Site iconSite icon Janayugom Online

കാറിന്റെ ഡിക്കിയിൽ നിന്നും 40 കിലോഗ്രാം ചന്ദന മുട്ടികൾ പിടിച്ചെടുത്തു: അഞ്ചു പേർ പിടിയിൽ

കേരള വാട്ടർ അതോറിറ്റിയുടെ മലാപ്പറമ്പ് പ്രധാന ഓഫീസിന്റെ മുൻവശത്ത് വെച്ച് കാറിൽ നിന്നും ചന്ദനം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വാട്ടർ അതോറിറ്റി വാടകയ്ക്കെടുത്ത് ഓടിക്കുന്ന കാറിന്റെ ഡിക്കിയിൽ നിന്നാണ് നാൽപത് കിലോഗ്രാം ചന്ദനമുട്ടികൾ പിടികൂടിയത്. കോഴിക്കോട് ഫോറസ്റ്റ് ഇന്റലിജൻസ് സെൽ, ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചന്ദനം കടത്തുകയായിരുന്ന അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. 

പന്തീരാങ്കാവ് സ്വദേശി ശ്യാമപ്രസാദ് എൻ, നല്ലളം വാഹിദ് മൻസിലിൽ നൗഫൽ, ഒളവണ്ണ സ്വദേശി ഷാജുദ്ദീൻ, പന്തീരാങ്കാവ് വെള്ളൻ പറമ്പിൽ തൊടി അനിൽ സിടി, പന്തീരാങ്കാവ് പട്ടാമ്പുറത്ത് മീത്തൽ മണി പി എം എന്നിവരാണ് പിടിയിലായത്. വാഹനത്തിൽ വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ചാണ് ചന്ദനം കടത്താൻ ശ്രമിച്ചത്. പ്രതികളെ തുടർ അന്വേഷണത്തിന്റെ ഭാഗമായി താമരശ്ശേരി റെയിഞ്ച് ഓഫീസർക്ക് കൈമാറി. 

കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ എ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ പി പ്രശാന്ത്, ആസിഫ് എ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ മുഹമ്മദ് അസ്ലം സി, ദേവാനന്ദ് എം, ശ്രീനാഥ് കെ വി, ലുബൈബ എൻ, ശ്രീലേഷ് കുമാർ ഇ കെ, പ്രബീഷ് ബി, ഫോറസ്റ്റ് ഡ്രൈവർമാരായ ജിതേഷ് പി, ജിജീഷ് ടി കെ എന്നിവരടങ്ങിയ സംഘമാണ് ചന്ദനവും പ്രതികളെയും പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Exit mobile version