സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ് തായ് ലാന്റ്. ബുദ്ധവിഹാരങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും നാട്. ലാവോസ്, കംബോഡിയ, മലേഷ്യ, മ്യാൻമാർ എന്നീ രാജ്യങ്ങൾ തായ് ലാന്റിന്റെ അതിർത്തി പങ്കിടുന്നു. സയാം എന്നായിരുന്നു പണ്ട് ഈ രാജ്യത്തിന്റെ പേര്. 1939 ൽ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ രാജ്യ നാമം തായ് ലാന്റ് എന്നു മാറ്റി. വാക്കിന്റെ അർത്ഥം സ്വാതന്ത്ര്യം എന്നാണ്. തായ് ലാന്റ് എന്നാൽ സ്വതന്ത്രരുടെ നാടെന്നർത്ഥം. ഈ രാജ്യക്കാരെ തായ് എന്നാണ് വിളിക്കുന്നത്. ജനങ്ങളിൽ 95 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങിയ ഇതര മത വിശ്വാസികൾ അഞ്ച് ശതമാനം വരും. ഇൻഡ്യൻ സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടെക്കാണാം.
വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഈ രാജ്യം. ബുദ്ധവിഹാരങ്ങൾ, ചരിത്രസ്മാരകങ്ങൾ, മനോഹരമായ കടലോരങ്ങൾ, ജലപാതകൾ, പ്രകൃതി ദൃശ്യങ്ങൾ ഇവയെല്ലാമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
തായ് ലാന്റിന്റെ തീരദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പട്ടായയിലേയ്ക്കാണ് ആദ്യം പോയത്. തലസ്ഥാനമായ ബാങ്കോക്കിന്റെ തെക്കു കിഴക്കു ഭാഗത്താണ് ഈ നഗരം. പട്ടായയിലെ ഒരാകർഷണം ഫ്ലോട്ടിംഗ് മാർക്കറ്റ് ആണ്. പുഴയോരത്തെ ഒഴുകുന്ന വ്യാപാര കേന്ദ്രമാണിത്. ഒരു വലിയ കപ്പലിന്റെ ആകൃതിയിലാണ് ഈ വിചിത്ര വ്യാപാര കേന്ദ്രത്തിന്റെ കവാടം. പുഴയുടെ മുകളിൽ മരം കൊണ്ടു നിർമ്മിച്ച വ്യാപാര കേന്ദ്രങ്ങൾ. ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ, പഴങ്ങൾ, കൗതുക വസ്തുക്കൾ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും. ഫ്ലോട്ടിംഗ് മാർക്കറ്റിലൂടെയുള്ള തോണി യാത്ര കൗതുകകരമായിരുന്നു. സഞ്ചാരികൾക്കു സന്തോഷം പകരാൻ സംഗീത വിരുന്നുമായി ഒരു ഗായക സംഘവും ഇവിടെയുണ്ട്.
