സൂരജിനെ സമീപത്തെ ഇടവഴിയിലേക്ക് വിളിച്ചു കൊണ്ടുപോയത്. അവിടെ വച്ച് ഇരുപത്തിയഞ്ചോളം പേർ ചേർന്ന് നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സൂരജിന്റെ മരണ വിവരമറിഞ്ഞതോടെ രാത്രി സംഘർഷമുണ്ടായി. പ്രതികളുടെ വീട് ഒരുവിഭാഗം ആക്രമിച്ചു. മുറ്റത്തുണ്ടായിരുന്ന കാറിന്റെ ചില്ലുകളും വീടിന്റെ ജനൽ ചില്ലുകളും എറിഞ്ഞുടയ്ക്കുകയും ബൈക്ക് മറിച്ചിടുകയും ചെയ്തു.
പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്നാരോപിച്ച് നാട്ടുകാർ സിഡബ്ല്യുആർഡിഎം ബൈപ്പാസ് റോഡ് ഇന്നലെ രാവിലെ ഉപരോധിച്ചു. പിന്നീട് പൊലീസെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. 

ചേവരമ്പലത്തെ കാർ കമ്പനിയിൽ ടെക്നീഷ്യനാണ് സൂരജ്. മാതാവ്: രസ‌്ന. സഹോദരൻ: ആദിത്യൻ (സിആർസി ചേവായൂർ). 

Exit mobile version