Site iconSite icon Janayugom Online

ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഡിഎ സഖ്യത്തിൽ വിള്ളൽ; ആർഎൽജെപി മുന്നണി വിട്ടു

ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഡിഎ സഖ്യത്തിൽ വിള്ളൽ. ദളിത് പാര്‍ട്ടിയായതിനാല്‍ തന്റെ പാര്‍ട്ടിക്ക് സഖ്യത്തില്‍ അനീതി നേരിടേണ്ടി വന്നതിനാൽ ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സഖ്യം വിട്ടെന്ന് രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി). തങ്ങളുടെ പാര്‍ട്ടി ഇനി എന്‍ഡിഎ സഖ്യത്തിലില്ലെന്ന് പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ പശുപതി കുമാര്‍ പരസ് പ്രഖ്യാപിച്ചു. 2014 മുതല്‍ താന്‍ എന്‍ഡിഎയിലുണ്ടെന്നും ഇനിമുതല്‍ തന്റെ പാര്‍ട്ടിക്ക് എന്‍ഡിഎയുമായി ഒരുബന്ധവുമില്ലെന്ന് പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എല്‍ജെപിയുടെ രാഷ്ട്രീയഭാവിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘മഹാഗഡ്ബന്ധന്‍ സഖ്യം ഞങ്ങള്‍ക്ക് ശരിയായ, സമയത്ത് ശരിയായ ബഹുമാനം നല്‍കിയാല്‍ തീര്‍ച്ചയായും ഞങ്ങള്‍ അവരുമായുളള സഖ്യസാധ്യതകളെക്കുറിച്ച് ചിന്തിക്കും’ പരസ് പറഞ്ഞു. ഈ വര്‍ഷം നിരവധി തവണ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി പശുപതി കുമാര്‍ പരസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബിആര്‍ അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് എന്‍ഡിഎ സഖ്യം വിടുന്ന കാര്യം പരസ് പ്രഖ്യാപിച്ചത്.

Exit mobile version