പുസ്തക ടീച്ചർ
പട്ടായയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കോറൽ ഐലന്റ്. പട്ടായ ബീച്ചിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരെയുള്ള മനോഹരമായ ഒരു ദ്വീപാണിത്. പ്രത്യേക തരം പവിഴപ്പുറ്റുകൾ ഇവിടെ കാണപ്പെടുന്നതിനാലാണ് കോറൽ ഐലന്റ് എന്നു പേരു വന്നത്. പട്ടായ ബീച്ചിൽ നിന്ന് സ്പീഡ് ബോട്ടിൽ കോറൽ ഐലന്റിലേയ്ക്കുള്ള യാത്ര വിസ്മയകരമായ ഒരനുഭവമാണ്. ഓളപ്പരപ്പിലൂടെ മുക്കാൽ മണിക്കൂർ നീളുന്ന അതിവേഗ സാഹസിക യാത്ര. കോറൽ ഐലന്റ് തിരക്കേറിയ ഒരു ബീച്ചാണ്. നിരവധി വ്യാപാര കേന്ദ്രങ്ങൾ ഇവിടെയുമുണ്ട്. ദ്വീപിൽ സവാരി ചെയ്യാൻ ഇരുചക്ര വാഹനങ്ങൾ ഇവിടെ വാടകയ്ക്കു ലഭിക്കും. ഐലന്റിലെത്തുന്നവർക്ക് കടലോരത്ത് വിശ്രമിക്കുമാൻ ഷെൽട്ടറുകളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്കു കടലിനു മുകളിലൂടെ പാരച്യൂട്ടിലേറി പറക്കാനും കടലിനടിയിലൂടെ നടക്കാനും, ബട്ടർഫ്ലൈ ബോട്ടിൽ സാഹസികയാത്ര നടത്താനുമെല്ലാം ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നു. താല്പര്യമുള്ളവർക്ക് ഈ വിനോദോപാധികൾ ഉപയോഗപ്പെടുത്താം. ഓരോന്നിനും പ്രത്യേകമായ ടിക്കറ്റ് നിരക്കുകൾ ഉണ്ട്. കോറൽ ഐലന്റ് യാത്ര വിനോദ സഞ്ചാരികൾക്ക് വേറിട്ട ഒരനുഭവമായിരിക്കും.
പട്ടായയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കേന്ദ്രമാണ് വോക്കിംഗ് സ്ട്രീറ്റ്. വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണിവിടെ. നിശാ ക്ലബുകൾ, മദ്യശാലകൾ, റെസ്റ്റോറന്റുകൾ, വിനോദ കേന്ദ്രങ്ങൾ, നൃത്ത പരിപാടികൾ തുടങ്ങിയവയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. രാത്രി മുഴുവൻ കൺതുറന്നിരിക്കുന്നൊരു തെരുവാണിത്.
പട്ടായയിൽ ഒരു നൃത്ത പരിപാടി കാണുവാനും ഞങ്ങൾക്ക് അവസരം ലഭിച്ചു. മുപ്പതോളം യുവതി യുവാക്കൾ അണിനിരന്നൊരു പരിപാടി. ആയിരത്തോളം ആളുകൾക്കിരിക്കാവുന്ന ഹാളിലായിരുന്നു പരിപാടി. ദൃശ്യകലയുടെ സാധ്യതകൾ അതിവിദഗ്ധമായി കോർത്തിണക്കിയ ഒരു നൃത്തവിരുന്ന്. വെളിച്ചത്തിന്റെ വിന്യാസവും രംഗസജ്ജീകരണത്തിന്റെ വൈദഗ്ധ്യവും കാണികളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു. തായ് ലാന്റിന്റെ കലാപാരമ്പര്യം വിളിച്ചോതുന്നതായിരുന്നു ഈ പ്രകടനം.
തായ് ലാന്റ് ബുദ്ധ ക്ഷേത്രങ്ങളുടെ നാടാണ്. 40000 ത്തോളം ബുദ്ധവിഹാരങ്ങൾ ഇവിടെയുണ്ട്. ക്ഷേത്രങ്ങളിലെല്ലാം മനോഹരമായ സുവർണ ബുദ്ധപ്രതിമകൾ കാണാം. പട്ടായ നഗരത്തിലെ പ്രസിദ്ധമായൊരു ബുദ്ധ ക്ഷേത്രം ഞങ്ങൾ സന്ദർശിച്ചു. നിരവധി പടവുകൾ കയറിയാണ് ക്ഷേത്രസമുച്ചയത്തിലേക്കെത്തിയത്. ശ്രീബുദ്ധന്റെ വലിയൊരു പ്രതിമ അവിടെ കണ്ടു. പ്രവേശനത്തിന് വിലക്കുകളും നിയന്ത്രണങ്ങളും ബുദ്ധ ക്ഷേത്രങ്ങളിലില്ല. ധാരാളം സന്ദർശകർ ഇവിടെയെത്തുന്നുണ്ട്.
