Site iconSite icon Janayugom Online

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ്: റെയില്‍വേ കൊള്ളയടിച്ചത് 8,913 കോടി

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ അഞ്ച് വര്‍ഷം മുമ്പ് ഒഴിവാക്കിയതിലൂടെ ഇന്ത്യന്‍ റെയില്‍വേക്ക് ഇതുവരെ ലഭിച്ച അധികവരുമാനം 8,913 കോടിയാണെന്ന് വിവരാവകാശ രേഖ. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെന്ററാണ് (സിആര്‍ഐഎസ്) ഇക്കാര്യം അറിയിച്ചത്. 

ടിക്കറ്റ്, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതും മറ്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും സിആര്‍ഐഎസ് ആണ്. ഇളവുകള്‍ പുനഃസ്ഥാപിക്കുമോ എന്ന് എംപിമാര്‍ പലതവണ പാര്‍ലമെന്റില്‍ ചോദിച്ചിരുന്നെങ്കിലും, ഇതിനകം ഓരോ യാത്രക്കാരനും ശരാശരി 46 ശതമാനം ഇളവ് നല്‍കുന്നുണ്ടെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. 

ഇക്കാലയളവില്‍ 18.279 കോടി പുരുഷന്മാരും 13.065 കോടി വനിതകളും 43,536 ട്രാസ്ജെന്‍ഡര്‍മാരും (എല്ലാവരും പ്രായപൂര്‍ത്തിയായവര്‍) റെയില്‍വേയെ ആശ്രയിച്ചതായി മധ്യപ്രദേശിലെ വിവരാവകാശ പ്രവര്‍ത്തകനായ ചന്ദ്ര ശേഖര്‍ ഗൗറിന് റെയില്‍വേ മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു. പുരുഷയാത്രക്കാരില്‍ നിന്ന് ഏകദേശം 11,531 കോടിയും വനിതാ യാത്രക്കാരില്‍ നിന്ന് 8.599 കോടിയും ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ നിന്ന് 28.64 ലക്ഷവുമാണ് ലഭിച്ചത്. മൊത്തം വരുമാനം 20,133 കോടി. മൂന്ന് വിഭാഗത്തിലുള്ളവര്‍ക്ക് ലഭിക്കേണ്ട ഇളവ് ഒഴിവാക്കിയത് കണക്കിലെടുക്കുമ്പോള്‍ റെയില്‍വേക്ക് ലഭിച്ച അധിക വരുമാനം 8,913 കോടിയാണ്.

2020 മാര്‍ച്ച് 20ന് മുമ്പ് കോവിഡ് മഹാമാരിയുടെ തുടക്കത്തിലാണ് റെയില്‍വേ ഇളവുകള്‍ പിന്‍വലിച്ചത്. അതിന് മുമ്പ് 60 വയസിന് മുകളിലുള്ള പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും 58 വയസു കഴിഞ്ഞ സ്ത്രീകള്‍ക്കും എല്ലാ ക്ലാസുകളിലേക്കുമുള്ള ടിക്കറ്റുകളില്‍ യഥാക്രമം 40, 50 ശതമാനം കിഴിവ് ലഭിച്ചിരുന്നു. 

Exit mobile version