ഇല്ലാത്ത അധികാരങ്ങള്‍ ഭാവിക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലവേദനയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് എന്തൊക്കെ അധികാരങ്ങളുണ്ടെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഗവര്‍ണര്‍ എന്നത് പാഠ്യവിഷയമാക്കുന്നതിനാണ് തീരുമാനം. അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ വർഷം പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന വേളയിലും വിഷയം ഉൾപ്പെടുത്തും. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളായതുകൊണ്ട് ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കാനായി പരിഷ്കരിക്കുന്ന പാഠപുസ്തകങ്ങളിൽ ഇക്കാര്യം പ്രത്യേകം ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാന പാഠ്യപദ്ധതി പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താനാവശ്യമായ പിന്തുണയും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുന്നു. രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണെന്നും ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി തുടങ്ങി ബിജെപിയിതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തങ്ങള്‍ക്കില്ലാത്ത അധികാരങ്ങള്‍ ഭാവിച്ച് സ്വീകരിച്ച നടപടികള്‍ വിവാദമാകുകയും നിയമപോരാട്ടത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്ന അമിതാധികാര പ്രവണതയും ഉണ്ടായി.
ഔദ്യോഗിക വസതിയായ രാജ്ഭവനെ തങ്ങളുടെ രാഷ്ട്രീയ, സാമുദായിക ആശയങ്ങളുടെ പ്രകടന, പ്രദര്‍ശന ശാലകളാക്കുന്നതിന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ശ്രമിക്കുന്നതും വിവാദമായി. കൃഷി, വിദ്യാഭ്യാസവകുപ്പുകളുടെ ഔദ്യോഗിക പരിപാടിയില്‍ ആര്‍എസ്എസ് ആശയത്തിലുള്ള ഭാരതാംബയെ പ്രതിഷ്ഠിച്ച് പൂജിക്കണമെന്ന് നിഷ്കര്‍ഷിച്ചായിരുന്നു ഇത്. ഇത്തരം ഇല്ലാത്ത അധികാരപ്രയോഗങ്ങളും ആശയ പ്രചരണശ്രമങ്ങളും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠ്യവിഷയമാക്കുന്ന തീരുമാനം ശ്രദ്ധേയമാകുന്നത്.