പൊരുതുന്ന കലയുടെ വസന്തകാലം
തായ് ലാന്റിലെ പരമ്പരാഗതമായ ഒരു സുഖചികിത്സാസമ്പ്രദായമാണ് മസാജിംഗ്. ആയിരക്കണക്കിന് മസാജിംഗ് കേന്ദ്രങ്ങൾ തായ് ലാന്റിലുണ്ട്. യുവതികളായ സ്ത്രീകളാണ് ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നത്. ഫുട് മസാജിംഗ് മുതൽ ഫുൾ ബോഡി മസാജിംഗ് വരെയുണ്ട്. തായ് ലാന്റിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ചികിത്സാ രീതിയാണിത്. ഈ നാട്ടിലെ ഒരു പ്രധാന തൊഴിൽ മേഖല കൂടിയാണ് മസാജിംഗ്.
പട്ടായയിൽ നിന്നു 150 കിലോമീറ്റർ സഞ്ചരിച്ചാൽ തലസ്ഥാനമായ ബാങ്കോക്കിൽ എത്താം. രണ്ടു മണിക്കൂർ സമയത്തെ യാത്ര. സമതല ഭൂമിയിലൂടെയുള്ള സൗകര്യപ്രദമായ യാത്ര സുഖകരം തന്നെ. പച്ചവിരിച്ച കുന്നിൽ ചരിവുകളും ആകാശത്തിൽ തലയുയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും കാണുമ്പോൾ ഒരു കേരളീയാന്തരീക്ഷം തോന്നും. ലോകത്തിലെ ഏറ്റവും വലിയ രത്നാഭരണശാല തായ് ലാന്റിലെ ജെംസ് ഗാലറിയാണ്. ഏതു തരം ആഭരണങ്ങളും ഇവിടെ ലഭിക്കും. രത്നാഭരണങ്ങളുടെ വിശാലമായ ലോകമാണിത്.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിർമ്മിത ബുദ്ധപ്രതിമ ബാങ്കോക്കിലാണ്. ശുദ്ധമായ സ്വർണത്തിൽ നിർമ്മിച്ച ഈ പ്രതിമയ്ക്ക് 12 അടി വ്യാസവും 15 അടി ഉയരവും ഉദ്ദേശം 5.5 ടൺ ഭാരവുമുണ്ട്. തായ് ലാന്റിലെ അമൂല്യമായ നിധിയാണിത്. ബൗദ്ധാശ്രമങ്ങളും ക്ഷേത്രസമുച്ചയങ്ങളും ഇവിടെയുണ്ട്. ശ്രീബുദ്ധന്റെ വിവിധ രൂപത്തിലുള്ള പ്രതിമകളുള്ള ക്ഷേത്രങ്ങൾ ഭക്തിപാരവശ്യത്തോടെയാണ് സഞ്ചാരികൾ സന്ദർശിക്കുന്നത്. ബൗദ്ധചൈതന്യം സർവ്വ ശക്തി വിശേഷങ്ങളോടെ ഇവിടെ കാണാം.
ബാങ്കോക്ക് ഒരത്ഭുത നഗരമാണ്. ആകാശം മുട്ടി നിൽക്കുന്ന മന്ദിരങ്ങൾ, വിശാലമായ വ്യാപാര സമുച്ചയങ്ങൾ, അവിടവിടെയായി ബൗദ്ധ ക്ഷേത്രങ്ങൾ, വിനോദശാലകൾ, വലിയ ഹോട്ടലുകൾ. വിനോദ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന നഗരം. ബാങ്കോക്കിലെത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണം സഫാരി വേൾഡും മറൈൻ പാർക്കുമാണ്. ബാങ്കോക്ക് നഗരത്തിൽ നിന്ന് 20 കിലോമീറ്ററോളം അകലെയാണ് ഈ അത്ഭുത ലോകം. അര മണിക്കൂർ കൊണ്ട് വാഹനത്തിൽ അവിടെയെത്താം.
