രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിന് ഇരയായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും.
അതിജീവിതയ്ക്ക് നേരെ നടക്കുന്ന ആസൂത്രിത സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസ് കർശന നടപടിയിലേക്ക് നീങ്ങുകയാണ്. അതിജീവിതയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിജീവിതയ്ക്ക് നേരെ കോൺഗ്രസ് സൈബർ ടീമിന്റെ ഭാഗത്ത് നിന്ന് ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ ഈശ്വറിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

