Site iconSite icon Janayugom Online

മുങ്ങിയ കപ്പലിൽ നിന്നും നൂറോളം കണ്ടൈനറുകൾ കടലിൽ വീണു; കേരള തീരത്ത് പൂര്‍ണമായും ജാഗ്രത നിര്‍ദേശം (വീഡിയോ)

കൊച്ചിയിലെ മുങ്ങിയ കപ്പലിൽ നിന്നും നൂറോളം കണ്ടൈനറുകൾ കടലിൽ വീണു. ഇതിനെ തുടർന്ന് കേരള തീരത്ത് പൂര്‍ണമായും ജാഗ്രത നിര്‍ദേശം നൽകി.
സർക്കാർ ഉന്നതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കപ്പലിലെ ഇന്ധനമായ എണ്ണ ചോർന്നിട്ടുണ്ടെന്നും സർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു. കപ്പല്‍ മുങ്ങിയ ഭാഗത്തുനിന്നും 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ആരും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. തീരത്ത് അപൂര്‍വ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാല്‍ തൊടരുത്. ഇവയുടെ അടുത്ത് പോകരുത്. ഉടന്‍ വിവരം 112‑ല്‍ വിളിച്ച് അറിയിക്കണം. ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷനായ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ നേരിട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാൽ കേരള തീരത്ത് പൂർണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ പൂര്‍ണമായും മുങ്ങിയത്. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് കപ്പലിലെ കണ്ടെയ്‌നറുകള്‍ എത്താന്‍ കൂടുതല്‍ സാധ്യതയുള്ളത്. കണ്ടെയ്‌നറുകൾ കരയിൽ സുരക്ഷിതമായി മാറ്റാൻ രണ്ടു ടീമുകളെ തയാറാക്കി. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസ് ടീമുകളെയും തയാറാക്കി. ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണപ്പാടയ്ക്ക് മുകളില്‍ തളിക്കുന്നുണ്ട്. എണ്ണപ്പാട കൈകാര്യം ചെയ്യാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികൾ ആരംഭിച്ചു.

ഫോട്ടോ : വി എൻ കൃഷ്ണപ്രകാശ്

Exit mobile version