സ്വപ്നസാക്ഷാത്ക്കാരം
സഫാരി വേൾഡ് ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമാണ്. ഒരു സ്വപ്ന ലോകത്തേക്കു പ്രവേശിച്ച പ്രതീതി. വിനോദ സഞ്ചാരത്തിന്റെ സർവ സാധ്യതകളും അത്യത്ഭുതമായി ഇവിടെ കോർത്തിണക്കിയിരിക്കുന്നു. പരിസ്ഥിതിയുടെ സ്വാഭാവികാവസ്ഥയെ സംരക്ഷിച്ചു കൊണ്ടാണ് സഫാരി വേൾഡിന്റെ വിശാലലോകം രൂപകല്പന ചെയ്തിരിക്കുന്നത്. എലിഫന്റ്ഷോ, ഡോൾഫിൻ ഷോ, ചിമ്പാൻസിഷോ, അഡ്വഞ്ചർഷോ ഇവ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. പരിശീലകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന ചിമ്പാൻസികൾ കൗതുകകരമായ ഒരു കാഴ്ചയാണ്. എലിഫന്റ് ഷോയിൽ ആനകളുടെ ചിത്രരചനയും ഫുട്ബോൾ കളിയും ബാസ്ക്കറ്റ് ബോൾ കളിയും നൃത്തച്ചുവടുകളും നമ്മെ
അമ്പരപ്പിക്കും. ഡോൾഫിൻ ഷോയിൽ ജലാശയത്തിൽ മനുഷ്യർ ഡോൾഫിനുമായി കൂത്താട്ടം നടത്തുന്നതാണ് കാണുന്നത്. അഡ്വഞ്ചർ ഷോയിൽ ഭീകരരെ കീഴ്പ്പെടുത്തുന്ന സാഹസിക വിദ്യയാണ് കാണിക്കുന്നത്. നൂറു കണക്കിനാളുകൾ ഒരുമിച്ചു കൂടിയിരുന്നാണ് ഈ അത്ഭുതക്കാഴ്ചകൾ കാണുന്നത്. ഹിപ്പൊപ്പൊട്ടാമസ്, കടലാന, വിവിധയിനം കൊറ്റികൾ, വൈവിധ്യമാർന്ന മത്സ്യങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ ഇവയെല്ലാം സഞ്ചാരികളെ വിസ്മയിപ്പിക്കും.
സഫാരി വേൾഡിൽ ആയിരത്തിലധികം ആളുകൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനുള്ള റസ്റ്റോറന്റും ഉണ്ട്.
സഫാരി വേൾഡിലെ വന്യജീവി സങ്കേതത്തിലൂടെ വാഹനത്തിലുള്ള യാത്ര അവിസ്മരണീയ ഒരനുഭവമാണ്. ഇവിടെ വന്യമൃഗങ്ങളെ അടുത്തു കാണാം. സിംഹം, കരടി, കടുവ, കാണ്ടാമൃഗം, കാട്ടുപോത്ത്, ജിറാഫ്, മാൻ തുടങ്ങിയ മൃഗങ്ങളെല്ലാം അവയുടെ സങ്കേതങ്ങളിൽ സ്വതന്ത്രരായി കഴിയുന്നു. വാഹനം ശബ്ദമില്ലാതെ സാവധാനമാണ് ഇവിടെ നീങ്ങിയത്. ഓരോ വിഭാഗത്തിനും പ്രത്യേക പ്രദേശം വേർതിരിച്ചിട്ടുണ്ട്. സ്വാഭാവികമായ ആവാസ വ്യവസ്ഥയാണ് വന്യമൃഗങ്ങൾക്കു വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്നത്. സഫാരി വേൾഡിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
