വാറങ്കല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഐ നേതൃത്വത്തില്‍ നടന്നുവരുന്ന ഭൂസമരത്തിന്റെ ഭാഗമായി 21 ഏക്കര്‍ ഭൂമി പിടിച്ചെടുത്തു.
ഹനുമക്കൊണ്ട ജില്ലയില്‍ ധര്‍മ സാഗര്‍ മണ്ഡലത്തിലെ പെണ്ഡയാലയിലെ തരിശായി കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്കായി കുടിലുകള്‍ സ്ഥാപിച്ചത്. ഭൂമാഫിയയും മറ്റും അധികൃതരുടെ ഒത്താശയോടെ കയ്യേറിത്തുടങ്ങിയ ഭൂമിയാണിത്. ഭൂ-ഭവന രഹിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി അനുവദിച്ചു നല്കുന്നതുവരെ സിപിഐ പ്രക്ഷോഭം തുടരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തക്കലപ്പള്ളി ശ്രീനിവാസ റാവു പറഞ്ഞു.
മേയ് മാസത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ സിപിഐ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി സമരം ആരംഭിച്ചത്. മട്ടേവാഡ പ്രദേശത്തുള്ള നിമ്മയ്യ ചെരുവ് 20 ഏക്കർ, ബുള്ളിക്കുണ്ട ആറ്, പയിടി പള്ളി ആറ്, നെകൊണ്ട ആറ്, വർധന പെട്ടന്ന മണ്ഡലത്തിൽപ്പെട്ട ഇല്ലെന്ത ആറ്, പാറക്കാല രണ്ട്, മടിക്കോണ്ട നാല്, അനന്തുകൊണ്ട ആറ് ഏക്കര്‍ ഭൂമി വീതമാണ് ചെങ്കൊടി നാട്ടി പിടിച്ചെടുത്ത് പാവപ്പെട്ടവരെ കുടിൽകെട്ടി പാർപ്പിച്ചിരിക്കുന്നത്.
ഒമ്പതിനായിരത്തോളം കുടുംബങ്ങളാണ് ഇപ്പോൾ വിവിധ കുടിൽകെട്ടി സമരകേന്ദ്രങ്ങളിലുള്ളത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെങ്കിലും പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായി ചെറുത്തതിനാല്‍ പിന്തിരിയുകയായിരുന്നു.
English Summary:21 acres of land was seized in Warangal and CPI hut was built
You may also like this video