ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മുസ്ലിം യുവാവിനെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ വെടിവച്ചു കൊന്നു. ശില്പ്ഗ്രാം റോഡിലെ റസ്റ്റേറന്റിലെ ജീവനക്കാരനായ ഗുല്‍ഫാമി(27)നെയാണ് മൂന്നംഗ സംഘം വെടിവച്ചു കൊന്നത്. സെയ്ഫ് അലി എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച രാത്രിയാണ് സംഭവം. രാത്രി 12 മണിയോടെ സുഹൃത്തുക്കളുമായി റസ്റ്റോറന്റിന് മുന്നില്‍ നിന്ന ഗുല്‍ഫാം അടക്കമുള്ളവരെ സ്കൂട്ടറില്‍ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പേരു ചോദിച്ച് മുസ്ലിം ആണെന്ന ഉറപ്പുവരുത്തിയായിരുന്നു ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അക്രമി സംഘം രക്ഷപ്പെട്ടത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷത്രിയ ഗോരക്ഷാ ദള്‍ നേതാവായ മനോജ് ചൗധരി ഒരു വീഡിയോ പങ്കുവച്ചു. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമായി രണ്ടു മുസ്ലിങ്ങളെ കൊന്നെന്ന് ഇയാള്‍ പറഞ്ഞു. ജയ്ശ്രീറാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.
അതേസമയം പഹൽഗാം ആക്രമണവുമായുള്ള ബന്ധമാണ് കൊലപാതകത്തിന്റെ കാരണമെന്ന വാദം പൊലീസ് നിഷേധിച്ചു.

