ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സബ്സിഡി നിർത്തലാക്കിയതിലൂടെ മൂന്ന് വർഷം കൊണ്ട് കേന്ദ്രം കീശയിലാക്കിയത് ഭീമമായ സംഖ്യ. സബ്സിഡി നിർത്തലാക്കിയ ഒരു വർഷത്തിനുള്ളിൽ മാത്രം ഈ ഇനത്തിൽ കേന്ദ്രം സമ്പാദിച്ചത് 20, 000 കോടി രൂപയാണ്. അതിനു ശേഷമുള്ള കണക്ക് പുറത്ത് വിട്ടിട്ടുമില്ല. എന്നാല്‍ ഇതേ അനുപാതത്തില്‍ കണക്കാക്കിയാല്‍ ഏകദേശം 60000 കോടിക്കുമേല്‍ ഈ തുക വരും.
കോവിഡ് പിടിമുറുക്കിയ 2020 — ൽ മേയ് മുതലാണ് കേരളത്തിൽ വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ സബ്സിഡി പിൻവലിച്ചതെന്ന് ഭാരത് പെട്രോളിയം കോർപറേഷൻ ( ബിപിസിഎൽ) വ്യക്തമാക്കിയിരുന്നു. പിന്നാലെ, ജൂണിൽ മറ്റിടങ്ങളിലും പ്രാബല്യത്തിൽ വന്നു. വർഷത്തിൽ 12 സിലിണ്ടറാണ് ഗാർഹികാവശ്യത്തിന് അനുവദിക്കുന്നത്. നേരിട്ട് ബാങ്കിലേക്ക് നൽകിയിരുന്ന അതിന്റെ സബ്സിഡിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ കേന്ദ്രം നിർത്തലാക്കിയത്.
നേരിട്ട് ആനുകൂല്യം കൈമാറ്റം ചെയ്യപ്പെടുന്ന പദ്ധതി പ്രകാരം 2017 — 18 ൽ 23,464 കോടിയും 18–19 ൽ 37,209 കോടിയും വകയിരുത്തിയ സർക്കാർ 20–21 ൽ 8162 കോടിയായും 21–22 ൽ 1811 കോടിയായും തുക കുറച്ചു. പൂർണമായി സബ്സിഡി നിർത്തലാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താനുള്ള മുന്നൊരുക്കമായി ഈ ആവശ്യത്തിനായി ബജറ്റിൽ വകയിരുത്തുന്ന തുക കേന്ദ്രം ക്രമേണ കുറച്ചുകൊണ്ടുവരുകയായിരുന്നു. ചില പ്രത്യേക കാരണങ്ങളാൽ സബ്സിഡി ഉള്ള വാതകത്തിന്റെയും ഇല്ലാത്തതിന്റെയും വില ഏതാണ്ട് ഒപ്പമെത്തിയപ്പോഴാണ് അനുകൂല്യം പൊടുന്നനെ പിൻവലിച്ചത്. എന്നാൽ, വില വീണ്ടും ഉയർന്നപ്പോൾ സബ്സിഡി പുനഃസ്ഥാപിച്ചില്ല. വില കുതിക്കുന്ന ഈ ഘട്ടത്തിൽപ്പോലും എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നുമില്ല.
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരമുള്ള ഒരു ചെറിയ വിഭാഗത്തിലേക്കു മാത്രമായി നിലവിൽ സബ്സിഡി ചുരുക്കിയിരിക്കുകയാണ്. ആഗോള വിപണിയിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞിരിക്കുന്ന അവസരത്തിൽപ്പോലും ഒരു മാനദണ്ഡവുമില്ലാതെ വില വർദ്ധിപ്പിക്കുന്ന എണ്ണ കമ്പനികളുടെ നഷ്ടം നികത്താനെന്ന പേരിൽ അടുത്ത കാലത്ത് 22,000 കോടി രൂപ സഹായമായി കേന്ദ്രം നൽകിയിരുന്നു. അടിസ്ഥാന വിലയ്ക്കൊപ്പം ഡീലർ കമ്മിഷനും ജിഎസ്‌ടിയും ചേർത്താണ് പാചക വാതകത്തിന്റെ വില നിശ്ചയിക്കുന്നത്. വാതക വില വർധിപ്പിക്കാൻ അടിസ്ഥാന വില കൂട്ടുക എന്നതാണ് കേന്ദ്രവും എണ്ണക്കമ്പനികളും ചേർന്ന് കണ്ടുപിടിച്ചിരിക്കുന്ന തന്ത്രം. അതേസമയം, അടിസ്ഥാന വില വർധിപ്പിക്കുന്നതിന്റെ മാനദണ്ഡമെന്താണ് എന്ന ചോദ്യത്തിന് ഇരു കൂട്ടർക്കും ഉത്തരമില്ല.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലും വലിയ വർദ്ധനവുണ്ടായതോടെ, ഹോട്ടലുകളിലും മറ്റും ഭക്ഷണസാധനങ്ങൾക്ക് തീവിലയാകുമെന്നാണ് പൊതുവെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ വില കൂട്ടാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് വ്യക്തമാക്കി ഹോട്ടലുടമ കുളുടെ സംഘടന രംഗത്തെത്തിക്കഴിഞ്ഞു. ചിലയിടങ്ങളിൽ ഉച്ചയൂണിനും ചായയ്ക്കുമൊക്കെ വില കൂടുകയും ചെയ്തിട്ടുണ്ട്.
English Summary: 60,000 crores stolen by central government by stopping LPG subsidy
You may also like this video