Site icon Janayugom Online

ഉന്നത വിദ്യാഭ്യാസ രംഗത്ത് 30 മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്ത് 30 മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവ ഇന്റർയൂണിവേഴ്സിറ്റി സ്വയംഭരണ സ്ഥാപനങ്ങളായാണ് ആരംഭിക്കുക. പഠനത്തോടൊപ്പം വരുമാനം കൂടി ലക്ഷ്യമിട്ട് ഏൺ ബൈ ലേൺ പരിപാടി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി ഐഎംജിയിൽ നടക്കുന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ എക്സലൻസ് ആക്കുന്നതിന് നടപടി സ്വീകരിക്കും. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ തൊഴിൽദാതാക്കളായി മാറാൻ സഹായിക്കുന്ന വിധത്തിൽ ഇൻകുബേഷൻ കേന്ദ്രങ്ങളും സ്റ്റാർട്ട്അപ്പ് കേന്ദ്രങ്ങളും ആരംഭിക്കുന്നത് പാഠ്യപദ്ധതിയിൽ സർവകലാശാലകൾ ഉൾപ്പെടുത്തണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സർവകലാശാലകളും ചുരുങ്ങിയത് 3.5 നാക് ഗ്രേഡ് നേടുന്ന നിലയെത്തണം. ഇതിന് ഉതകും വിധം അക്കാദമിക് നിലവാരവും ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടുത്താനാകണം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓരോ വകുപ്പും മികവ് പുലര്‍ത്തണം. എല്ലാ സ്ഥാപനങ്ങളിലും സമയബന്ധിതമായി പരിശോധന നടത്തണം. ഇത്തരം പരിശോധനയുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തേണ്ട മേഖല കണ്ടെത്തി അതിനായി രൂപരേഖ തയാറാക്കണം. ഇത് സമയബന്ധിതമായി പ്രായോഗികമാക്കാനുള്ള ആസൂത്രണവും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി രാജൻ വർഗീസ് എന്നിവർ സംബന്ധിച്ചു.

Eng­lish sum­ma­ry: 30 cen­ters of excel­lence to be set up in high­er edu­ca­tion sec­tor: CM

You may also like this video:

Exit mobile version