Site iconSite icon Janayugom Online

29-ാമത് ഐഎഫ്എഫ്‌കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ആന്‍ ഹുയിക്ക്

കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക് സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് 13ന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

ഏഷ്യയിലെ വനിതാ സംവിധായികമാരില്‍ പ്രധാനിയായ ആന്‍ഹുയി ഹോങ്കോങ് നവതരംഗപ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താക്കളിലൊരാളാണ്. 2020 ല്‍ നടന്ന 77-ാമത് വെനീസ് ചലച്ചിത്രമേളയില്‍ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിയിരുന്നു. 1997ലെ 47-ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ബെര്‍ലിനിലെ കാമറ പുരസ്കാരം, 2014ലെ 19-ാമത് ബുസാന്‍ മേളയില്‍ ഏഷ്യന്‍ ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ന്യൂയോര്‍ക്ക് ഏഷ്യന്‍ ചലച്ചിത്രമേളയില്‍ സ്റ്റാര്‍ ഏഷ്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിങ്ങനെ മുന്‍നിരമേളകളിലെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ആന്‍ ഹുയിക്ക് ലഭിച്ചിട്ടുണ്ട്.

അരനൂറ്റാണ്ടുകാലമായി ഹോങ്കോങിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ആവിഷ്കാരങ്ങളിലൂടെ സാമൂഹിക പ്രശ്നങ്ങളെ അവതരിപ്പിക്കുകയാണ് 77കാരിയായ ആന്‍ ഹുയി. ഏഷ്യന്‍ സംസ്കാരങ്ങളിലെ വംശീയത, ലിംഗവിവേചനം, ബ്രിട്ടീഷ് കോളനിയെന്ന നിലയില്‍നിന്ന് ചൈനയുടെ പരമാധികാരത്തിനു കീഴിലേക്കുള്ള ഹോങ്കോങിന്റെ ഭരണമാറ്റം ജനജീവിതത്തില്‍ സൃഷ്ടിച്ച പരിവർത്തനങ്ങൾ, കുടിയേറ്റം, സാംസ്കാരികമായ അന്യവല്‍ക്കരണം എന്നിവയാണ് ആന്‍ ഹുയി സിനിമകളുടെ മുഖ്യപ്രമേയങ്ങള്‍. 

Exit mobile version