നെല്ലരിയുടെ ചോറ് തായികളുടെ പ്രധാന ആഹാരമാണ്. കായ്കനികൾ, മുട്ട, ഇറച്ചി ഇവയും ഭക്ഷണത്തിന്റെ ഭാഗമാണ്. തായ് ലാന്റിലെ നഗരങ്ങളിൽ ഇൻഡ്യൻ ഭക്ഷണം, ഉത്തരേൻഡ്യൻ ഭക്ഷണം ഇവ ലഭിക്കുന്ന ഹോട്ടലുകൾ ഉണ്ട്. ജനങ്ങളിൽ 80 ശതമാനവും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. 20 ശതമാനമാണ് നഗരങ്ങളിൽ താമസിക്കുന്നവർ. ജനങ്ങളുടെ പ്രധാന ജോലി കൃഷിയാണ്. ഭൂരിഭാഗം ജനങ്ങൾ കാർഷികവൃത്തിയിൽ ഏർപ്പെടുന്നു. നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്, പരുത്തി, റബ്ബർ, തെങ്ങ്, വാഴ ഇവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. ടൂറിസം, വ്യാപാര മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യം വലിയ തോതിൽ കാണാം. തായ് ആണ് ഔദ്യോഗിക ഭാഷ. ഇംഗ്ലീഷ്, മലായ്, ചൈനീസ് എന്നീ ഭാഷകളും സംസാരിച്ചു വരുന്നു.
തായ് ലാന്റിലെത്തുന്ന വിനോദ സഞ്ചാരികളിൽ അധികവും അരമരിക്ക, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ കണക്കനുസരിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 14-ാം സ്ഥാനവും ടൂറിസം വരുമാനത്തിൽ നാലാം സ്ഥാനവുമാണ് തായ് ലാന്റിനുള്ളത്. വാഹനത്തിരക്ക് ഉണ്ടാകാത്ത വിധത്തിലാണ് ട്രാഫിക് സംവിധാനം. ശുചിത്വപാലനത്തിൽ പ്രത്യേക ശ്രദ്ധ പാലിക്കുന്നുണ്ട്. ചപ്പുചവറുകളും മാലിന്യങ്ങളും അലക്ഷ്യമായി ഒരിടത്തും കണ്ടില്ല. റോഡുകളും മെച്ചപ്പെട്ട നിലവാരം പുലർത്തുന്നതായി കാണപ്പെട്ടു.
യെഴുപതാാ; ഏയ് ചുമ്മ
ഇൻഡ്യൻ സമയത്തെക്കാൾ ഒന്നര മണിക്കൂർ മുന്നിലാണ് തായ് ലാന്റിലെ സമയം. കൊച്ചിയിൽ നിന്ന് തായ് ലാന്റിലേക്കുള്ള വിമാന യാത്രാ സമയം നാല് മണിക്കൂറാണ്.
തായ് ലാന്റിനോടു വിട പറഞ്ഞ് തിരിച്ചു വരുമ്പോൾ ഞങ്ങളെ യാത്രയാക്കാൻ യാത്രാ സംഘത്തിന്റെ ഗൈഡ് സാൻന്റി എയർ പോർട്ടിൽ വന്നിരുന്നു. 14 വർഷമായി അവർ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുന്നു. ഭർത്താവിനും ടൂറിസം മേഖലയിൽ തന്നെയാണ് ജോലി. 10 വയസ്സുള്ള ഒരു മകനുമുണ്ട്. ഒരാഴ്ചത്തെ സ്നേഹബന്ധം. എയർപോർട്ടിൽ വച്ച് വിട പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “ഹോക്കൂൺ ” — ഞങ്ങൾ പറഞ്ഞു. അവർ കൈയുയർത്തി വീശി. കാഴ്ച മറയുന്നതു വരെ അതു കാണാമായിരുന്നു.
(ഹോക്കൂൺ ക്രാപ് എന്ന തായ് വാക്കിന് താങ്ക് യു എന്നാണർത്ഥം )