Site iconSite icon Janayugom Online

വ്യാജപ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് യുവസമൂഹം പ്രതിരോധിക്കണം, പഠനത്തോടൊപ്പം ജോലി കേരളത്തിലും യാഥാർത്ഥ്യമാകും: മുഖ്യമന്ത്രി

CMCM

കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാജപ്രചാരണം യുവാക്കൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯. പഠനത്തോടൊപ്പം ജോലിയും തൊഴിൽ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശങ്ങളിലെ രീതി കേരളത്തിലും നടപ്പാകുമെന്നും യുവാക്കളെ തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാ൯ അവസരമൊരുക്കി സംഘടിപ്പിച്ച പ്രൊഫഷണൽ സ്റ്റുഡന്‍റ്സ് ഉച്ചകോടി അങ്കമാലി അഡ്‌ലക്‌സ് കണ്‍വെ൯ഷ൯ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവാക്കൾ കേരളം ഉപേക്ഷിക്കുകയാണെന്നും കേരളത്തിൽ വ്യാവസായിക സൗഹൃദ അന്തരീക്ഷമില്ലെന്നുമുള്ള തെറ്റായ പ്രചാരണത്തെ തുടർന്ന് വിദ്യാർത്ഥികൾക്കുള്ള ആശങ്കകൾ സർക്കാർ കാണുന്നുണ്ട്. പഠനത്തോടൊപ്പം ജോലിയും തൊഴിൽ നൈപുണ്യ വികസത്തിനുള്ള അവസരവുമാണ് വിദേശത്തേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. അത്തരം സൗകര്യങ്ങൾ ഇവിടെയും ഒരുക്കും. ഇതിന്റെ ഭാഗമായാണ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കിയത്. നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാ൯ മുന്നിട്ടിറങ്ങുന്നവർക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൈനംദിന ജീവിതത്തിൽ സമസ്ത മേഖലകളുമായും ഇടപെടാൻ കഴിയുന്ന വിദഗ്ധരാണ് പ്രൊഫഷണൽ സ്റ്റുഡന്‍റ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാവി സമൂഹത്തിന്‍റെ വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കു വഹിക്കാൻ കഴിയും. കോളേജുകളെ വിജ്ഞാന വിതരണ കേന്ദ്രങ്ങൾ എന്നതിലുപരി വിദ്യാർഥികളുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കുന്ന കേന്ദ്രങ്ങളായാണ് കാണേണ്ടത്. തദ്ദേശീയമായ അറിവുകളും ഗവേഷണങ്ങളും ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയെന്ന വെല്ലുവിളി ഓരോ വിദ്യാർത്ഥിയും ഏറ്റെടുക്കണം.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഇടപെടലുകളുടെ ഫലമായി വിദ്യാർത്ഥി പ്രവേശന അനുപാതം 43.2 ശതമാനമായി. ഇത് 75% ത്തിൽ എത്തിക്കാനാണ് ശ്രമം. ശാസ്ത്രസാങ്കേതിക എൻജിനീയറിങ് മെഡിക്കൽ മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നൂതന വിദ്യാഭ്യാസ നയം ആവിഷ്കരിച്ചത്. നിരവധി പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. മെഡിക്കൽ, നിയമവിദ്യാർത്ഥികളുടേതിന് സമാനമായി എല്ലാ പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും ഇന്‍റേൺഷിപ്പിന് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യ ടെക്നോപാർക്ക്, ആദ്യത്തെ ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനി എന്നിവ ആരംഭിച്ചത് കേരളത്തിലാണ്. മത്സ്യ സംസ്കരണ മേഖലയിലെ 75% കമ്പനികൾക്കും യു സർട്ടിഫിക്കറ്റുള്ളത് കേരളത്തിലാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ കൃത്രിമ പല്ല് നിർമ്മിക്കുന്ന കമ്പനി കേരളത്തിലാണ്. മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനി എന്നിവയും കേരളത്തിലുണ്ട്. എയർബസ്, നിസാൻ, ടെക് മഹീന്ദ്ര, ടോറസ് തുടങ്ങിയ കമ്പനികളും കേരളത്തിലേക്ക് വന്നു. സംരംഭക വർഷത്തിന്റെ ഭാഗമായി പത്ത് മാസം കൊണ്ട് 130481 സംരംഭങ്ങൾ തുടങ്ങി. 8000 കോടിയുടെ നിക്ഷേപവും 2,80,000 തൊഴിലവസരങ്ങളുമുണ്ടായി.

കേരളത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിൽ നിർമ്മാണ മേഖലയുടെ സംഭാവന 14% ആണ്. ദേശീയ ശരാശരിക്കടുത്താണിത്. കഴിഞ്ഞ വർഷം വ്യാവസായിക സൗഹൃദ അന്തരീക്ഷ റാങ്കിംഗിൽ കേരളം പതിനഞ്ചാം സ്ഥാനത്തെത്തി. തെക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് ആന്‍റ് ഇന്നവേഷൻ ഹബ് കേരളത്തിലാണ്. നാലാം വ്യവസായ വിപ്ലവത്തിൽ ഐടി, ബയോടെക്നോളജി, ഇലക്ട്രിക് വാഹന നിർമ്മാണം, ഫിൻ ടെക് സാങ്കേതികവിദ്യ തുടങ്ങിയവ ഏറെ പ്രാധാന്യമർഹിക്കുന്നു. ലൈസൻസ് പാർക്ക്, ഐടി സ്പേസുകളുടെ വിപുലീകരണം, സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം, ഗ്രാഫീൻ ഗവേഷണ കേന്ദ്രം തുടങ്ങിയ ഇടപെടലുകളും സർക്കാർ നടത്തിവരുന്നു. സാങ്കേതിക വിദ്യകളെയും അക്കാദമിക് അറിവുകളെയും നാടിന്‍റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുമ്പോഴാണ് യഥാർത്ഥ വിദ്യാഭ്യാസം സാധ്യമാകുന്നത്. 

ശാസ്ത്ര, സാങ്കേതിക രംഗത്തെ മുന്നേറ്റത്തിനായി ഗവേഷണത്തിനും വികസനത്തിനുമായി 3500 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. മെഡിക്കൽ സംരംഭക എക്കോ സിസ്റ്റം വികസിപ്പിക്കാനായി മെഡിക്കൽ ടെക്നോളജി ഇന്നവേഷൻ പാർക്ക് ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകും. മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിനായി 10 കോടിയും ഐ ടി മേഖലയ്ക്കായി 559 കോടിയും മാറ്റിവെച്ചിട്ടുണ്ട്. ഉത്പാദനോന്മുഖമായി കേരളത്തെ മാറ്റുന്നതിനൊപ്പം വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും ഉറപ്പാക്കും. അതിനായി വികസന, ക്ഷേമ പദ്ധതികളുടെ ഗുണഫലം എല്ലാവരിലുമെത്തിക്കും – മുഖ്യമന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയായി. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, അസാപ് സി എം ഡി ഡോ. ഉഷ ടൈറ്റസ്, വിവിധ വിഷയങ്ങളിലെ അക്കാദമിക് വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Youth should rec­og­nize false pro­pa­gan­da and defend them­selves, work will become real­i­ty in Ker­ala along with edu­ca­tion: Chief Minister

You may also like this video

Exit mobile version